രണ്ടിന്റെയും വില മാനംമുട്ടി; ഇനി സ്വർണമോ വെള്ളിയോ കൂടുതൽ സുരക്ഷിതം?

നിലവിലെ സാഹചര്യത്തിൽ വെള്ളിയേക്കാൾ സ്വർണമാകും മികച്ച നിക്ഷേപമെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറയുന്നത്.
Gold and silver
Canva
Published on

വിപണിയിൽ സ്വർണത്തിന്റേയും വെള്ളിയുടെയും വില സമീപകാലത്ത് കുതിച്ചുയർന്നിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തെ ഇരു ലോഹങ്ങളുടെയും നേട്ടക്കണക്കുകൾ താരതമ്യം ചെയ്തു നോക്കിയാൽ സ്വർണം 80 ശതമാനം വർധനയും വെള്ളി 200 ശതമാനത്തിലേറെ മുന്നേറ്റവും കൈവരിച്ചതായി കാണാം. അടിക്കടി വിപണി വിലയിലുണ്ടാകുന്ന വൻ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണത്തിലാണോ വെള്ളിയിലാണോ ഇനി നിക്ഷേപം നടത്തേണ്ടതെന്ന സംശയം നിക്ഷേപകർക്ക് മുന്നിൽ വലിയൊരു കീറാമുട്ടിയായി മാറിയിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സമീപ ഭാവിയിലേക്ക് വെള്ളിയേക്കാൾ സ്വർണമാകും മികച്ച നിക്ഷേപമെന്നാണ് പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറയുന്നത്. കഴിഞ്ഞ ദിവസം ഇവർ പുറത്തിറക്കിയ കമോഡിറ്റി റിസർച്ച് റിപ്പോർട്ടിൽ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം സമർത്ഥിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.

റിസ്ക് - റിവാർഡ് അനുപാതം മാറിമറിഞ്ഞു

കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിയുടെ വില രണ്ട് മടങ്ങിലധികം വർധിച്ചതോടെ സ്വർണവിലയും വെള്ളി വിലയും തമ്മിലുള്ള അനുപാതമായ ​ഗോൾഡ് സിൽവർ റേഷ്യോ ഇപ്പോൾ ചുരുങ്ങിപ്പോയി (ഒരു ഔൺസ് സ്വർണത്തിന്റെ വിലയ്ക്ക് എത്ര ഔൺസ് വെള്ളി വാങ്ങാൻ കഴിയുമെന്ന അനുപാതമാണ് ഗോൾഡ് സിൽവർ റേഷ്യോ). കോവിഡ് കാലത്ത് ഗോൾഡ് സിൽവർ റേഷ്യോ 127 നിലവാരത്തിലായിരുന്നത് ഇപ്പോൾ 50 നിലവാരത്തിലേക്ക് താഴ്ന്നു. ഇതിന്റെ ദീർഘകാല ശരാശരി നിലവാരം 70-ന് സമീപമാണുള്ളത്.

അതിനാൽ സാമ്പത്തിക ശാസ്ത്രത്തിലെ മീൻ റിവേർഷൻ (Mean Reversion) സിദ്ധാന്തം അനുസരിച്ച് നോക്കിയാൽ ​ഗോൾഡ് സിൽവർ റേഷ്യോ ഇപ്പോഴത്തെ 50-ൽ നിന്നും 70-ലേക്ക് മാറാനുള്ള സാധ്യതയുണ്ട്. ചെറിയ കാലയളവിനിടെ വെള്ളി വില 200 ശതമാനം വർധന കൈവരിച്ച സാ​ഹചര്യത്തിൽ പ്രത്യേകിച്ചും. ചുരുക്കത്തിൽ നിലവിലെ റിസ്കിന് ആനുപാതികമായി ലഭിക്കാൻ സാധ്യതയുള്ള ആദായം (റിസ്ക് റിവാർഡ് റേഷ്യോ) അടിസ്ഥാനമാക്കിയാൽ ഹ്രസ്വകാലത്തേക്ക് വെള്ളിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യത സ്വർണമെന്നാണ് മോത്തിലാൽ ഓസ്വാളിന്റെ റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

സ്വർണമാകും താരതമ്യേന സുരക്ഷിതമെന്ന് വിശകലനം

ചുരുങ്ങിയ കാലയളവിനിടെ വെള്ളി വിലയിൽ വൻ മുന്നറ്റമുണ്ടായതോടെ മൂല്യമതിപ്പ് (വാല്യൂവേഷൻ) അധികരിച്ച നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്. 2026-ന്റെ തുടക്കത്തിൽ ആ​ഗോള തലത്തിൽ സിൽവൽ ഇടിഎഫുകളിൽ നിന്നും 30 ലക്ഷം ഔൺസിന്റെ ഫണ്ട് പുറത്തേക്ക് പോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആ​ഗോള ​ഗോൾഡ് ഇടിഎഫുകളിലേക്ക് പുതിയ നിക്ഷേപം സ്ഥിരതയാർന്ന നിലയിൽ ഒഴുകിയെത്തുന്നുമുണ്ട്. ഇത് മുന്നോട്ട് നിക്ഷേപത്തിന്മേലുള്ള സുരക്ഷിതത്വം കൂടി കണക്കിലെടുത്തുള്ള മാറ്റമാണെന്നും മോത്തിലാൽ ഓസ്വാളിന്റെ റിസർച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ആഗോള ഘടകങ്ങൾ അനുകൂലം

യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ പശ്ചിമേഷ്യ കൂടുതല്‍ കലുഷിതം. വെനസ്വേല, ഗ്രീന്‍ലാന്‍ഡ് കാര്യങ്ങളില്‍ ട്രംപിന്റെ നീക്കങ്ങള്‍ അപ്രതീക്ഷിതം. കറന്‍സികളില്‍ ചാഞ്ചാട്ടം. ഇത്തരം ആഗോള സാഹചര്യങ്ങള്‍ സ്വര്‍ണത്തിന് അനുകൂലം. കൂടാതെ ട്രംപ് താരിഫ്, ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ എന്നിവയാല്‍ യു.എസ് സമ്പദ്‌രംഗം മാന്ദ്യഭീഷണിയില്‍. അത് വ്യാവസായിക മേഖലയില്‍ പ്രധാനമായ വെള്ളിയില്‍ സമ്മര്‍ദം കൂട്ടും. ഈ സാഹചര്യങ്ങളില്‍ ഹ്രസ്വകാലത്തേക്ക് സ്വര്‍ണം കൂടുതല്‍ സുരക്ഷിതം -മോത്തിലാല്‍ ഓസ്വാളിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com