റിസൾട്ട് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കേന്ദ്രത്തിന്റെ മെഗാ വിൽപന; എൽ.ഐ.സി ഓഹരിയിൽ വൻ ഇടിവ്

ഓഗസ്റ്റ് 6-ന് ഒന്നാം സാമ്പത്തിക പാദത്തിലെ പ്രവർത്തന ഫലങ്ങൾ (Q1 FY27) എൽ.ഐ.സി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഒ.എഫ്.എസ് നീക്കം
LIC Offer for sale and share crash
പ്രതീകാത്മക ചിത്രംImage Source: Canva/licindia.in
Published on

പൊതുമേഖലാ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽ.ഐ.സിയുടെ (BSE: 543526, NSE: LICI) ഓഹരികളിൽ വൻ ഇടിവ്. ചൊവ്വാഴ്ചത്തെ (ഓ​ഗ​സ്റ്റ് 4) സെഷനിൽ 9 ശതമാനത്തോളം ഇടിഞ്ഞ് 392 രൂപയിലാണ് എൽ.ഐ.സി ഓഹരിയുടെ വ്യാപാരം ആരംഭിച്ചത്. ഇപ്പോഴും (12.45pm) ഓഹരിയിൽ കനത്ത ഇടിവിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

എൽ.ഐ.സിയിലുള്ള കേന്ദ്ര സർക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിനായുള്ള 'ഓഫർ ഫോർ സെയിൽ' (OFS) നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരിയിൽ വൻ ഇടിവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ എൽ.ഐ.സി ഓഹരിയിൽ കുറിച്ച ക്ലോസിം​ഗ് വിലയേക്കാൾ (428.50 രൂപ) കുറഞ്ഞ നിരക്കായ 382 രൂപ നിലവാരത്തിലാണ് ഒ.എഫ്.എസ് നടത്താനുള്ള അടിസ്ഥാന വില (ഫ്ലോർ പ്രൈസ്) കേന്ദ്ര സർക്കാർ നിശ്ചയിച്ചത്.

ഒ.എഫ്.എസ് ഘടനയും സമാഹരിക്കുന്ന തുകയും

തിങ്കളാഴ്ച വൈകുന്നേരമാണ് കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്തുനിന്നും എൽ.ഐ.സിയുടെ ഒ.എഫ്.എസ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഓഗസ്റ്റ് 6-ന് ഒന്നാം സാമ്പത്തിക പാദത്തിലെ പ്രവർത്തന ഫലങ്ങൾ (Q1 FY27) എൽ.ഐ.സി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയം.

  • വിറ്റഴിക്കുന്ന വിഹിതം: എൽ.ഐ.സിയുടെ 2.5 ശതമാനം ഓഹരികളാണ് അടിസ്ഥാനപരമായി വിറ്റഴിക്കുന്നത്. എന്നാൽ നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണം ഉണ്ടാകുകയാണെങ്കിൽ 4 ശതമാനം അധിക ഓഹരികൾ കൂടി വിൽക്കാനുള്ള 'ഗ്രീൻഷൂ ഓപ്ഷനും' (Greenshoe option) ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ആകെ തുക: ഗ്രീൻഷൂ ഓപ്ഷൻ പൂർണ്ണമായും ഉപയോഗപ്പെടുത്തിയാൽ ആകെ 6.5 ശതമാനം ഓഹരികൾ വിറ്റഴിച്ച് കേന്ദ്ര സർക്കാരിന് 31,000 കോടിയോളം രൂപ സമാഹരിക്കാൻ കഴിയും.

  • ഫ്ലോർ പ്രൈസ്: ഓഹരിയൊന്നിന് 382 രൂപയാണ് ഒ.എഫ്.എസ് മുഖേനയുള്ള വിൽപ്പനയ്ക്കായി ഫ്ലോർ പ്രൈസ് നിശ്ചയിച്ചിട്ടുള്ളത്. തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയേക്കാൾ ഏകദേശം 11 ശതമാനം താഴെയാണിത് (Discount).

നോൺ-റീട്ടെയിൽ നിക്ഷേപകർക്കായി ഓഗസ്റ്റ് 4-നും, ചെറുകിട നിക്ഷേപകർക്കായി (Retail) ഓഗസ്റ്റ് 5-നുമാണ് ഒ.എഫ്.എസ് വഴി ഓഹരി വാങ്ങാനുള്ള അവസരം.

പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡം

എൽ.ഐ.സിയിൽ കേന്ദ്ര സർക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. നിക്ഷേപകരുടെ വിഹിതം (Public Float) വെറും 3.5 ശതമാനം മാത്രമാണ്. ഓഹരി വിപണിയുടെ നിയന്ത്രകരായ സെബി (SEBI) നിഷ്കർഷിച്ചിട്ടുള്ള മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് (Minimum Public Shareholding) നിബന്ധനകൾ പ്രകാരം 2027 മേയ് മാസത്തിനുള്ളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 90 ശതമാനത്തിലേക്ക് താഴ്ത്തേണ്ടതുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഒ.എഫ്.എസ് മുഖേന 6.5 ശതമാനം ഓഹരി വിൽപന പൂർത്തിയാകുന്നതോടെ കേന്ദ്ര സർക്കാരിന്റെ ഓഹരി വിഹിതം 90 ശതമാനത്തിലേക്ക് താഴുകയും സെബി മാനദണ്ഡങ്ങൾ പാലിക്കപ്പെടുകയും ചെയ്യും.

2022 മേയ് മാസത്തിലാണ് എൽ.ഐ.സി ഓഹരികൾ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത്. ഇതിനുശേഷം സർക്കാർ നടത്തുന്ന ഏറ്റവും വലിയ ഓഹരി വിറ്റഴിക്കലാണ് ഈ ഒ.എഫ്.എസ് മുഖേന നടപ്പാകുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com