സ്വര്‍ണാഭരണ ഡിമാന്‍ഡ് ഉയരുന്നു, സ്വര്‍ണ വ്യാപാരികളുടെ വരുമാനം 25% വര്‍ധിക്കും
സംഘടിത മേഖലയില്‍ സ്വര്‍ണാഭരണ വ്യാപാരികളുടെ വരുമാനം 2022 -23 ല്‍ 25% വരെ വര്‍ധിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. 2021 -22 ല്‍ കോവിഡ് തുടര്‍ന്നുണ്ടായ വിപണിയുടെ ഉണര്‍വില്‍ 36% വരുമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ അത് കോവിഡ് കാലത്തെ താഴ്ന്ന അടിത്തറയില്‍ നിന്നാണ് അത്രയും ഉയര്‍ച്ച സാധ്യമായത്. 2022 -23 ല്‍ 700 ടണ്‍ വരെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സാധ്യത ഉണ്ട്. വിവാഹ ആഘോഷവേളകളിലാണ് വില്‍പ്പന കൂടുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഡിമാന്‍ഡ് വര്‍ധിച്ചത് കൊണ്ട് വില്‍പ്പനയും വര്‍ധിക്കും എന്നാല്‍ 0.7 % വരെ മാര്‍ജിന്‍ ഇടിയാന്‍ സാധ്യത ഉണ്ട്. സംഘടിത മേഖലയില്‍ സ്വര്‍ണാഭരണ വ്യാപാര സ്ഥാപനങ്ങളുടെ വാര്‍ഷിക വരുമാനം 3.5 ലക്ഷം കോടി രൂപയാണ്. മൊത്തം വരുമാനത്തില്‍ 76 വലിയ സ്വര്‍ണാഭരണ വ്യാപാരികളുടെ വിഹിതം 33 ശതമാനമാണ്.
മൊത്തം സ്വര്‍ണാഭരണ വിപണിയുടെ മൂന്നില്‍ ഒന്ന് പങ്ക് സംഘടിത മേഖല കരസ്ഥമാക്കി കഴിഞ്ഞു. കടകളുടെ എണ്ണം കൂട്ടുന്നതും, മാര്‍ക്കറ്റിംഗ് ചെലവ് ഉയരുന്നതും മാര്‍ജിനില്‍ ഇടിവ് വരുത്തും. ജി എസ് ടി നടപ്പാക്കിയതും, ഹാള്‍മാര്‍കിംഗ് നിര്‍ബന്ധിതമാക്കിയതും സംഘടിത മേഖലയുടെ വളര്‍ച്ചക്ക് സഹായകരമായി.