Begin typing your search above and press return to search.
ഈ ബാങ്ക് നോക്കിവെച്ചോളൂ, 2027 ഓടെ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്
വിപണി മൂലധനത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് 2027 സാമ്പത്തിക വര്‍ഷത്തോടെ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2,135 രൂപ ടാര്‍ഗറ്റ് വിലയില്‍ ഈ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനും വാള്‍സ്ട്രീറ്റ് ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് നിര്‍ദേശിച്ചതായി ബിസിനസ് സ്റ്റാേന്റര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 1.42 ശതമാനം നേട്ടത്തോടെ 1,728.75 രൂപ എന്ന നിലയിലാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്.
ഇന്നലെ ഓഹരി വില 1,707 രൂപ എന്ന നിലയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 42.8 ബില്യണ്‍ ഡോളറായിരുന്നു (3.4 ട്രില്യണ്‍ രൂപ) കൊട്ടക് ബാങ്കിന്റെ വിപണി മൂലധനം. ഇത് 2026-27 സാമ്പത്തിക വര്‍ഷത്തോടെ 100 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ബാങ്ക് ലാഭത്തില്‍ കുത്തനെ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു.
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവ മാത്രമാണ് 100 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള ക്ലബിലുള്ളത്. നേരത്തെ, ഈ നാഴികക്കല്ല് എച്ച്ഡിഎഫ്‌സി ബാങ്ക് പിന്നിട്ടെങ്കിലും ഓഹരി ഇടിഞ്ഞതോടെ 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍നിന്നും പുറത്തായി. നിലവില്‍ 96.4 ബില്യണ്‍ ഡോളറാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, കൊട്ടക് ബാങ്കിന്റെ ഓഹരികള്‍ 26 ശതമാനമാണ് ഉയര്‍ന്നത്.
Next Story