

കഴിഞ്ഞ ഒരു വർഷക്കാലയളവിനിടെ സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ മൂല്യമേറിയ ലോഹങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ശക്തമായ തിരുത്തലിനും വിപണി സാക്ഷ്യംവഹിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇവയിൽ ഏതാകും കൂടുതൽ നേട്ടം കൈവരിക്കാനുള്ള സാധ്യത എന്ന് പ്രവചിക്കുന്നതിനേക്കാൾ പ്രധാനമാണ്, ഓരോ ലോഹത്തിന്റെയും റിസ്ക്ഘടകങ്ങൾ വിലയിരുത്തി പോർട്ട്ഫോളിയോയിൽ അവയ്ക്കു അർഹമായ സ്ഥാനം നൽകുക എന്നത്.
സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കൂട്ടത്തിൽ വെള്ളിയിലാണ് ഏറ്റവും ശക്തമായ തിരിച്ചുവരവിനുള്ള സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ. എന്നാൽ പണപ്പെരുപ്പവും ആഗോള സംഘർഷങ്ങളും സാമ്പത്തികമാന്ദ്യ ഭീഷണിയും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനാണ് മുൻതൂക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സെക്ടറിലെ അടിസ്ഥാന സൗകര്യ വികസനം കോപ്പറിന് ദീർഘകാല ആവശ്യകത സൃഷ്ടിക്കുമ്പോൾ പ്ലാറ്റിനത്തിന്റെ സമീപകാല സാധ്യതകൾ താരതമ്യേന ദുർബലമാണെന്നും അനലിസ്റ്റുകൾ വിലയിരുത്തുന്നു.
ഒരു ഔൺസ് സ്വർണം വാങ്ങാൻ ആവശ്യമായ വെള്ളിയുടെ അളവാണ് ഗോൾഡ്-സിൽവർ റേഷ്യോ എന്നതിലൂടെ വെളിവാക്കുന്നത്. ജനുവരിയിൽ 50 ആയിരുന്ന ഈ അനുപാതം ഇപ്പോൾ ഏകദേശം 77 നിലവാരത്തിലേക്ക് എത്തിച്ചേർന്നു. അതായത് സ്വർണത്തെ അപേക്ഷിച്ച് വെള്ളിയുടെ വിലയിൽ വലിയ ഇടിവുണ്ടായെന്നാണ് സൂചനയെന്ന് സാരം. ഔൺസിന് 53 ഡോളറിനടുത്തുള്ള വെള്ളി വില ജനുവരിയിലെ 121.67 ഡോളറിന്റെ ഉയരത്തിൽനിന്ന് ഏകദേശം 56 ശതമാനം താഴെയാണ്.
ചരിത്രപരമായ ദീർഘകാല ശരാശരിയിലേക്ക് ഗോൾഡ്-സിൽവർ റേഷ്യോ മടങ്ങാനുള്ള സാധ്യതയുണ്ടെങ്കിലും അതിന് കൃത്യമായ സമയപരിധിയൊന്നും നിശ്ചയിക്കാനാവില്ല. വ്യാവസായിക ആവശ്യകത കുറയുകയോ പലിശ നിരക്ക് ഉയരുകയോ ചെയ്താൽ ഈ റേഷ്യോ ഉയർന്ന നിലയിൽ തുടരാം. ഇക്കഴിഞ്ഞ ജനുവരിയിൽ ഒറ്റ ദിവസം 20 ശതമാനത്തോളം ഇടിവ് നേരിട്ട വെള്ളിയുടെ വിലയിൽ ഇനിയും വലിയ ചാഞ്ചാട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. അതിനാൽ റേഷ്യോ 77-ൽ നിൽക്കുന്നു എന്നതുകൊണ്ട് മാത്രം നിക്ഷേപത്തിനുള്ള ഉറപ്പായ സൂചനയെന്ന് കരുതുന്നതും ഉചിതമായിരിക്കില്ല.
വെള്ളിയും സ്വർണവും പ്രധാനമായും ഡോളർ, പലിശ നിരക്ക്, പണപ്പെരുപ്പം, ആഗോള സംഘർഷങ്ങൾ എന്നിവയോട് പ്രതികരിക്കുമ്പോൾ ചെമ്പിന്റെ അഥവാ കോപ്പറിന്റെ ആവശ്യകത നിർണയിക്കുന്നത് വ്യാവസായിക വളർച്ചയാണ്. എഐ ഡാറ്റ സെന്ററുകൾ, വൈദ്യുതി ഗ്രിഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ പദ്ധതികൾ, വൈദ്യുതി പ്രസരണ ശൃംഖലകൾ എന്നിവയ്ക്കെല്ലാം വലിയ അളവിൽ കോപ്പർ ആവശ്യമാണ്.
