സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്

ആഭരണ പ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന വിലയാണ് ഇന്ന് നേരിയ തോതില്‍ കുറഞ്ഞത്.

പവന് 80 രൂപ കുറഞ്ഞ് വില 44,040 രൂപയായി. 10 രൂപ താഴ്ന്ന് 5,505 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 4,553 രൂപ; ഇന്ന് കുറഞ്ഞത് 5 രൂപ.
രാജ്യാന്തര വിലയും താഴോട്ടുള്ള ട്രെന്‍ഡാണ് കാണിക്കുന്നത്. നിലവില്‍ വിലയുള്ളത് ഔണ്‍സിന് 3.85 ഡോളര്‍ കുറഞ്ഞ് 1,932.95 ഡോളറില്‍.
വെള്ളിക്ക് മാറ്റമില്ല
ഇന്ന് വെള്ളി വില മാറിയില്ല. സാധാരണ വെള്ളിക്ക് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.
പൊന്നിന് ഇന്ന് എന്ത് നല്‍കണം?
ഇന്ന് പവന്‍ വില 44,040 രൂപയാണ്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, 45 രൂപ ഹോള്‍മാര്‍ക്ക് നിരക്ക് എന്നിവ ചേര്‍ന്നാല്‍ ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത് 47,700 രൂപയാണ്. ഒരു ഗ്രാം ആഭരണത്തിന് 5,960 രൂപയും. അതായത്, പവന് വിപണി വിലയേക്കാള്‍ 3,660 രൂപ കൂടുതല്‍ നല്‍കണം; ഗ്രാമിന് 458 രൂപയും.
വില എങ്ങോട്ട്?
അമേരിക്കന്‍ ഡോളര്‍, അമേരിക്കന്‍ ട്രഷറി യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം) എന്നിവ ഉയരുന്നതാണ് നിലവില്‍ സ്വര്‍ണ വില താഴേക്കിറങ്ങാന്‍ വഴിയൊരുക്കുന്നത്. പണപ്പെരുപ്പം പിന്നെയും ആശങ്കപ്പെടുത്തുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടാനിടയുണ്ട്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിപ്പെടാനിടയാക്കും; യീല്‍ഡും ഉയരും. നിക്ഷേപകര്‍ ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപം മാറ്റുമെന്നതിനാല്‍ സ്വര്‍ണ വില താഴേക്കും നീങ്ങും.

Related Articles

Next Story

Videos

Share it