ദേ, സ്വര്‍ണ വില വീണ്ടും മേലോട്ട്; കേരളത്തിലും വില ഉയരുന്നു
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില കയറുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,735 രൂപയും പവന് 200 രൂപ വര്‍ധിച്ച് 45,880 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,755 രൂപയായി.
കഴിഞ്ഞ വാരം ബുധന്‍ മുതല്‍ വെള്ളി വരെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല. പിന്നീട് ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനയോടെ 45,680 രൂപയായി.
ആഗോള വിപണി
സ്‌പോട്ട് സ്വര്‍ണം ഏതാനും ദിവസങ്ങളായി ഉയരത്തില്‍ തുടരുകയാണ്. ഇന്ന് 2,011 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസം 2,018 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും 2,003 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.. ഇന്ന് വീണ്ടും കയറ്റം തുടരുകയാണ്. ആഗോള വിപണി വിലയ്‌ക്കൊപ്പം കേരളത്തിലും വിലക്കയറ്റം പ്രതീക്ഷിക്കുകയാണ് വിദഗ്ധര്‍. ആഗോള വിപണിയില്‍ ഇക്കഴിഞ്ഞ മേയ് നാലിനാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്നത്. 2,080 ഡോളറായിരുന്നു അന്ന് സ്‌പോട്ട് സ്വര്‍ണ വില. ഡോളർ ദുർബലമാകുന്നതാണ് സ്വര്‍ണ വില ഉയര്‍ത്തുന്ന ഒരു പ്രധാന ഘടകം.
വെള്ളി വില
കേരളത്തില്‍ ഇന്ന് വെള്ളി വിലയിലും മാറ്റമുണ്ടായി. സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 81 രൂപയായി. ആഭരണങ്ങള്‍ ഉണ്ടാക്കുന്ന വെള്ളി മാറ്റമില്ലാതെ 103 രൂപയില്‍ തുടരുന്നു.
റെക്കോഡ് വില
കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് സ്വര്‍ണ വില 45,920 രൂപയാണ്. ഒക്ടോബര്‍ 28, 29 തീയതികളില്‍ ആയിരുന്നു ഇത്.