സ്വര്‍ണം പണയം വെച്ചാല്‍ കൈയിലേക്ക് കൂടുതല്‍ തുക, ഒരു ലക്ഷത്തിന് ₹85,000 വരെ! ചില്ലറ വായ്പകള്‍ക്ക് നയം ഉദാരം, റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണിയില്‍ കുതിച്ചു കയറി സ്വര്‍ണവായ്പ കമ്പനികള്‍

ലോണ്‍ ടു വാല്യുവിലെ മാറ്റം കൂടാതെ സ്വര്‍ണ വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ചില ഇളവുകളും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു
RBI logo, Gold up
Image : Canva and RBI
Published on

റിസര്‍വ് ബാങ്ക് പുതിയ പണനയപ്രഖ്യാപനത്തില്‍ സ്വര്‍ണ പണയങ്ങളുടെ ലോണ്‍ ടു വാല്യു 85 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഇനി കൂടുതല്‍ തുക വായ്പയായി നേടാം. 2.5 ലക്ഷം രൂപയില്‍ താഴെയുള്ള സ്വര്‍ണ വായ്പകള്‍ക്കാണ് സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റ 85 ശതമാനം വരെ വായ്പ അനുവദിക്കുക. നേരത്തെ 75 ശതമാനം വരെയായിരുന്നു അനുവദിച്ചിരുന്നത്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (NBFC) വായ്പകളില്‍ കൂടുതല്‍ അയവുള്ള സമീപനമെടുക്കാന്‍ ഈ തീരുമാനം സഹായിക്കും

ഓഹരികളില്‍ ആവേശം

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം, ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍ എന്നിവയുടെ ഓഹരികള്‍ റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയര്‍ന്നു.

മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 5.42 ശതമാനം ഉയര്‍ന്ന് 247.30 രൂപയിലും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 7 ശതമാനത്തോളം ഉയര്‍ന്ന് 2,451 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്. ഐ.ഐ.എഫ്.എല്‍ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 449 രൂപയിലുമെത്തി.

എന്‍.ബി.എഫ്.സികള്‍ എല്‍.ടി.വി 75 ശതമാനമാക്കി ഏകീകരിക്കണമെന്നായിരുന്നു നേരത്തെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. പുതിയ നിര്‍ദേശം വന്നതോടെ ഈട് വയ്ക്കുന്ന സ്വര്‍ണത്തിന് കൂടുതല്‍ തുക വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.

ഉദാഹരണത്തിന് ഒരു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ നേരത്തെ 75,000 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ 85,000 രൂപ ലഭിക്കും. ഇത് വായ്പ വിതരണം ത്വരിതപ്പെടുത്താനും കൂടുതല്‍ വായപ്ക്കാരെ ആകര്‍ഷിക്കാനും ഒപ്പം സ്വര്‍ണ വായ്പാ കമ്പനികളുടെ വരുമാന വളര്‍ച്ച മെച്ചപ്പെടുത്താനും സഹായിക്കും.

ചെറിയ വായ്പകള്‍ക്ക് ആശ്വാസം

ചെറിയ മൂല്യമുള്ള സ്വര്‍ണ വായ്പകള്‍ അനുവദിക്കുമ്പോള്‍ വായ്പക്കാരുടെ വരുമാനം, തിരിച്ചടവ് ശേഷി, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവ വിലയിരുത്തേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. ചെറിയ വായ്പകള്‍ വേഗത്തിലാക്കാന്‍ ഇതു വഴി സാധിക്കും.

മുന്‍ഗണനാ മേഖലകളിലെ വായ്പകളാണെങ്കില്‍ മാത്രം (Priority Sector Lending /PSL) വായ്പ തുക എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് പരിശോധിച്ചാല്‍ മതിയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കൃഷി, എം.എസ്.എം.ഇ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് പി.എസ്.എല്‍ അനുവദിക്കുന്നത്.

എന്‍.ബി.എഫ്.സികള്‍ക്കുള്ള സ്വര്‍ണ വായ്പാ നിര്‍ദേശങ്ങള്‍ ഇന്ന് തന്നെയോ അല്ലെങ്കില്‍ തിങ്കളാഴ്ചയോ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

വായ്പ ഇ.എം.ഐയിലും കുറവ്

റിസര്‍വ് ബാങ്ക് ഇന്ന് നടത്തിയ പണനയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്കുകള്‍ അര ശതമാനം കുറച്ച് 5.50 ശതമാനമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നുത്. ഇതു കൂടാതെ കരുതല്‍ ധനാനുപാതത്തില്‍ 100 ബേസിസ് പോയിന്റിന്റെ കുറവും വരുത്തിയിട്ടുണ്ട്.

റിപ്പോ നിരക്ക് കുറച്ചത് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നിവയുടെയെല്ലാം പലിശ നിരക്ക് കുറയാനിടയാക്കും. മൊത്തം പലിശ തിരിച്ചടവിലും ഇ.എം.ഐയിലും കുറവു വരാന്‍ ഇത് സഹായിക്കും. 20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ ഭവന വായ്പ എടുത്ത ഒരാള്‍ക്ക് ഇ.എം.ഐയില്‍ 1,500 രൂപയോളം കുറവാണ് ഇതുവഴി ലഭിക്കുക. ഫെബ്രുവരി മുതല്‍ പലിശ നിരക്കില്‍ മൊത്തം ഒരു ശതമാനം ഇളവാണ് ഉണ്ടായിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com