സ്വര്‍ണം: 10 ഗ്രാമിന് നാല് മാസത്തില്‍ കുറഞ്ഞത് 5000 രൂപയോളം

കേരളത്തില്‍ ശനിയാഴ്ച 400 രൂപയോളം വര്‍ധിച്ച സ്വര്‍ണവില ഇന്നലെയും ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ 8 ഗ്രാം സ്വര്‍ണവില ഇതോടെ 37,520 രൂപ തന്നെയാണ്. കഴിഞ്ഞ രണ്ട് മാസത്തെ താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. ആഗോള വിപണിയിലെ ദുര്‍ബലമായ പ്രവണതയെ തുടര്‍ന്ന് ദേശീയ വിപണികളിലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു.

എംസിഎക്സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 50,622 രൂപയായി കുറഞ്ഞപ്പോള്‍ വെള്ളി കിലോയ്ക്ക് 0.5 ശതമാനം ഇടിഞ്ഞ് 54,865 രൂപയായി. മാര്‍ച്ച് പകുതിയോടെ സ്വര്‍ണം 10 ഗ്രാമിന് 55,200 രൂപയില്‍ എത്തിയിരുന്നു. 5000 രൂപയോളമാണ് ദേശീയ വിപണിയില്‍ സ്വര്‍ണം കണ്ടത്.
ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,725.17 ഡോളറിനടുത്ത് സ്ഥിരത നിലനിര്‍ത്തി. ഈ ആഴ്ച, ബുധനാഴ്ച അവസാനിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ രണ്ട് ദിവസത്തെ നയ യോഗത്തിലാണ് വ്യാപാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപണി നിരീക്ഷകര്‍ 75 ബിപിഎസ് നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
മറ്റ് വിലയേറിയ ലോഹങ്ങളില്‍, സ്പോട്ട് സില്‍വര്‍ ഔണ്‍സിന് 18.58 ഡോളറിലും പ്ലാറ്റിനം 0.2% കുറഞ്ഞ് 871.43 ഡോളറിലും പലേഡിയം 1.5% ഇടിഞ്ഞ് 2,001.62 ഡോളറിലും എത്തി. ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യം ഔണ്‍സിന് 2,000ഡോളറിന് മുകളില്‍ ഉയര്‍ന്നതിന് ശേഷം,ഫെഡ് നിരക്ക് വര്‍ദ്ധനയ്ക്കും ഡോളര്‍ ശക്തമായി തുടര്‍ന്നതിനാലും സ്വര്‍ണം 250 ഡോളറില്‍ കൂടുതല്‍ അല്ലെങ്കില്‍ 12ശതമാനത്തോളം തിരുത്തല്‍ നടത്തി.
കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,690 രൂപയാണ്. സംസ്ഥാനത്ത് ഈ മാസം ആദ്യം 38,280 രൂപയില്‍ വ്യാപാരം ആരംഭിച്ച ഒരു പവന്‍ സ്വര്‍ണം ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവില്‍ 37,520 രൂപ വരെ എത്തി നില്‍ക്കുന്നു. ജൂലൈ 16-18 തായതികളില്‍ പവന് 36,960 രൂപയെന്ന നിരക്കായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ശനിയാഴ്ച 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3875 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it