എന്‍ജിനിയറിംഗ്, നിര്‍മാണ ടെക്‌സ്‌റ്റൈല്‍ മേഖലകള്‍ക്ക് നല്ല സമയം, പരിഗണിക്കാവുന്ന 4 ഓഹരികള്‍

അമേരിക്കയില്‍ ഇന്ത്യന്‍ ടവല്‍, ബെഡ്ഷീറ്റുകള്‍ക്ക് നല്ല ഡിമാന്‍ഡാണ്. കൂടാതെ ഇന്ത്യന്‍ ഹോം ടെക്‌സ്‌റ്റൈല്‍ രംഗത്തും വളര്‍ച്ചയുണ്ട്. ഇന്ത്യന്‍ എന്‍ജിനിയറിംഗ്, നിര്‍മാണ കമ്പനികള്‍ക്ക് ആഭ്യന്തര പദ്ധതികള്‍ കൂടാതെ വിദേശ ഓര്‍ഡറുകളിലും വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍.

1.വെല്‍സ്പണ്‍ ലിവിംഗ് (Welspun Living Ltd): ഹോം ടെക്‌സ്‌ടൈല്‍സ് രംഗത്ത് ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് വെല്‍സ്പണ്‍ ലിവിംഗ് ലിമിറ്റഡ്. 2023-24 ഡിസംബര്‍ പാദത്തില്‍ 2,454 കോടി രൂപയുടെ റെക്കോഡ് വരുമാനം നേടി (29% വാര്‍ഷിക വളര്‍ച്ച). നികുതിക്കും പലിശക്കും മുന്‍പുള്ള ലാഭം 67 ശതമാനം വര്‍ധിച്ച് 382 കോടി രൂപയായി. മൂലധനത്തില്‍ നിന്നുള്ള ആദായം 5.7 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായി ഉയര്‍ന്നു. അമേരിക്കന്‍ ഹോം ടെക്‌സ്‌റ്റൈല്‍ വിപണിയില്‍ ഇന്ത്യന്‍ ബെഡ്ഷീറ്റ്, ടവലുകളുടെ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. ഇത് വെല്‍സ്പണ്‍ കമ്പനിക്ക് നേട്ടമാണ്. എന്നാല്‍ പരുത്തി വില വര്‍ധിക്കുന്നതും ചെങ്കടലിലെ അസ്വസ്ഥതകളും മാര്‍ജിനില്‍ കുറവ് വരുത്താന്‍ കാരണമാകാം.

2022-23 മുതല്‍ 2026-27 കാലയളവില്‍ ആഭ്യന്തര ബിസിനസില്‍ മൂന്നിരട്ടി വര്‍ധന ഉണ്ടാകുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ട്. മൊത്തം വാര്‍ഷിക വരുമാനം 15,000 കോടി രൂപയിലേക്ക് ഉയരും. (2022-23ല്‍ 8200 കോടി രൂപ). ടെക്‌സ്‌റ്റൈല്‍ ബിസിനസ് കൂടാതെ ഫ്‌ളോറിംഗ് ബിസിനസിലും അഡ്വാന്‍സ്ഡ് ടെക്സ്‌റ്റൈല്‍ ബിസിനസിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ഫ്‌ളോറിംഗ് വിഭാഗത്തില്‍ അമേരിക്ക, യു.കെ, മധ്യ കിഴക്ക് രാജ്യങ്ങളില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍ നേടാന്‍ സാധിച്ചു. ഹോം ടെക്‌സ്‌റ്റൈല്‍ വിഭാഗത്തില്‍ ശേഷി വര്‍ധന നടപ്പാക്കുന്നത് വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് നേരിടാന്‍ സഹായിക്കും. ഡിസംബര്‍ അവസാനം അറ്റ കടം 1,573 കോടി രൂപയായിരുന്നു. 2024-25ല്‍ കടവിമുക്തമാകാന്‍ സാധിക്കുമെന്ന് കരുതുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 181 രൂപ

നിലവില്‍ 156.60 രൂപ

Stock Recommendation by Sharekhan by BNP Paribas.

2. ഹാപ്പി ഫോര്‍ജിംഗ്സ് (Happy Forgings Ltd): നാലു പതിറ്റാണ്ടായി നിര്‍ണായക എന്‍ജിനിയറിംഗ് ഫോര്‍ജ്ഡ് (forged) ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ലുധിയാനയിലെ കമ്പനിയാണ് ഹാപ്പി ഫോര്‍ജിംഗ്സ്. സൈക്കിള്‍ പെഡലുകള്‍ നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ച കമ്പനി ഇപ്പോള്‍ ഉയര്‍ന്ന കരുത്തുള്ള ഡീസല്‍ ക്രാങ്ക് ഷാഫ്റ്റുകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട്. ഭാരമുള്ള വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്നാണ് വരുമാനത്തിന്റെ 41 ശതമാനം നേടുന്നത്.

