വരുംവാരം വിപണിയെ ഇളക്കിമറിക്കാന്‍ വന്‍ സംഭവവികാസങ്ങള്‍: സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ നീക്കം എങ്ങോട്ടാകും?

ഫെഡ് നിരക്കും ഒപെകും പ്രധാനം; പണപ്പെരുപ്പക്കണക്കുകളും വരും
gold bars
Image courtesy: Canva
Published on: 

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനവും ഒപെക് (OPEC) യോഗവും ഉള്‍പ്പെടെ, വിപണിയെ കാര്യമായി സ്വാധീനിക്കുന്ന നിരവധിയായ ആഗോള സാമ്പത്തിക സംഭവവികാസങ്ങള്‍ കാത്തിരിക്കുന്ന വാരത്തിലേക്കാണ് കമ്മോഡിറ്റി വിപണി കടക്കുന്നത്. വരുംദിവസങ്ങളില്‍ സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, നാച്ചുറല്‍ ഗ്യാസ് എന്നിവയില്‍ വലിയ വില വ്യതിയാനങ്ങള്‍ (Volatility) പ്രതീക്ഷിക്കാം.

യു.എസ് ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ പ്രസ് കോണ്‍ഫറന്‍സും എഫ്.ഒ.എം.സി (FOMC) പ്രസ്താവനയുമാണ് വിപണി ഉറ്റുനോക്കുന്ന പ്രധാന ഘടകം. ഇത് യു.എസ് ഡോളറിനെയും പലിശനിരക്ക് സംബന്ധിച്ച ഭാവി പ്രതീക്ഷകളെയും സ്വാധീനിക്കും. കൂടാതെ, യു.എസ് കോര്‍ പി.സി.ഇ (Core PCE) പണപ്പെരുപ്പ കണക്കുകള്‍, രണ്ടാം പാദ ജി.ഡി.പി, തൊഴിലില്ലായ്മ അപേക്ഷകള്‍, എംപ്ലോയ്‌മെന്റ് ഡാറ്റ എന്നിവയും വിപണി സൂക്ഷ്മമായി നിരീക്ഷിക്കും.

ഊര്‍ജ്ജ മേഖലയില്‍ ഒപെക് യോഗത്തിനൊപ്പം എ.പി.ഐ (API), ഇ.ഐ.എ (EIA) ക്രൂഡ് ഓയില്‍ ഇന്‍വെന്ററി റിപ്പോര്‍ട്ടുകള്‍, ഗ്യാസോലിന്‍ സ്റ്റോക്ക്, റിഫൈനറി പ്രവര്‍ത്തനം, യു.എസ് നാച്ചുറല്‍ ഗ്യാസ് സ്റ്റോറേജ് റിപ്പോര്‍ട്ട് എന്നിവ നിര്‍ണായകമാകും.

ആഗോള സാമ്പത്തിക രംഗത്ത് ചൈനയുടെ നിര്‍മാണ-ഇതര പി.എം.ഐ (PMI) ഡാറ്റ, ഓസ്‌ട്രേലിയന്‍ സി.പി.ഐ, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ പലിശ നയങ്ങള്‍, യൂറോസോണ്‍ ജി.ഡി.പി, പണപ്പെരുപ്പ നിരക്കുകള്‍ എന്നിവയും വിപണിയുടെ ഗതി നിര്‍ണയിക്കും. ശക്തമായ സാമ്പത്തിക ഡാറ്റ ക്രൂഡ് ഓയില്‍ പോലെയുള്ള വ്യവസായ കമ്മോഡിറ്റികള്‍ക്ക് കരുത്താകുമ്പോള്‍, ദുര്‍ബലമായ കണക്കുകള്‍ സ്വര്‍ണം പോലെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് (Safe-haven) നിക്ഷേപകരെ ആകര്‍ഷിക്കും.

