ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് സ്വര്‍ണവില; അടുത്ത കാലത്തെ ഏറ്റവും വലിയ ഇടിവ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വില ഒറ്റയടിയ്ക്ക് 1200 രൂപ കുറഞ്ഞ് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37680 രൂപയാണ് വില. ഒരു ഗ്രാമിന് 4710 രൂപയാണ് നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്നത്തേത്. കഴിഞ്ഞ രണ്ടര മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്നലെ കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടന്നത്. പവന് 38,880 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. ഇതാണ് ഒറ്റയടിക്ക് താഴ്ന്നിട്ടുള്ളത്. വിലക്കുറവ് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയിലും പ്രതിഫലിച്ചിട്ടുള്ളതായി പ്രമുഖ സ്വര്‍ണ വ്യാപാരികളായ മലബാര്‍ ഗോള്‍ഡ് കൊച്ചി സെയ്ല്‍സ് ടീം പറയുന്നു.
ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ സെഷനില്‍ കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1 ശതമാനം ഉയര്‍ന്ന് 50,219 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 2 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 62116 രൂപയുമാണ്. കഴിഞ്ഞ സെഷനില്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 2,500 രൂപ ഇടിഞ്ഞപ്പോള്‍ വെള്ളി കിലോഗ്രാമിന് 4,600 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലും ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നു. 5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയ സ്പോട്ട് സ്വര്‍ണ വില 0.5 ശതമാനം ഉയര്‍ന്ന് 1,871.81 ഡോളറിലെത്തി. യുഎസ് മരുന്ന് നിര്‍മ്മാതാക്കളായ ഫൈസര്‍ ഇങ്ക് അതിന്റെ പരീക്ഷണാത്മക കൊവിഡ്-19 വാക്‌സിന്‍ 90% ത്തിലധികം ഫലപ്രദമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണ വിലയിലും പ്രകടമായ മാറ്റങ്ങള്‍ വന്നത്. വെള്ളി വില ഇന്ന് ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 24.10 ഡോളറിലെത്തി. പ്ലാറ്റിനം വില 0.2 ശതമാനം ഉയര്‍ന്ന് 868.30 ഡോളറിലെത്തി.