കാര്‍ഷിക ഉപകരണങ്ങള്‍ (32%), ഓഫ് ഹൈവേ വാഹന ഉപകരണങ്ങള്‍ (14%), വ്യവസായ ഉപകരണങ്ങള്‍ 13 ശതമാനം എന്നിങ്ങനെ വരുമാനം ലഭിക്കുന്നത്. 2023-24 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 21 ശതമാനം, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 25 ശതമാനം, അറ്റാദായം 30 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24ല്‍ ആദ്യ മൂന്ന് പാദങ്ങളില്‍ കയറ്റുമതി വരുമാനത്തില്‍ 20 ശതമാനം വര്‍ധന രേഖപെടുത്തി (മുന്‍ വര്‍ഷം 13%). ഓട്ടോമൊബൈല്‍, വ്യവസായിക വിഭാഗത്തില്‍ വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത് കൊണ്ട് കമ്പനിയുടെ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുമെന്ന് കരുതാം. 2028-29 വരെ ഉള്ള കാലയളവില്‍ ആഗോള ഫോര്‍ജിങ്സ് വിപണി 5.1 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്കും, ആഭ്യന്തര വിപണി 7.1 ശതമാനം വളര്‍ച്ചയും കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹാപ്പി ഫോര്‍ജിംഗ്സ് കമ്പനിക്ക് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ അവസരം നല്‍കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1125 രൂപ

നിലവില്‍ 978.45 രൂപ.

Stock Recommendation by Motilal Oswal Financial Services).

3.കല്‍പതാരു പ്രൊജ്ക്ട്‌സ് ഇന്റ്റര്‍നാഷണല്‍ (Kalpataru Projects International): പ്രമുഖ എന്‍ജിനിയറിംഗ്, നിര്‍മാണ കമ്പനിയായ കല്‍പതാരു പ്രൊജ്ക്ട്‌സ് മികച്ച ഓര്‍ഡറുകള്‍ കരസ്ഥമാക്കി മുന്നേറുകയാണ്. ഡിസംബറില്‍ 3,244 കോടി രൂപയുടെ ഓര്‍ഡര്‍ കരസ്ഥമാക്കി. നിലവില്‍ 51,753 കോടി രൂപയുടെ ഓര്‍ഡര്‍ നടപ്പാക്കാനുണ്ട്. 2023-24 നാലാം പാദത്തില്‍ 6,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രസരണ വിതരണ പദ്ധതികള്‍ 3 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ സാധിക്കും എന്നാല്‍ കെട്ടിടങ്ങളും ഫാക്റ്ററികളും പൂര്‍ത്തീകരിക്കാന്‍ 2 മുതല്‍ 5 വര്‍ഷം വരെ വേണ്ടി വരും.

സൗദി അരാംകോ മാസ്റ്റര്‍ വാതക സംവിധാനത്തിന്റെ കരാര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഡാറ്റ സെന്റർ, വിമാനത്താവള നിര്‍മാണവും വ്യവസായ പദ്ധതികളുടെ നിര്‍മാണവും ഏറ്റെടുക്കുകയാണ്. ഇത് കമ്പനിയുടെ വളര്‍ച്ച കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രധാന ബിസിനസ് വിഭാഗങ്ങളായ ട്രാന്‍സ്മിഷന്‍, ബയോമാസ് ഊര്‍ജം, അടിസ്ഥാന സൗകര്യ മേഖല എന്നിവ മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കാണ്‍പൂര്‍ ഭൂഗര്‍ഭ മെട്രോ പദ്ധതിക്ക് തുരങ്കം നിര്‍മിച്ചതോടെ പുതിയ ബിസിനസ് അവസരം ലഭിച്ചിരിക്കുന്നു. ഉപകമ്പനിയെ ലയിപ്പിച്ചതോടെ വലിയ വ്യവസായിക നിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്തു നടത്താനുള്ള അവസരം ലഭിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1140 രൂപ

നിലവില്‍ 973 രൂപ

(Stock Recommendation by Sharekhan by BNP Paribas).

4. സാഗര്‍ സിമന്റ്സ് ലിമിറ്റഡ് (Sagar Cements Ltd): ദക്ഷിണ ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനിയായ സാഗര്‍ അതിവേഗത്തില്‍ ഏറ്റെടുക്കലുകളിലൂടെ അതിവേഗത്തില്‍ വികസിക്കുന്ന കമ്പനിയാണ്. 2023ല്‍ ആന്ധ്ര സിമന്റ്സ് എന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. 2025ല്‍ ഉത്പാദന ശേഷി 10 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. 2,539 ഡീലര്‍മാരും 7,084 ഉപ ഡീലര്‍മാരും ഉള്‍പ്പെടുന്ന ശക്തമായ വിതരണ ശൃംഖലയുണ്ട്. 2022-23 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 16 ശതമാനം, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായത്തില്‍ 51 ശതമാനം, അറ്റാദായത്തില്‍ 141 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023ല്‍ ഊര്‍ജ ചെലവുകള്‍ വര്‍ധിച്ചതും അറ്റകുറ്റ പണികള്‍ക്ക് പ്രവര്‍ത്തനം നിറുത്തിവെക്കേണ്ടി വന്നതും കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. പെറ്റ്കോക്ക് വിലകള്‍ മിതപ്പെട്ടത് കൊണ്ട് പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലാകുമെന്ന് കരുതുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന നിര്‍മാണത്തിനും ഊന്നല്‍ നല്‍കുന്നത് കൊണ്ട് സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -333

നിലവില്‍ 253 രൂപ

Stock Recommendation by Systematix Institutional Equitise

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it