തീപിടിച്ച് സ്വര്‍ണം, പവന്‍ വില ആദ്യമായി ₹46,000 കടന്നു
സര്‍വകാല റെക്കോഡില്‍ കേരളത്തിലെ സ്വര്‍ണ വില. ആഗോള വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കിയത്. പവന് ഇന്ന് 600 രൂപ വര്‍ധിച്ച് 46,480 രൂപയായി. ഗ്രാമിന് 75 രൂപയുടെ വര്‍ധനയോടെ 5,810 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ വില 46,000 പിന്നിടുന്നത്.
പവന് ഇന്നെത്ര നല്‍കണം
പവന്‍ വില ഇന്ന് 46,480 രൂപ ആണെങ്കിലും ആഭരണം വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടി, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അത്തരത്തില്‍ നോക്കിയാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 50,500 രൂപയോ അധിലധികമോ വേണം. പണിക്കൂലി കൂടിയ ആഭരണങ്ങള്‍ക്ക് അധിക തുകയുമാകും.
വെള്ളി വില
വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 82 രൂപ, ആഭരണങ്ങൾക്കുപയോഗിക്കുന്ന വെള്ളി 103 രൂപ.
18,24 കാരറ്റ് സ്വർണ വില
18 കാരറ്റ് സ്വര്‍ണവും റെക്കോഡില്‍. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 4,820 രൂപയായി. മാത്രമല്ല തങ്കം (24 carat) വില 10 ഗ്രാമിന് 62,600 രൂപ എന്ന റെക്കോഡിൽ ആയി.
ആഗോള വിപണി
ആഗോള വിപണിയില്‍ ഇന്നലെ 1.35 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2041.50 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്‌പോട്ട് സ്വര്‍ണം ഇന്ന് രാവിലെ വീണ്ടും കയറി 2,052 ഡോളറില്‍ എത്തിയിട്ട് അല്‍പം താഴ്ന്ന് 2049.90 ലായി. നിലവില്‍ 2,047 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയില്‍ വെള്ളി വിലയും 25 ഡോളറിനു മുകളിലായി.
ഈ നിലയ്ക്കു പോയാല്‍ 10 ദിവസത്തിനകം സ്വര്‍ണം ഔണ്‍സിനു 2100 ഡോളര്‍ വരെ എത്തി റെക്കോഡ് കുറിക്കുമെന്നു പല വിപണി നിരീക്ഷകരും വിലയിരുത്തുന്നു. 2,063 ഡോളറാണു നിലവിലെ റെക്കോഡ്.
2024 അവസാനം സ്വര്‍ണവില 2400 ഡോളര്‍ ആകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. യു.എസ് ഫെഡ് പലിശവര്‍ധന അവസാനിച്ചെന്നു പ്രഖ്യാപിക്കുമ്പോഴും പലിശ കുറച്ചു തുടങ്ങുമ്പോഴും സ്വര്‍ണവില കയറും എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോളര്‍ താഴ്ചയില്‍
ഡോളര്‍ താഴുന്നത് സ്വര്‍ണ വില ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. യു.എസിലെ കടപ്പത്ര വിലകള്‍ ഉയരുകയും അവയിലെ നിക്ഷേപനേട്ടം കുറയുകയും ചെയ്യുന്നതാണ് ഡോളറിനെ വീണ്ടും താഴ്ത്തുന്നത്. ഡോളര്‍ സൂചിക ഇന്നലെ 102.73 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.52 ലേക്കു താണു. ഇന്നലെ ഡോളര്‍ 83.42 രൂപ വരെ കയറി വ്യാപാരം നടന്നെങ്കിലും പിന്നീട് 83.34 രൂപയിലാണു ക്ലോസ് ചെയ്തത്.