ഇന്ന് ഒറ്റദിവസം സ്വര്‍ണവില കൂടിയത് രണ്ടുതവണ; റെക്കോഡുകള്‍ തകര്‍ത്ത് പൊന്നിന്‍ വിളയാട്ടം!!

അടിക്കടി കുതിക്കുന്ന സ്വര്‍ണവില പുതിയ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ ഇന്ന് (ചൊവ്വ) രണ്ടു തവണ വില വര്‍ധിച്ചു. രാവിലെ 10 രൂപ കൂടി ഗ്രാമിന് 6,575 രൂപയായിരുന്നു. ഈ റെക്കോഡാണ് മിനിറ്റുകള്‍ക്കുള്ളില്‍ പഴങ്കഥയായി മാറിയത്. ഉച്ചയോടെ 25 രൂപയാണ് കൂടിയത്. ഇന്നുമാത്രം 35 രൂപയാണ് ഗ്രാമിന് കൂടിയത്. പവന് രണ്ടുതവണയായി 280 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിലയില്‍ മാറ്റം വന്നതാണ് കേരള മാര്‍ക്കറ്റിലും പ്രതിഫലിച്ചത്.
സാധാരണയായി സ്വര്‍ണത്തിന് ദിവസം ഒരിക്കല്‍ മാത്രമാണ് വില കൂടാറുള്ളത്. അപൂര്‍വമായി മാത്രമാണ് രണ്ടു തവണ വില വര്‍ധിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 6,600 രൂപ കൊടുക്കണം. പവന് 52,800 രൂപയായി.
ഇന്നലെ (ഏപ്രില്‍ 08) ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമെന്ന റെക്കോഡാണ് ഇന്ന് ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് റെക്കോഡായ 5,520 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 88 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
ഇന്ന് രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര വില 2343 ഡോളര്‍ ആയിരുന്നു. ഉച്ചയ്ക്കുശേഷം ഡോളര്‍ നിരക്കില്‍ വര്‍ധന വന്നു. 2354 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. സ്വര്‍ണവില 2,500 ഡോളറിലേക്ക് എത്തിയേക്കുമെന്ന തരത്തില്‍ പ്രവചനങ്ങളും വരുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ താണ്ടാന്‍ തുടങ്ങിയത്. മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി റെക്കോഡുകള്‍ പിറന്നു. മാര്‍ച്ച് 29 നാണ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില 50,000 കടക്കുന്നത്.
ഉറ്റുനോട്ടം അമേരിക്കയിലേക്ക്
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയിലേക്കാണ് സ്വര്‍ണാഭരണ പ്രേമികളും വ്യാപാരികളും നിക്ഷേപകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനിട്ട്സ് നാളെ പുറത്തുവരും. പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് കുറയ്ക്കല്‍ എന്നിവയെ കുറിച്ച് യു.എസ് ഫെഡ് എന്താണ് പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.
അമേരിക്കയുടെ ഉപഭോക്തൃ പണപ്പെരുപ്പക്കണക്കും നാളെ അറിയാം. പണപ്പെരുപ്പം താഴേക്കാണെങ്കില്‍ ജൂണില്‍ തന്നെ യു.എസ് ഫെഡ് പലിശനിരക്ക് താഴ്ത്തിയേക്കാം. ഇത്, സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകും. കാരണം, പലിശനിരക്ക് താഴുമ്പോള്‍ കടപ്പത്രങ്ങളും ഡോളറിന്റെ മൂല്യവും അനാകര്‍ഷകമാക്കും. ഫലത്തില്‍, സ്വര്‍ണത്തിലേക്ക് നിക്ഷേപമൊഴുകും. ഇത് വിലയെ കൂടുതല്‍ മേലോട്ട് നയിക്കും.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഹമാസിനൊപ്പം ഇറാനും പങ്കുചേര്‍ന്നേക്കുമെന്ന സൂചനകളും സ്വര്‍ണത്തിനാണ് ഗുണമാകുന്നത്. യുദ്ധം എക്കാലത്തും ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തും.
ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും സ്വര്‍ണക്കുതിപ്പിന് വളമാകുന്നുണ്ട്.
വില ഇനി എങ്ങോട്ട്?
നിലവില്‍ ട്രോയ് ഔണ്‍സിന് ആറ് ഡോളര്‍ ഉയര്‍ന്ന് 2,345 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണവിലയുള്ളത്. ഈ വര്‍ഷം രണ്ടാംപാതിയോടെ മാത്രമേ 2,300 ഡോളര്‍ കടക്കൂ എന്നാണ് ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഏപ്രിലില്‍ തന്നെ ഈ വിലനിലവാരം ഭേദിച്ചു.
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില 2,400 ഡോളര്‍ ഭേദിക്കുന്നത് വിദൂരത്തല്ലെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ വില പവന് 54,000 രൂപവരെയായി ഉയര്‍ന്നേക്കാം. ഇന്ന് നികുതിയും പണിക്കൂലിയുമടക്കം 57,500 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it