ഫെഡ് നിരക്ക് വർധന ഭീതിയിൽ സ്വർണവും വെള്ളിയും ക്രൂഡ് ഓയിലും; അടുത്തയാഴ്ച കമ്മോഡിറ്റി വിപണി എങ്ങനെയാകും?

യു.എസ് തൊഴിൽ കണക്കുകളും പശ്ചിമേഷ്യൻ സംഘർഷങ്ങളും അടുത്തയാഴ്ച നിർണായകമാകും
Commodity Market Weekly Analysis
പ്രതീകാത്മക ചിത്രംImage Source: Canva
Published on

2026 ഓഗസ്റ്റ് 28-ന് അവസാനിച്ച വ്യാപാര ആഴ്ചയിൽ രാജ്യാന്തര വിപണിയിൽ പ്രധാന കമ്മോഡിറ്റികൾ ശക്തമായ വിൽപ്പന സമ്മർദ്ദം നേരിട്ടു. യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ പരാമർശങ്ങൾ പലിശ നിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്ക ശക്തമാക്കിയതാണ് സ്വർണം, വെള്ളി, ബ്രെന്റ് ക്രൂഡ് ഓയിൽ എന്നിവയിൽ വൻ ഇടിവുണ്ടാക്കിയത്. എന്നാൽ ഈ പ്രതികൂല തരംഗത്തിനിടയിലും നേട്ടമുണ്ടാക്കാൻ നാച്വറൽ ​ഗ്യാസിന് സാധിച്ചുവെന്നതും ശ്രദ്ധേയം. വരുന്ന വെള്ളിയാഴ്ച (സെപ്റ്റംബർ 4) പ്രസിദ്ധീകരിക്കുന്ന യു.എസിൽ നിന്നുള്ള കാർഷികേതര മേഖലയിലെ (Nonfarm Payrolls) തൊഴിൽ കണക്കുകൾക്കായി കാത്തിരിക്കുകയാണ് നിലവിൽ കമ്മോഡിറ്റി വിപണി.

കഴി‍ഞ്ഞയാഴ്ചത്തെ വിപണി വിശകലനം

രാജ്യാന്തര വിപണിയിൽ ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ (ഓ​ഗസ്റ്റ് 24-28) പ്രധാന കമ്മോഡിറ്റികൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. സുരക്ഷിത നിക്ഷേപമെന്ന മേൽവിലാസമുള്ള സ്വർണത്തിന്റെ വിലയിൽ കാര്യമായ ഇടിവുണ്ടായി. ഈ ആഴ്ചയിലെ ഉയർന്ന നിലവാരമായ 4,697.07 ഡോളറിൽ നിന്നും ക്ലോസിംഗ് വേളയിൽ 4,453.67 ഡോളറിലേക്ക് സ്വർണവില താഴ്ന്നു. ആഴ്ചയിൽ 3.24% നഷ്ടം രേഖപ്പെടുത്തി. വെള്ളിയുടെ വിലയും സമാന രീതിയിൽ 3.80% ഇടിഞ്ഞ് 66.33 ഡോളറിലേക്ക് എത്തിച്ചേർന്നു.

ആഗോളതലത്തിൽ നേരിടുന്ന ഡിമാൻഡിലെ കുറവും വിതരണത്തിലെ മാറ്റങ്ങളും ക്രൂഡ് ഓയിൽ വിപണിയെയും ബാധിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില 5.67 ശതമാനം കുറഞ്ഞ് 88.28 ഡോളറിലാണ് വെള്ളിയാഴ്ച (ഓ​ഗസ്റ്റ് 28) വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, ഇതിൽനിന്നും വ്യത്യസ്തമായി നാച്വറൽ ​ഗ്യാസ് വിപണി മികച്ച മുന്നേറ്റം നടത്തി. 4.08% വർധനയോടെ 2.9240 ഡോളറിലാണ് നാച്വറൽ ​ഗ്യാസ് വ്യാപാരം പൂർത്തിയാക്കിയത്. ഊർജ വിപണിയിലെ ഈ വിരുദ്ധ ചലനങ്ങൾ വരും ആഴ്ചകളിലെ നിക്ഷേപ തന്ത്രങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നത് നിക്ഷേപകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

