സ്വര്‍ണവിലയില്‍ 80% നേട്ടം, ഈ ഗോള്‍ഡ് മൈനിംഗ് ഓഹരി ഉയര്‍ന്നത് 4,000% !

സ്വര്‍ണം നല്കിയ ഈ നേട്ടത്തെയും മറികടന്നൊരു മുന്നേറ്റം ഒരു ഇന്ത്യന്‍ ഓഹരി സമ്മാനിച്ചിട്ടുണ്ട്. സ്വര്‍ണവുമായി ബന്ധമുള്ളൊരു കമ്പനിയാണ് ഇതെന്നതാണ് മറ്റൊരു കൗതുകം
സ്വര്‍ണവിലയില്‍ 80% നേട്ടം, ഈ ഗോള്‍ഡ് മൈനിംഗ് ഓഹരി ഉയര്‍ന്നത് 4,000% !
Published on

റെക്കോഡുകള്‍ മറികടന്നാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ചരിത്രത്തിലാദ്യമായി പവന്‍ വില ഒരു ലക്ഷം കടക്കുകയും ചെയ്തു. നിക്ഷേപകര്‍ക്ക് വലിയ നേട്ടമാണ് സ്വര്‍ണം സമ്മാനിക്കുന്നത്. ഈ വര്‍ഷം മാത്രം വിലയില്‍ 80 ശതമാനം ഉയര്‍ച്ചയാണ് കനകത്തില്‍ ഉണ്ടായത്. ദീര്‍ഘകാല നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന് 2025 സാക്ഷ്യം വഹിച്ചു.

സ്വര്‍ണം നല്കിയ ഈ നേട്ടത്തെയും മറികടന്നൊരു മുന്നേറ്റം ഒരു ഇന്ത്യന്‍ ഓഹരി സമ്മാനിച്ചിട്ടുണ്ട്. സ്വര്‍ണവുമായി ബന്ധമുള്ളൊരു കമ്പനിയാണ് ഇതെന്നതാണ് മറ്റൊരു കൗതുകം. ഗോള്‍ഡ് ഖനന കമ്പനിയായ മിഡ്‌വെസ്റ്റ് ഗോള്‍ഡ് ലിമിറ്റഡ് ഓഹരികളാണ് കഴിഞ്ഞ 12 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 4,000 ഇരട്ടി നേട്ടം നല്കിയത്.

ഓഹരിവില ഞെട്ടിക്കും

കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മിഡ്‌വെസ്റ്റ് ഗോള്‍ഡ് ലിമിറ്റഡ്. തുടക്കത്തില്‍ ഗ്രാനൈറ്റുമായി ബന്ധപ്പെട്ട ഖനന പ്രവര്‍ത്തനങ്ങളായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വര്‍ണ ഖനനത്തിലേക്ക് തിരിഞ്ഞു. 1994-95 സാമ്പത്തിക വര്‍ഷമാണ് ലിസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ വെറും 72.57 ലക്ഷം രൂപയായിരുന്നു ലാഭം. തൊട്ടുമുന്‍ വര്‍ഷം സമാനപാദത്തില്‍ 37.46 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്തായിരുന്നു ഇത്.

ചെറിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരിവില പെട്ടെന്ന് കുതിച്ചുയര്‍ന്നതിന്റെ കാരണം വ്യക്തമല്ല. ഒരുപക്ഷേ സ്വര്‍ണ ഖനനരംഗത്ത് പ്രവര്‍ത്തിക്കുന്നത് ആയതിനാല്‍ ആകുമിതെന്നാണ് നിഗമനം.

നിലവില്‍ ഈ ഓഹരിയുടെ വില 4,888 രൂപയാണ്. 2021 ജനുവരി 15ന് ഓഹരിയൊന്നിന് കേവലം 10.35 രൂപയായിരുന്നു വില. അഞ്ചുവര്‍ഷം കൊണ്ട് 47,181 മടങ്ങ് നേട്ടത്തില്‍ ഓഹരിയെത്തി.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് ഈ ഓഹരിയുടെ വില 117 രൂപയായിരുന്നു. ഒരു വര്‍ഷത്തെ നേട്ടം 4,075 ശതമാനം വരും! കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തിലധികം ഓഹരിവില ഉയരുകയും ചെയ്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com