ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍

ക്രിപ്‌റ്റോ കറന്‍സി (Cryptocurrency)അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലെമെന്റിനെ അറിയിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ചൊവ്വാഴ്ച രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലെന്നും സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

ആര്‍ബിഐ (RBI) ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കില്ല. പരമ്പരാഗതമായി പുറത്തിറക്കുന്ന പേപ്പര്‍ കറന്‍സിയുടെ ഡിജിറ്റല്‍ രൂപം മാത്രമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെന്നും പങ്കജ് ചൗധരി പറഞ്ഞു. സിബിഡിസിയുടെ ലക്ഷ്യം പേപ്പര്‍ കറന്‍സി ഉപയോഗം കുറയ്ക്കുകയാണ്. കുറഞ്ഞ കൈമാറ്റ ചെലവ് ഉള്‍പ്പടെയുള്ള സിബിഡിസിയുടെ നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.
2019-20 കാലയളവില്‍ 4,378 കോടിയുടെ നോട്ടുകളും 2020-21ല്‍ 4,012 കോടിയുടെ നോട്ടുകളുമാണ് രാജ്യത്ത് അ്ച്ചടിച്ചത്. നോട്ടുകളുടെ അച്ചടി കേന്ദ്രം
കാലക്രമേണ കുറച്ചുകൊണ്ടുവരുകയാണ്. സിബിഡിസി ഘട്ടംഘട്ടമായി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് ആര്‍ബിഐ നടത്തുകയാണെന്നും പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു. സിബിസിഡി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രം കിപ്‌റ്റോ കറന്‍സി അവതരിപ്പുക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്രിപ്‌റ്റോ അടിസ്ഥാനമാക്കുന്ന ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രൂപയുടെ ഡിജിറ്റല്‍ പതിപ്പാവും കേന്ദ്രം അവതരിപ്പിക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it