സ്വർണവും വെള്ളിയും: പ്രതിരോധ മേഖല തകർന്ന് താഴേക്ക്

ഈയാഴ്ച തുടക്കത്തിൽ ഔൺസിന് 4,602.66 ഡോളർ നിലവാരത്തിലായിരുന്ന സ്വർണം 4,697.07 ഡോളർ വരെ ഉയർന്നുവെങ്കിലും ഉയർന്ന നിലവാരത്തിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച മാത്രം 3 ശതമാനത്തിലധികം ഇടിവ് നേരിട്ട് 4,453.67 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ 4,515 ഡോളർ എന്ന നിർണായക സപ്പോർട്ടിന് താഴെയാണ് സ്വർണവില നിൽക്കുന്നത്. 4,410 ഡോളർ ആണ് പുതിയ സപ്പോർട്ട് ലെവൽ; ഇത് തകർന്നാൽ വില 4,310 ഡോളർ വരെ താഴാം. വരുന്ന ആഴ്ചയിൽ സ്വർണത്തിന്റെ ട്രെൻഡ്, ന്യൂട്രൽ-ടു-ബെയറിഷ് (Neutral/Bearish) ആയിരിക്കാനാണ് സാധ്യത.

വെള്ളിയും 71.16 ഡോളർ വരെയുള്ള മുന്നേറ്റത്തിന് ശേഷം 3.80% ഇടിഞ്ഞ് 66.33 ഡോളറിൽ ക്ലോസ് ചെയ്തു. വെള്ളിക്ക് അടുത്ത സപ്പോർട്ട് 65.00 ഡോളർ ലെവലിലാണ്. ഇത് നിലനിർത്തിയാൽ 69.00 ഡോളർ വരെ തിരികെ കയറാം. അല്ലാത്തപക്ഷം വെള്ളിയുടെ വില 61.00 ഡോളറിലേക്ക് താഴാൻ സാധ്യതയുണ്ട്. അടുത്ത ആഴ്ചയിൽ വെള്ളിയിലെ ട്രെൻഡ്, ന്യൂട്രൽ-ടു-ബെയറിഷ് (Neutral/Bearish) ആയിരിക്കാനാണ് സാധ്യത.

ക്രൂഡ് ഓയിലിൽ ഇടിവ്; പിടിച്ചുനിന്ന് നാച്വറൽ ​ഗ്യാസ്

പശ്ചിമേഷ്യൻ സംഘർഷവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വാർത്തകളും കാരണം ഈയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില 5.67% ഇടിഞ്ഞ് 88.28 ഡോളറിലെത്തി. 92.00 ഡോളറിലുള്ള പ്രതിരോധ നിലവാരത്തിന് താഴേക്ക് പോയ ക്രൂഡ് ഓയിലിന് ഇനി 86.00/80.50 ഡോളർ എന്നിവയാണ് പ്രധാന സപ്പോർട്ട് മേഖലകൾ. വരുന്ന ആഴ്ചയിൽ ക്രൂഡ് ഓയിലിലെ ട്രെൻഡ്, കുതിപ്പിനുള്ള സാധ്യതയ്ക്കൊപ്പം കനത്ത ചാഞ്ചാട്ടവും (Bullish/Volatile) പ്രകടിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മറ്റ് കമ്മോഡിറ്റികൾ ഈയാഴ്ചയിൽ ഇടിവ് നേരിട്ടപ്പോൾ നാച്വറൽ ​ഗ്യാസ് 4.08% നേട്ടത്തോടെ 2.9240 ഡോളറിലേക്ക് മുന്നേറ്റം നടത്തി. 2.98 ഡോളർ നിലവാരം മറികടന്നാൽ വില 3.12 ഡോളറിലേക്ക് വരെ ഉയരാം. 2.81 ഡോളറിലാണ് നാച്വറൽ ​ഗ്യാസിന് ഉടനടിയുള്ള സപ്പോർട്ട് മേഖലയുള്ളത്.

അടുത്ത ആഴ്ച നിർണായകം: തൊഴിൽ കണക്കുകൾ

വരുന്ന വെള്ളിയാഴ്ച (സെപ്റ്റംബർ 4) പുറത്തുവരുന്ന യു.എസ് തൊഴിൽ കണക്കുകൾ (45,000 പുതിയ തൊഴിലവസരങ്ങളും 4.2% തൊഴില്ലായ്മ നിരക്കും പ്രതീക്ഷിക്കുന്നു) അടുത്ത വ്യാപാര ആഴ്ചയിൽ (ഓ​ഗസ്റ്റ് 31 - സെപ്റ്റംബർ 4) കമ്മോഡിറ്റി വിപണിയുടെ ഗതി നിർണയിക്കും. തൊഴിൽ വളർച്ച ദുർബലമായാൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ തെളിയുകയും കമ്മോഡിറ്റികൾക്ക് അത് അനുകൂലമാവുകയും ചെയ്യും. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി തുടരും.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com