സ്വര്‍ണത്തിന് ദിവസവും പുതിയ റെക്കോഡ്; ഓഹരിയില്‍ ഇടിവ്; നിക്ഷേപകര്‍ എന്തു ചെയ്യണം, ഓഹരി വിറ്റ് സ്വര്‍ണം വാങ്ങണോ?

കഴിഞ്ഞ രണ്ട് വ‌ർഷമായി ബിഎസ്ഇ സെൻസെക്സ് സൂചിക 9 ശതമാനത്തിൽ താഴെ മാത്രം നേട്ടം കരസ്ഥമാക്കിയപ്പോൾ സ്വർണത്തിന്റെ വിലയാകട്ടെ ഇരട്ടിയായി. ഓഹരി വിറ്റഴിച്ചും സ്വർണം വാങ്ങുന്നത് എത്രത്തോളം ശരിയാകും? വിശദമായി പരിശോധിക്കാം.
gold ring
gold making chargecanva
Published on

കോവിഡിനു ശേഷം 2024 സെപ്റ്റംബർ വരെയുള്ള കാലയളവിനിടെ ഇന്ത്യൻ വിപണി വമ്പൻ കുതിപ്പ് കാഴ്ചവെച്ചതോടെ, മുഖ്യ അടിസ്ഥാന ഓഹരി സൂചികളിലൊന്നായ ബിഎസ്ഇ സെൻസെക്സ് ഒരു ലക്ഷം പോയിന്റ് എന്ന നാഴികക്കല്ല് അധികം വൈകാതെ തന്നെ മറികടക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ 2025-ഉം പിന്നിട്ട് 2026-ലേക്ക് കടന്നിട്ടും സെൻസെക്സ് 87,000 നിലവാരം മറികടന്നിട്ടില്ല. അതേസമയം മറുവശത്ത് സ്വർണമാകട്ടെ കഴിഞ്ഞ രണ്ട് വർഷമായി സ്വപ്നക്കുതിപ്പ് തുടരുകയാണ്.

2024 കലണ്ടർ വർഷത്തിൽ സ്വർണം 20 ശതമാനത്തിലേറ വർധന കൈവരിച്ചപ്പോൾ സെൻസെക്സ് ആകട്ടെ 9 ശതമാനത്തിൽ താഴെ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 2025-ൽ സ്വർണവില 70 ശതമാനത്തോളം കുതിച്ചുയർന്നപ്പോൾ പ്രധാനപ്പെട്ട ഇന്ത്യൻ ഓഹരി സൂചികകൾക്ക് 9 ശതമാനത്തിൽ താഴെ മാത്രമാണ് മുന്നേറ്റം രേഖപ്പെടുത്താനായത്. ആവർത്തിച്ചുള്ള രണ്ട് വർഷങ്ങളിൽ ഓഹരി വിപണിയിൽ നിന്നുള്ളതിനേക്കാൾ നേട്ടം നൽകാൻ സ്വർണത്തിന് സാധിച്ചതോടെ നിക്ഷേപകർക്കിടയിൽ നിന്നും ഉയർന്നുവരുന്ന ചോദ്യമാണ് ഓഹരികൾ വിറ്റും സ്വർണം വാങ്ങാനുള്ള സമയമാണോ ഇത്? വിശദമായി നോക്കാം.

സ്വർണം കുതിപ്പ് തുടരുമോ?

എംസിഎക്സിൽ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2024 ജൂലൈയിൽ 71,000 രൂപ നിലവാരത്തിൽ നിന്നിരുന്ന 10 ​ഗ്രാം തനിത്തങ്കത്തിന്റെ (24 കാരറ്റ് സ്വർണം) വില ഇന്ന് രാവിലെ 1.47 ലക്ഷം രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് ഒന്നര വർഷത്തിനിടെ സ്വർണത്തിൽ 107 ശതമാനം വർധന കുറിച്ചു. നിലവിൽ പ്രകടമാകുന്ന ശക്തമായ കുതിപ്പ് (മൊമന്റം) കാരണം ഹ്രസ്വകാലയളവിലേക്ക് കൂടി സ്വർണ വില ഉയരാനുള്ള സാഹചര്യം തെളിഞ്ഞുകാണാം. എന്നാൽ നിർണായകമായ ചോദ്യം 2026-നു ശേഷവും സ്വർണത്തിൽ ഇന്ന് കാണുന്ന മുന്നേറ്റം നിലനിൽക്കുമോ എന്നതാണ്.

ഇതിനകം പല പ്രമുഖ വിദ​ഗ്ധരും നടത്തിയ പ്രവചനങ്ങൾ പാളിപ്പോയ സ്ഥിതിക്ക് അടുത്ത വർഷങ്ങളിൽ സ്വർണത്തിന് എന്ത് സംഭവിക്കുമെന്ന പ്രവചനം നടത്തുന്നതിനേക്കാൾ വില ഉയരാൻ സഹായിക്കുന്ന ഘടകങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതാകും കൂടുതൽ യുക്തിസഹം. അതായത് സ്വർണത്തിന്റെ മുന്നേറ്റത്തിന് ഇപ്പോൾ പശ്ചാത്തലമൊരുക്കുന്ന പ്രധാന ഘടകങ്ങൾക്ക് ഭാവിയിൽ എത്രത്തോളം പ്രാധാന്യം നിലനിൽക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും സ്വർണത്തിന്റെ തുടർ മുന്നേറ്റം നിശ്ചയിക്കപ്പെടുക എന്ന് സാരം.

