സ്വര്‍ണത്തിളക്കത്തില്‍ 2022-23; മങ്ങലേറ്റ് ഓഹരികള്‍

ആഗോളതലത്തില്‍ തന്നെ സമ്പദ് രംഗത്ത് നിരവധി വെല്ലുവിളികള്‍ ഉയര്‍ന്ന സാമ്പത്തിക വര്‍ഷത്തിനാണ് (2022-23) മാര്‍ച്ച് 31ന് തിരശീല വീഴുന്നത്. ഏപ്രിൽ ഒന്നിന് പുതുവര്‍ഷാരംഭം! (2023-24).

റഷ്യ-യുക്രെയിന്‍ യുദ്ധം, ഉത്പാദന-വിതരണശൃംഖലയിലെ തടസം, അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, ഭൗമരാഷ്ട്രീയ സംഘര്‍ഷം, ലക്ഷ്മണരേഖ മറികടന്ന് കുതിച്ച പണപ്പെരുപ്പം, കുത്തനെ കൂടിയ പലിശഭാരം എന്നിങ്ങനെ ഇന്ത്യയടക്കം ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയ വര്‍ഷമാണ് മാര്‍ച്ച് 31ന് അസ്തമിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഓഹരി, കടപ്പത്ര വിപണികള്‍ ആടിയുലഞ്ഞു. ഏറ്റവുമൊടുവില്‍ അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ തകരുന്ന സാഹചര്യം വരെയുണ്ടായി.
ഈ പ്രതിസന്ധിയിലകപ്പെടാതെ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച് തിളങ്ങി നില്‍ക്കുകയാണ് സ്വര്‍ണം. ഓഹരി, കടപ്പത്ര വിപണികളാകെ തകര്‍ന്നപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം പണം സ്വര്‍ണത്തിലേക്ക് ഒഴുക്കിയതാണ് ഇതിന് കാരണം.

സ്വര്‍ണത്തിളക്കം

2022-23 സാമ്പത്തിവര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം നിക്ഷേപര്‍ക്ക് ഏറ്റവുമുയര്‍ന്ന ആദായം (റിട്ടേണ്‍) നല്‍കിയത് സ്വര്‍ണമാണ്; കേരളത്തിലെ പവന്‍വില കണക്കാക്കിയാല്‍ 15.42% ശതമാനം.

8.15 ശതമാനം ആദായവുമായി എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടാണ് (ഇ.പി.എഫ്) രണ്ടാമത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) 7.10 ശതമാനവും ബാങ്ക് സ്ഥിരനിക്ഷേപം (എഫ്.ഡി) ശരാശരി 6.60 ശതമാനവും ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ ശരാശരി 3 ശതമാനവും ആദായം നല്‍കി.

ഇക്കാലയളവില്‍ സെന്‍സെക്‌സിലെ നിക്ഷേപകര്‍ക്കുണ്ടായ നേട്ടമാകട്ടെ 0.72 ശതമാനമാണ്. 1031 പോയിന്റ് മുന്നേറ്റമാണ് ഇന്ന് സെൻസെക്സ് കാഴ്ചവെച്ചത്.

സുരക്ഷിത നിക്ഷേപം
ഓഹരികള്‍ തളരുമ്പോള്‍ അവയില്‍ നിന്ന് പണം പിന്‍വലിച്ച് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് പതിവാണ്. ഇത് സ്വര്‍ണവില വര്‍ദ്ധിക്കാന്‍ വഴിയൊരുക്കും. ഓഹരികള്‍ മുന്നേറുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് പിന്മാറി പണം ഓഹരികള്‍ വാങ്ങാനും ഉപയോഗിക്കും. അപ്പോള്‍ സ്വര്‍ണവില കുറയുകയും ചെയ്യും.
അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടുത്തിടെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,007 ഡോളര്‍ വരെ എത്തിയിരുന്നു. കേരളത്തില്‍ പവന്‍വില എക്കാലത്തെയും ഉയരമായ 44,240 രൂപയിലും എത്തി.
പങ്കാളിത്തം കുറയുന്നു
ഓഹരികളുടെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് 2022-23ല്‍ റീട്ടെയില്‍ നിക്ഷേപകരുടെയും പുതിയ നിക്ഷേപകരുടെയും എണ്ണം കുറഞ്ഞുവെന്നാണ് ബി.എസ്.ഇ., എന്‍.എസ്.ഇ എന്നിവയില്‍ നിന്നുള്ള കണക്ക് വ്യക്തമാക്കുന്നത്. നിഫ്റ്റിയില്‍ (എന്‍.എസ്.ഇ) റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം 2020-21ല്‍ 45 ശതമാനമായിരുന്നത് 2022-23ല്‍ 37 ശതമാനത്തിലേക്ക് താഴ്ന്നു. 2022 ജനുവരിയില്‍ പുതുതായി 20 ലക്ഷം പേര്‍ എന്‍.എസ്.ഇയില്‍ റീട്ടെയില്‍ നിക്ഷേപം നടത്തിയിരുന്നു. 2023 ജനുവരിയില്‍ പുതുനിക്ഷേപകര്‍ 12 ലക്ഷമായി കുറഞ്ഞുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it