

ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണവില രാജ്യത്ത് സർവകാല റെക്കോർഡിലേക്ക് ഉയർന്നതോടെ ഇന്ത്യയിലെ പ്രമുഖ സ്വർണ വായ്പാ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയിലും വലിയ കുതിച്ചുചാട്ടം. ഇന്ന് വ്യാപാരത്തിനിടെ സ്വർണ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ 6 ശതമാനം വരെ ഉയരുകയും പലതും 52 ആഴ്ചയിലെ (ഒരു വര്‍ഷം) ഏറ്റവും ഉയർന്ന നിലവാരത്തിലെത്തുകയും ചെയ്തു.
മണപ്പുറം ഫിനാൻസിൻ്റെ ഓഹരി വില 7 ശതമാനം വർധിച്ച് 315 രൂപയിലെത്തി പുതിയ റെക്കോർഡ് കുറിച്ചു. ഐഐഎഫ്എൽ (IIFL) ഫിനാൻസ് ഓഹരികൾ ഇന്‍ട്രാഡേയില്‍ 5 ശതമാനത്തിലധികം ഉയർന്ന് 603 രൂപയിലും മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 2 ശതമാനത്തിലധികം വർധിച്ച് 3,890 രൂപയിലുമെത്തി.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ഫെബ്രുവരിയിലെ സ്വർണ ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 1,38,676 രൂപ എന്ന ചരിത്രപരമായ നിരക്കിലെത്തി. ഏപ്രിൽ, ജൂൺ മാസങ്ങളിലെ ഫ്യൂച്ചേഴ്സ് വില യഥാക്രമം 1,42,125 രൂപയായും 1,45,579 രൂപയായും ഉയർന്ന് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വർണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ. വെനിസ്വേലയുമായി ബന്ധപ്പെട്ട തർക്കങ്ങളും കരീബിയൻ മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചു.
സ്വർണവില വർദ്ധിക്കുന്നത് സ്വർണ വായ്പാ കമ്പനികൾക്ക് ഏറെ ഗുണകരമാണ്. വായ്പ നൽകുന്ന സമയത്ത് ഈടായി സ്വീകരിക്കുന്ന സ്വർണത്തിൻ്റെ മൂല്യം വർദ്ധിക്കുന്നത് വഴി വായ്പാ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഈടിൻ്റെ സുരക്ഷ കൂടുന്നു. ഇത് വായ്പ തിരിച്ചടയ്ക്കുന്നതിലെ വീഴ്ച മൂലമുണ്ടാകുന്ന റിസ്ക് കുറയ്ക്കാൻ ഈ സ്ഥാപനങ്ങളെ സഹായിക്കുന്നു. സ്വർണം തിളങ്ങുമ്പോൾ അതിനൊപ്പം തന്നെ വായ്പാ വിപണിയിലെ പ്രധാന കമ്പനികളും വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്.
Rising gold prices pushed Manappuram Finance and other gold loan stocks to highs amid strong market momentum.
Read DhanamOnline in English
Subscribe to Dhanam Magazine