പ്രത്യേകിച്ച് എഐ ഡാറ്റ സെന്ററുകളിലെ വൈദ്യുതി വിതരണത്തിനും കൂളിങ് സംവിധാനങ്ങൾക്കും കോപ്പർ നിർണായക ഘടകമാണ്. അതേസമയം ഖനികളിലെ ഉൽപാദന പരിമിതികളും റിഫൈനിങ് ശേഷിയിലെ വെല്ലുവിളികളും ദീർഘകാലയളവിൽ കോപ്പറിന്റെ വില വർധനയ്ക്ക് പിന്തുണയേകാം. എന്നാൽ സെപ്റ്റംബറിലെ റെക്കോഡ് നിലവാരത്തിൽ നിന്ന് വെറും ഏഴ് ശതമാനം മാത്രം താഴെയുള്ള കോപ്പറിന്റെ വിലയിൽ ഭാവിയിലെ ആവശ്യകതയുടെ വലിയൊരു ഭാഗം ഇതിനകം പ്രതിഫലിച്ചിരിക്കാം എന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ വിലയിലുണ്ടാകാവുന്ന കുതിപ്പ് ഘട്ടംഘട്ടമായും ആഗോള വ്യാവസായിക വളർച്ചയ്ക്ക് അനുസൃതവും ആയിരിക്കാനാണ് സാധ്യത.
നിക്ഷേപകർക്ക് സ്വർണത്തെ പ്രധാന സുരക്ഷാ നിക്ഷേപമായും വെള്ളിയെ ഉയർന്ന ചാഞ്ചാട്ടമുള്ള അധിക നേട്ടസാധ്യതയായും കാണാം. സാമ്പത്തിക വളർച്ചയിലും എഐ അടിസ്ഥാനസൗകര്യ വികസനത്തിലും പ്രതീക്ഷയുള്ളവർക്ക് ചെമ്പ് പരിഗണിക്കാം. പ്ലാറ്റിനമാകട്ടെ നിലവിൽ കൂടുതൽ തന്ത്രപരമായ ഹ്രസ്വകാല നിക്ഷേപമായി മാത്രം പരിഗണിക്കുന്നതാണ് ഉചിതം.
സ്വർണത്തിന് കേന്ദ്രബാങ്കുകളുടെ വാങ്ങലും പിന്തുണയാകുന്നുണ്ട്. 2026ലെ മൂന്നാം പാദത്തിൽ കേന്ദ്രബാങ്കുകൾ 321 ടൺ സ്വർണം വാങ്ങി. ഗോൾഡ് ഇടിഎഫുകളിലേക്കും 211 ടണ്ണിന്റെ നിക്ഷേപമെത്തി. എങ്കിലും, ഉയർന്ന പലിശനിരക്ക് തുടരുന്നത് സ്വർണത്തിന്റെ മുന്നേറ്റത്തിന് തടസ്സമായേക്കാം എന്നും വിദഗ്ധർ വ്യക്തമാക്കി.
ചുരുക്കത്തിൽ, ഏറ്റവും കൂടുതൽ ഉയരാൻ സാധ്യതയുള്ള ലോഹം ഏതെന്നതിലുപരിയായി, പോർട്ട്ഫോളിയോയുടെ മൊത്തത്തിലെ റിസ്ക് എത്രയാണെന്നതാണ് പ്രധാനം. വെള്ളിയിൽ അമിതമായി പണം മുടക്കാതെ നിക്ഷേപ വിഹിതം കൃത്യമായി ക്രമീകരിക്കുക. കൂടാതെ, ഓരോ നിക്ഷേപത്തിനും മുൻകൂട്ടി നഷ്ടപരിധി (Stop Loss) നിശ്ചയിക്കുകയും വേണം. വിപണി ഇടിഞ്ഞതിനുശേഷമുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് നിക്ഷേപങ്ങൾ നടത്തുമ്പോഴും ഈ നിക്ഷേപക അച്ചടക്കം ഒരു കാരണവശാലും കൈവിടരുത്.
The article compares the outlook and risks for gold, silver, copper and platinum, highlighting the gold-silver ratio and AI-driven copper demand.
Read DhanamOnline in English
Subscribe to Dhanam Magazine