പവന്‍ വില വീണ്ടും ₹45,000 കടന്നു; വെള്ളി വിലയിലും മുന്നേറ്റം

ഇന്നലെ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5,655 രൂപയും പവന് 480 രൂപ വര്‍ധിച്ച് 45,240 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4,690 രൂപയിലെത്തി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കയറ്റം തുടരുന്നതിനാലാണ് കേരളത്തിലെ വിലയും ഉയര്‍ന്നത്. ഇന്നലെ 1,967 ഡോളറില്‍ വ്യാപാരം തുടര്‍ന്ന സ്‌പോട്ട് സ്വര്‍ണം 1,981 ഡോളറിലാണ് ക്ലോസിംഗ് നടത്തിയത്. നിലവില്‍ 1,986 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

പണപ്പെരുപ്പം കുറഞ്ഞതിനാല്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപഭാവിയിലെങ്ങും ഇനി അടിസ്ഥാന പലിശനിരക്ക് കൂട്ടില്ലെന്നും 2024 മധ്യത്തോടെ പലിശനിരക്ക് കുറച്ചുതുടങ്ങാന്‍ സാധ്യതയുണ്ടെന്നും ഉള്ള വിലയിരുത്തലുകളാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കുന്നത്.

അമേരിക്കന്‍ ട്രഷറി യീല്‍ഡ് (കടപ്പത്രത്തില്‍ നിന്നുള്ള റിട്ടേണ്‍) 5 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തിലേക്ക് താഴ്ന്നതും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ പ്രേരിപ്പിക്കുന്നു. ഇതും വിലക്കയറ്റത്തിന് വഴിയൊരുക്കി.

വെള്ളി വിലയും കൂടി. സാധാരണ വെള്ളിക്ക് രണ്ട് രൂപ ഉയര്‍ന്ന് 80 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് മാറ്റമില്ല, ഗ്രാമിന് 103 രൂപ.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it