കോവിഡ് രണ്ടാം തരംഗം; സ്വര്‍ണത്തിന് എന്ത് സംഭവിക്കും?

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബുധനാഴ്ച പവന്റെ വില 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ദേശീയ വിപണിയില്‍ അഞ്ചാം ദിവസമാണ് വില കുറയുന്നത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.32ശതമാനം കുറഞ്ഞ് 47,151 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ചയില്‍, രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരമായ 48,400 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലയിടിയുന്ന പ്രവണതയാണ് കാണുന്നത്.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,767.76 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറി ആദായം 1.6 ശതമാനമായി വര്‍ധിച്ചതും ഡോളര്‍ സൂചിക കരുത്തുകാട്ടിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു. ഈ അവസരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്കറിയേണ്ടത് ഇനി സ്വര്‍ണവില ഉയരുമോ അതോ താഴുമോ എന്നതാണ്. കുടുംബങ്ങള്‍ക്കറിയേണ്ടത് സ്വര്‍ണം ഇപ്പോള്‍ വാങ്ങിവയ്ക്കണോ അതോ കാത്തിരിക്കണോ എന്നതാണ്.
വലിയ ഉയര്‍ച്ച വരില്ല
കഴിഞ്ഞ കോവിഡ് തംരംഗത്തിന്റെ തുടക്കം മുതലാണ് സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയും രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയില്‍ 1400 ഡോളറായിരുന്ന സ്‌പോട്ട് സ്വര്‍ണവില കോവിഡ് രൂക്ഷമായ ആറുമാസം കൊണ്ട് 2020 ല്‍ 2000 ഡോളര്‍ വരെ പിന്നിട്ടു. ഒരു വര്‍ഷം കൊണ്ട് 80 ഡോളറിന്റെ വ്യത്യാസമൊക്കെ സംഭവിക്കാവുന്നിടത്തായിരുന്നു ഈ കീഴ്‌മേല്‍ മറിയല്‍. 40 ശതമാനത്തോളമായിരുന്നു അപ്രീസിയേഷന്‍. ഇന്നത് 1770 ഓളമായി എത്തി നില്‍ക്കുന്നു.
എന്നാല്‍ കോവിഡ് പ്രതിസന്ധി രണ്ടാം തരംഗത്തില്‍ അതി രൂക്ഷമായിട്ടും വിലയില്‍ വലിയൊരു കുതിച്ചു ചാട്ടം ഉണ്ടായില്ല. സാധാരണ നിലയിലുള്ള നേരിയ ചാഞ്ചാട്ടങ്ങളിലൂടെയാണ് ഈ മഞ്ഞ ലോഹവും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ലോകരാജ്യങ്ങളെല്ലാം തന്നെ കറന്‍സി കൂടുതലായി പ്രിന്റ് ചെയ്തു. ലോകം തന്നെ ആദ്യം നേരിട്ട കോവിഡ് ഭീതി എന്ന നിലയ്ക്ക് ഉണ്ടായ ആശങ്കയും വിപണിയെ അന്ന് ബാധിച്ചു.
വാക്‌സിനെക്കുറിച്ചോ വൈറസിന്റെ മറ്റു കാര്യങ്ങളെക്കുറിച്ചോ ആളുകള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ വാക്‌സിന്‍ വന്നപ്പോള്‍ ആളുകള്‍ക്ക് വീണ്ടും നിക്ഷേപങ്ങളെക്കുറിച്ചുള്ള ആശങ്കയും കുറഞ്ഞു. സ്വര്‍ണത്തില്‍ അധികം നിക്ഷേപിക്കേണ്ടതില്ല എന്ന ധാരണയും ഉണ്ടായി. വിവിധ നിക്ഷേപ മാര്‍ഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് ശക്തി കുറഞ്ഞുവരികയാണ്. ലോക്ഡൗണുകളും കുറഞ്ഞു. ഇന്ത്യയിലും കോവിഡ് തരംഗം ശക്തികുറയുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിലും 1800 വരെ പരമാവധി പോയേക്കാവുന്ന റാലി ഇനി ഉയരില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് ഈ നില തുടര്‍ന്നേക്കാം. അപ്രതീക്ഷിത നേട്ടം ഇനി സ്വര്‍ണം നല്‍കിയേക്കില്ല.
നിക്ഷേപം നല്ലതു തന്നെ, എന്നാല്‍
എല്ലാ നിക്ഷേപത്തെക്കാളും സ്വര്‍ണം മികച്ചതെന്നു പറയാനാകില്ല. പെട്ടെന്നു വിറ്റു പണമാക്കാം എന്നതിനാല്‍ റിയല്‍ എസ്്‌റ്റേറ്റിനെക്കാള്‍ ചിലപ്പോള്‍ ലിക്വിഡിറ്റിയ്ക്കുള്ള ഒരു മാര്‍ഗമായി സ്വര്‍ണത്തെ കണ്ടേക്കാം. പക്ഷെ മുഴുവന്‍ നിക്ഷേപത്തിന്റെ 15 ശതമാനത്തേക്കാള്‍ അധികം സ്വര്‍ണത്തില്‍ നിക്ഷേപിക്കരുത്. കോവിഡിന്റെ ഈ നില കണ്ടുകൊണ്ട് സ്വര്‍ണത്തില്‍ മുഴുവന്‍ നിക്ഷേപവുമൊതുക്കരുത്. നിശ്ചിത ശതമാനം വീതം മറ്റു മേഖലയിലേക്കും ബുദ്ധിപരമായി അസറ്റ് അലോക്കേഷന്‍ നടത്തണം.
വില കറഞ്ഞേക്കാം
വാക്‌സിനേഷന്‍ നിരക്ക് ഉയരുന്നത് സ്വര്‍ണത്തില്‍ ഒരു ചെറിയ താഴ്ച വരുത്തിയേക്കാം. അഞ്ച് ശതമാനം താഴാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉള്ളത്.




Prince George
Prince George  

മാനേജിങ് ഡയറക്ടർ, ഡിബിഎഫ്എസ്

Related Articles

Next Story

Videos

Share it