മിന്നി തിളങ്ങി മഞ്ഞലോഹത്തിന്റെ ഇറക്കുമതി

ഇന്ത്യയൂടെ സ്വര്‍ണ്ണം ഇറക്കുമതി മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞ വര്‍ഷം അതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 471 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചതും, മഞ്ഞ ലോഹത്തിന്റെ വിലയിടിവും ആഭ്യന്തര വിപണിയില്‍ ആഭരണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയതാണ് ഇറക്കുമതി ഉയരാനുള്ള കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മാര്‍ച്ചിലെ സ്വര്‍ണ്ണത്തിന്റെ മൊത്തം ഇറക്കുമതി മൂല്യം 8.4 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ അത് 1.23 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

മാര്‍ച്ചു മാസത്തില്‍ 161 ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യയുടെ ഇറക്കുമതിയെന്ന് പേരു വെളിപ്പെടുത്താത്ത കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേര്‍ഴ്‌സ് റിപോര്‍ട്ട് ചെയ്തു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്ത്ര രാജ്യമായ ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി സ്വര്‍ണ്ണവില പിടിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സ്വര്‍ണ്ണ വില ആഗോള വിപണിയില്‍ 17 ശതമാനം ഇടിവാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ ഇന്ത്യയുടെ മൊത്തം സ്വര്‍ണ്ണ ഇറക്കുമതി 321 ടണ്‍ ആയിരുന്നു. തലേ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി 124 ടണ്‍ മാത്രമായിരുന്നു.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്നും 10.75 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ കുറച്ചിരുന്നു. കള്ളക്കടത്ത് നിയന്ത്രിക്കുന്നതിനും, ആഭരണ വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇറക്കുമതി നികുതി കുറച്ചത്. ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി ഏപ്രിലില്‍ 100 ടണ്ണില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ കരുതുന്നു. കോവിഡിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള ആശങ്കകള്‍ ഒരിക്കല്‍ കൂടി അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുമെന്ന സൂചനകള്‍ കണക്കിലെടുത്താണ് ഇറക്കുമതിയില്‍ ഇടിവ് ഉണ്ടാവുകയെന്ന് അവര്‍ പറയുന്നു.
.


Related Articles
Next Story
Videos
Share it