പൊതുവായ വിലയിരുത്തല്‍: വരുംവാരം കമ്മോഡിറ്റി വിപണിയില്‍ കടുത്ത ചാഞ്ചാട്ടം തുടരും. പണപ്പെരുപ്പ കണക്കുകളോടും ഫെഡ് നിലപാടുകളോടുമായിരിക്കും സ്വര്‍ണവും വെള്ളിയും പ്രധാനമായും പ്രതികരിക്കുക. എന്നാല്‍ ക്രൂഡ് ഓയിലും നാച്ചുറല്‍ ഗ്യാസും ഒപെക് തീരുമാനങ്ങളെയും യു.എസ് ഇന്‍വെന്ററി റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കിയാകും നീങ്ങുക.

പ്രതിവാര പ്രകടനവും സാങ്കേതിക വിശകലനവും (Technical Outlook)

1. സ്വര്‍ണം (Gold)

കഴിഞ്ഞ ആഴ്ചയിലെ ക്ലോസിങ് നിരക്കായ 4,018.44 ഡോളറില്‍ നിന്ന് 0.03% ഗ്യാപ്പ്-ഡൗണോടെ 4,017.40 ഡോളറലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. വാരത്തിനിടയില്‍ 3,982.71 ഡോളര്‍ എന്ന താഴ്ന്ന നിലവാരത്തിലേക്ക് വീണെങ്കിലും, തുടര്‍ന്ന് വാങ്ങല്‍ താല്പര്യം (Buying interest) ശക്തമായതോടെ തിരിച്ചുകയറി 4,052.60 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ചു. വാരത്തില്‍ ഏകദേശം 0.85% നേട്ടമാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറ്റി. എങ്കിലും ശക്തമായ യു.എസ് ഡോളറും ഉയര്‍ന്ന ട്രഷറി ബോണ്ട് യീല്‍ഡും വിലക്കയറ്റത്തിന്റെ വേഗത കുറച്ചു.

സാങ്കേതിക നിലവാരം: തിരുത്തലുകള്‍ക്ക് ശേഷം സ്വര്‍ണം 4,000 ഡോളറിന് മുകളില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.

സപ്പോര്‍ട്ട് (Support): ആദ്യ സപ്പോര്‍ട്ട് 3,940 ഡോളര്‍, അടുത്തത് 3,791 ഡോളര്‍.

റെസിസ്റ്റന്‍സ് (Resistance): ആദ്യ റെസിസ്റ്റന്‍സ് 4,120 ഡോളര്‍, അടുത്തത് 4,270 ഡോളര്‍.

അടുത്ത ആഴ്ചയിലെ സൂചന: ശ്രദ്ധയോടെയുള്ള ബുളിഷ് (Cautiously Bullish) ട്രെന്‍ഡാണ് പ്രതീക്ഷിക്കുന്നത്. യു.എസ് ഡോളര്‍ ദുര്‍ബലമാകുകയോ സാമ്പത്തിക ഡാറ്റ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുകയോ ചെയ്താല്‍ സ്വര്‍ണവില 4,120-4,270 ഡോളര്‍ എന്ന പ്കരതിരോധ മേഖലയിലേക്ക് ഉയര്‍ന്നേക്കാം. എന്നാല്‍ ഉയര്‍ന്ന ബോണ്ട് യീല്‍ഡും കരുത്തുറ്റ ഡോളറും വിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ 3,940 ഡോളര്‍ എന്ന സപ്പോര്‍ട്ട് ലെവല്‍ നിര്‍ണായകമാകും.

2. വെള്ളി (Silver)

മുന്‍വാരത്തിലെ 55.91 ഡോളറില്‍ നിന്ന് 0.52% ഇടിഞ്ഞ് 55.62 ഡോളറിലാണ് വെള്ളി വ്യാപാരം തുടങ്ങിയത്. എന്നാല്‍ കുറഞ്ഞ വിലയില്‍ നിക്ഷേപകര്‍ വാങ്ങലുകൂട്ടിയതോടെ (Bargain buying) വില ഉയര്‍ന്ന് ആഴ്ചയില്‍ 60.93 ഡോളര്‍ വരെ എത്തുകയും ഒടുവില്‍ 58.18 ഡോളറില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. ഏകദേശം 4.06% അമ്പരപ്പിക്കുന്ന വാരനേട്ടമാണ് വെള്ളി സ്വന്തമാക്കിയത്.