എന്താണ് നിലവിലെ കുതിപ്പിന് കാരണം?

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് സമീപകാലത്ത് സ്വർണത്തിന്റെ വമ്പൻ കുതിപ്പിനുള്ള കളമൊരുക്കിയത്. ഒന്നാമതായി യുഎസ് വ്യാപാര നയങ്ങളിലെ കടുത്ത അനിശ്ചിതത്വം, രണ്ടാമതായി ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ, മൂന്നാമതായി താത്കാലിക നേട്ടം ലക്ഷ്യമിട്ടുള്ള ഊഹക്കച്ചവടക്കാരും ഇപ്പോൾ ഇല്ലെങ്കിൽ ഇനി കിട്ടില്ലെന്ന ആശങ്കയോടെ വാങ്ങുന്ന ഒരുകൂട്ടം നിക്ഷേപകരും ചേർന്ന ത്രയങ്ങളാണ് സ്വർണ വിലയിൽ സമീപകാലത്ത് വൻ മുന്നേറ്റത്തിന് വഴിതെളിച്ചത്.

ഇതിൽ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറിലെ അനിശ്ചിതത്വവും ഉയർന്ന ട്രംപ് താരിഫും കാരണം 2026 കാലയളവിൽ യുഎസ് സമ്പദ്ഘടന തളർച്ച നേരിടാമെന്ന നി​ഗമനം ശക്തമാണ്. ഇത് സ്വർണ വില ഉയർന്നു നിൽക്കാൻ സഹായിക്കുന്ന ഘടകമാണ്. കാരണം മൂലധന വിപണിക്ക് അനിശ്ചിതത്വം എന്ന സ്ഥിതിവിശേഷം പഥ്യമല്ല. അതിനാൽ സുരക്ഷിത നിക്ഷേപം എന്ന സൽപ്പേര് സ്വർണത്തിന് തുണയാകും. അതുപോലെ ജിയോപൊളിറ്റിക്കൽ ഘടകങ്ങൾ നോക്കിയാൽ യെമനും പലസ്തിനും ഇസ്രായേലും ഉൾപ്പെടുന്ന പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ ​ഭാ​വി​ഗതി സ്വർണത്തിന് നിർണായകമാണ്. കൂടാതെ വെനസ്വേല, ​ഗ്രീൻലാൻഡ് വിഷയങ്ങൾ യുഎസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഭാവി സ്വർണ വിലയെ സ്വാധീനിക്കാവുന്ന മറ്റൊരു സുപ്രധാന ഘടകമാണ്.

ഓഹരി വിറ്റും സ്വർണം വാങ്ങണോ?

താരതമ്യേന ചെറിയ കാലയളവിനിടെ സ്വർണ വിലയിൽ വമ്പൻ മാറ്റങ്ങളുണ്ടായി എന്നതുകൊണ്ട് മാത്രം നിർദിഷ്ട സാമ്പത്തിക ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരുവപ്പെടുത്തിയ പോർട്ട്ഫോളിയോ പൂർണമായും അഴിച്ചുപണിയുന്നതിൽ കാര്യമില്ല. നിലവിൽ സ്വർണത്തിന് കുതിപ്പേകുന്ന ഘടകങ്ങളുടെ പ്രാധാന്യം കുറഞ്ഞാൽത്തന്നെ, പ്രത്യേകിച്ച് ക്യാഷ് ഫ്ലോ ഇല്ലാത്തതും വരുമാന വളർച്ച ഇല്ലാത്തതും അന്തർലീന മൂല്യത്തിന്റെ വർധനയുടെ അഭാവവുമുള്ള സ്വർണത്തിന്റെ വിപണി വിലയിലും സ്വാഭാവികമായ തിരുത്തൽ നേരിടാം.

അതേസമയം കയറ്റിറക്കങ്ങൾ നിറഞ്ഞതെങ്കിലും വളരെ ദീർഘമായ കാലയളവിൽ പണപ്പെരുപ്പത്തെ വെല്ലുന്ന നേട്ടം നൽകാനുള്ള ഓഹരി വിപണിയുടെ ശേഷി പലകുറി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അടിസ്ഥാനപരമായി ശക്തവും ഭദ്രവുമായ ഓഹരികൾ കാലക്രമേണ മുന്നേറുന്നതാണ് ചരിത്രം. അതിനാൽ സ്വർണത്തെ ഓഹരിയുടെ ബദൽമാ‌ർ​ഗമായി കണക്കാക്കരുത്. പോർട്ട്ഫോളിയോയുടെ 5 മുതൽ 10 ശതമാനം വരെ വിഹിതം സ്വർണത്തിൽ നിലനിർത്തുന്നതാകും ഉചിതമെന്നാണ് സാമ്പത്തിക മേഖലയിലെ വിദ​ഗ്ധരും അഭിപ്രായപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com