ഇന്നത്തെ ഇടിവൊന്നും നോക്കേണ്ട, കഴിഞ്ഞ വര്‍ഷം പിറന്നത് 53 റെക്കോഡുകള്‍, ഇനിയും ഉയരങ്ങളിലേക്ക് കണ്ണുവെച്ച് സ്വര്‍ണം

2025-ല്‍ സ്വര്‍ണം ഒരു വ്യാപാര ആസ്തിയില്‍ നിന്ന് ദീര്‍ഘകാല തന്ത്രപര നിക്ഷേപമായി മാറി. നിക്ഷേപകരും സര്‍ക്കാരുകളും ഒരുപോലെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ തുടര്‍ന്നേക്കുമെന്ന സൂചനയായും പറയുന്നു
gold bar
gold reserveCanva
Published on

2025 സ്വര്‍ണ വിപണിക്ക് ഒരു സാധാരണ വര്‍ഷമായിരുന്നില്ല. ആഗോള നിക്ഷേപ മനോഭാവത്തില്‍ വലിയൊരു മാറ്റം രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു അത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, 2025-ല്‍ സ്വര്‍ണവിലയില്‍ പിറന്നത് 53 സര്‍വകാല റെക്കോഡുകള്‍. ഇത് വെറും വിലക്കയറ്റമല്ല, സ്വര്‍ണത്തെ തന്ത്രപരമായ ആസ്തിയായി ലോകം വീണ്ടും സ്വീകരിക്കുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോള സ്വര്‍ണ ആവശ്യം 5,000 ടണ്‍ കടന്നു

ചരിത്രത്തില്‍ ആദ്യമായി 2025-ല്‍ ആഗോള സ്വര്‍ണ ആവശ്യം 5,000 മെട്രിക് ടണ്‍ കടന്നു. മൊത്തം ഡിമാന്‍ഡ് ഏകദേശം 5,002 ടണ്ണിലെത്തി. ഇതോടെ സ്വര്‍ണ വിപണിയുടെ ആകെ മൂല്യം ഏകദേശം 555 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വില ഉയര്‍ന്നിട്ടും ആവശ്യത്തില്‍ ഇടിവുണ്ടാകാതിരുന്നത് സ്വര്‍ണത്തിന്റെ സുരക്ഷിത ആസ്തി (safe haven) സ്വഭാവം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപകര്‍ ശക്തമായി തിരികെ വന്നു: 84% വളര്‍ച്ച

2025-ലെ ഏറ്റവും ശ്രദ്ധേയമായ കണക്ക് സ്വര്‍ണ നിക്ഷേപത്തില്‍ ഉണ്ടായ 84% വര്‍ധനയാണ്. ഗോള്‍ഡ് ETFകള്‍, ബാര്‍, നാണയങ്ങള്‍ എന്നിവയിലേക്കുള്ള നിക്ഷേപമാണ് ഈ കുതിപ്പിന് പിന്നില്‍. പ്രത്യേകിച്ച് ETFകളിലേക്ക് ശക്തമായ ഒഴുക്കാണ്. പണപ്പെരുപ്പ ഭയം, ആഗോള അനിശ്ചിതത്വങ്ങള്‍, കറന്‍സി മൂല്യത്തകര്‍ച്ച എന്നിവയാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് തിരിച്ചു നയിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജ്വല്ലറി ആവശ്യത്തില്‍ അളവ് കുറവ്, മൂല്യം നിലനില്‍ക്കുന്നു

വില റെക്കോര്‍ഡുകള്‍ തകര്‍ത്തതോടെ ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. ഇന്ത്യ, ചൈന തുടങ്ങിയ വിപണികളിലാണ് ഇത് കൂടുതല്‍ പ്രകടമായത്. എന്നാല്‍ ശ്രദ്ധേയമായ കാര്യം, സ്വര്‍ണാഭരണ ഡിമാന്‍ഡിന്റെ മൂല്യം വലിയ തോതില്‍ ഇടിയാതെ നിലനിന്നു എന്നതാണ്. ഉയര്‍ന്ന വിലയുണ്ടായിട്ടും ഉപഭോക്താക്കള്‍ സ്വര്‍ണാഭരണങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നില്ല.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നു

2025-ല്‍ സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലായെങ്കിലും, ചരിത്രപരമായി ഉയര്‍ന്ന നിലയില്‍ തന്നെയാണ്. ഏകദേശം 863 ടണ്‍ സ്വര്‍ണം സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങി. ഡോളര്‍ ആശ്രയത്വം കുറയ്ക്കാനും റിസര്‍വ് വിപുലീകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് തുടര്‍ച്ചയായ വാങ്ങലെന്നാണ് വിലയിരുത്തല്‍.

'വിലപിടിപ്പുള്ള ലോഹം' മാത്രമല്ല

ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കുന്ന വലിയ സന്ദേശം ഇതാണ്: 2025-ല്‍ സ്വര്‍ണം ഒരു വ്യാപാര ആസ്തിയില്‍ നിന്ന് ദീര്‍ഘകാല തന്ത്രപര നിക്ഷേപമായി മാറി. നിക്ഷേപകരും സര്‍ക്കാരുകളും ഒരുപോലെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ തുടര്‍ന്നേക്കുമെന്ന സൂചനയായും പറയുന്നു. 2026-ലും സ്വര്‍ണത്തിന്റെ പ്രാധാന്യം കുറയാനിടയില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ പൊതുവായ സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com