യു.എസ് ഡോളറിലെ തളര്‍ച്ചയും കേന്ദ്ര ബാങ്കുകള്‍ പലിശനിരക്കുകളില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷയുമാണ് വെള്ളിയുടെ കുതിപ്പിന് കാരണമായത്.

സാങ്കേതിക നിലവാരം: പ്രധാന സപ്പോര്‍ട്ട് മേഖലയില്‍ നിന്ന് ശക്തമായി തിരിച്ചുകയറിയ വെള്ളിയില്‍ ബയര്‍മാര്‍ (Buyers) വീണ്ടും ആധിപത്യം നേടുന്നു.

സപ്പോര്‍ട്ട് (Support): ആദ്യ സപ്പോര്‍ട്ട് 54.50 ഡോളറിലും അടുത്തത് 49.35 ഡോളറിലും.

റെസിസ്റ്റന്‍സ് (Resistance): ആദ്യ റെസിസ്റ്റന്‍സ് 61.50 ഡോളര്‍, അടുത്തത് 67.50 ഡോളര്‍.

അടുത്ത ആഴ്ച: ജാഗ്രതയോടെയുള്ള ബുള്ളിഷ്‌ ട്രെന്‍ഡ് തുടരാനാണ് സാധ്യത. 54.50 ഡോളര്‍ എന്ന സപ്പോര്‍ട്ട് നിലനിര്‍ത്താന്‍ സാധിച്ചാല്‍ വില 61.50-67.50 ഡോളര്‍ പരിധിയിലേക്ക് മുന്നേറാം. എങ്കിലും ഡോളര്‍ കരുത്താര്‍ജിക്കുകയോ പ്രതീക്ഷിച്ചതിലും മികച്ച യു.എസ് ഡാറ്റ വരികയോ ചെയ്താല്‍ ലാഭമെടുപ്പ് (Profit booking) കാരണം വിലയില്‍ ഇടിവുണ്ടാകാം.

3. ബ്രെന്റ് ക്രൂഡ് ഓയില്‍ (Brent Crude Oil)

കഴിഞ്ഞ വാരത്തിലെ 88.27 ഡോളറില്‍ നിന്ന് 1.17% ഗ്യാപ്പ്-അപ്പോടെ 89.30 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വ്യാപാരം തുടങ്ങിയത്. ശക്തമായ ബയിംഗ് മൊമെന്റം കാരണം വില വാരത്തിനിടയില്‍ 102.00 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലെത്തി. താഴ്ന്ന നിലവാരം 86.12 ഡോളര്‍ ആയിരുന്നെങ്കിലും, വാരം അവസാനിക്കുമ്പോള്‍ 98.69 ഡോളറില്‍ ക്ലോസ് ചെയ്തു. ഒറ്റ ആഴ്ച കൊണ്ട് 11.80% എന്ന വമ്പന്‍ മുന്നേറ്റമാണ് ക്രൂഡ് ഓയില്‍ കാഴ്ചവെച്ചത്.

എണ്ണ ഉല്‍പ്പാദന മേഖലകളിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യു.എസ് ക്രൂഡ് സ്റ്റോക്കില്‍ പ്രതീക്ഷിച്ചതിലും വലിയ കുറവുണ്ടായതുമാണ് ഈ വന്‍ കുതിപ്പിന് വഴിതെളിച്ചത്.

സാങ്കേതിക നിലവാരം: താഴ്ന്ന നിലവാരത്തില്‍ നിന്ന് വേഗത്തില്‍ തിരിച്ചുകയറിയതോടെ ബുള്ളുകള്‍ വിപണിയില്‍ വീണ്ടും പിടിമുറുക്കി.

സപ്പോര്‍ട്ട് (Support): ആദ്യ സപ്പോര്‍ട്ട് 92.00 ഡോളര്‍, അടുത്തത് 82.30 ഡോളര്‍.

റെസിസ്റ്റന്‍സ് (Resistance): ആദ്യ റെസിസ്റ്റന്‍സ് 102.00 ഡോളര്‍, അടുത്തത് 110.00 ഡോളര്‍.

