കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും വലിയ പ്രതിമാസ ഇടിവില്‍ സ്വര്‍ണം

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില താഴേക്ക്. തിങ്കളാഴ്ച പവന് 240 രൂപ ഇടിഞ്ഞ് ഇക്കഴിഞ്ഞ നാലുമാസ കാലയളവിലെ ഏറ്റവും വലിയ ഇടിവിലേക്കെത്തി. തിങ്കളാഴ്ചത്തെ ഇടിവിലെത്തുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപയും ഒരു പവന് 35760 രൂപയുമായി. 2020 ജൂണ്‍ മാസത്തിലാണ് സ്വര്‍ണ വില ഇതിലും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയിട്ടുള്ളത്.

പവന് വില 36,000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങള്‍ക്ക് ശേഷമാണ്. അതേ സമയം സ്വര്‍ണം കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി 36000ത്തിനാണ് വ്യാപാരം നടന്നിരുന്നത്.

നവംബര്‍ ഒന്‍പതിന്് സ്വര്‍ണ വില പവന് ഏറ്റവും ഉയര്‍ന്ന നിരക്കായ 38,880 രൂപയിലെത്തിയിരുന്നു. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വിലയില്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പവന് 3120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ ഇടിവുണ്ടായിട്ടുള്ളത് ആഗോള വിപണിയിലാണ്.

2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവിനാണ് ഈ മാസം ആഗോള വിപണി സാക്ഷ്യം വഹിച്ചത്. അതാണ് ആഭ്യന്തര സ്വര്‍ണവിപണിയിലും പ്രകടമായത്. ഇന്നും ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില താഴേക്ക് തന്നെ. സ്പോട്ട് സ്വര്‍ണ വില 1.2 ശതമാനം ഇടിഞ്ഞ് 1,766.26 ഡോളറിലെത്തി. നവംബറില്‍ മാത്രം സ്വര്‍ണം ഏകദേശം 6% വരെയാണ് ആഗോള വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. മറ്റ് മൂല്യമേറിയ ലോഹങ്ങളില്‍ ഇന്ന് വെള്ളി വില ഔണ്‍സിന് 3.2 ശതമാനം ഇടിഞ്ഞ് 21.96 ഡോളറിലെത്തി. പ്ലാറ്റിനം 0.9 ശതമാനം ഇടിവോടെ 954.64 ഡോളറിലും പല്ലേഡിയം വില 0.4 ശതമാനം ഇടിഞ്ഞ് 2,416.22 ഡോളറിലും എത്തി.

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് വൈകിട്ട് അഞ്ച് വരെ വ്യാപാരം നടക്കില്ല. എന്നാല്‍ കഴിഞ്ഞ എംസിഎക്‌സ് സ്വര്‍ണം ഫ്യൂച്ചേഴ്‌സ് വെള്ളിയാഴ്ച 10 ഗ്രാമിന് 0.85% ഇടിഞ്ഞ് 48106 രൂപ വരെ കുറഞ്ഞിരുന്നു. വെള്ളി ഫ്യൂച്ചേഴ്‌സ് കിലോയ്ക്ക് 1.3% ഇടിവ് രേഖപ്പെടുത്തി 59100 രൂപയായി കുറഞ്ഞു. ഓഗസ്റ്റില്‍ റെക്കോര്‍ഡ് വിലയായ 56,200 രൂപ വരെ രേഖപ്പെടുത്തിയ സ്വര്‍ണവിലയാണ് 8,000 രൂപയോളം കുത്തനെ ഇടിഞ്ഞത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it