അടുത്ത ആഴ്ച: ക്രൂഡ് ഓയില്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാനാണ് സാധ്യത. 92 ഡോളര്‍ സപ്പോര്‍ട്ടിന് മുകളില്‍ നിലനിന്നാല്‍ വില 102-110 ഡോളര്‍ ലെവലുകളിലേക്ക് വീണ്ടും ഉയര്‍ന്നേക്കാം. എങ്കിലും ജിയോപൊളിറ്റിക്കല്‍ ആശങ്കകള്‍ കുറയുകയോ ഡിമാന്‍ഡ് ഇടിയുകയോ ചെയ്താല്‍ ചെറിയ പ്രോഫിറ്റ് ബുക്കിംഗിന് സാധ്യതയുണ്ട്.

4. നാച്ചുറല്‍ ഗ്യാസ് (Natural Gas)

മുന്‍വാരത്തിലെ 2.88 ഡോളറില്‍ നിന്ന് 1.47% താഴ്ന്ന് 2.84 ഡോളറിലാണ് നാച്ചുറല്‍ ഗ്യാസ് വ്യാപാരം ആരംഭിച്ചത്. വാരത്തിനിടെ 2.98 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2.80 ഡോളര്‍ എന്ന താഴ്ന്ന നിലവാരത്തിലേക്ക് വീണെങ്കിലും, ഒടുവില്‍ 2.91 ഡോളറില്‍ ക്ലോസ് ചെയ്തു (0.94% വാരനേട്ടം).

ചൂടുള്ള കാലാവസ്ഥ കാരണം കൂളിംഗ് ഡിമാന്‍ഡ് ഉയര്‍ന്നതും ഉല്‍പ്പാദന വളര്‍ച്ച മന്ദഗതിയിലായതും വിലയെ പിന്തുണച്ചെങ്കിലും, ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമായത് വലിയ കുതിപ്പിന് തടസ്സമായി.

സാങ്കേതിക നിലവാരം: നിലവില്‍ ഒരു ഇടുങ്ങിയ പരിധിക്കുള്ളില്‍ (Narrow range) കണ്‍സോളിഡേഷന്‍ തുടരുകയാണ്.

സപ്പോര്‍ട്ട് (Support): ആദ്യ സപ്പോര്‍ട്ട് $2.67‍, അടുത്തത് $2.37.

റെസിസ്റ്റന്‍സ് (Resistance): ആദ്യ റെസിസ്റ്റന്‍സ് $3.06, അടുത്തത് $3.40‍.

അടുത്ത ആഴ്ച: ന്യൂട്രല്‍ മുതല്‍ നേരിയ ബുള്ളിഷ് (Neutral to Mildly Bullish) ട്രെന്‍ഡാണ് നാച്ചുറല്‍ ഗ്യാസില്‍ പ്രതീക്ഷിക്കുന്നത്. 2.67 ഡോളര്‍ എന്ന സപ്പോര്‍ട്ട് നിലനിര്‍ത്തിയാല്‍ വില പതുക്കെ 3.06-3.40 ഡോളര്‍ പ്രതിരോധ മേഖലയിലേക്ക് ഉയര്‍ന്നേക്കാം. എന്നാല്‍ ഇന്‍വെന്ററി ശേഖരം പ്രതീക്ഷിച്ചതിലും ഉയര്‍ന്നാല്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായേക്കാം.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Stock Market Morning Analysis
Stock Market Morning Analysis
Stock Market Morning Analysis
ബംഗാളില്‍ എണ്ണയുഗത്തിന് തുടക്കം: അശോക്‌നഗര്‍ എണ്ണപ്പാടത്തുനിന്ന് ആദ്യ ക്രൂഡ് ഓയില്‍ ഹാല്‍ദിയയിലേക്ക്; മമത തടഞ്ഞ ഖനനം ഇന്ത്യയ്ക്ക് വഴിത്തിരിവാകുമോ?
```html ```
logo
DhanamOnline
dhanamonline.com