ഐ.ടി.സിയിലെ ₹41,500 കോടിയുടെ ഓഹരി തത്കാലം വില്‍ക്കുന്നില്ലെന്ന്‌ കേന്ദ്രം

സിഗററ്റ്, ഭക്ഷ്യോത്പന്നങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, അഗര്‍ബത്തികള്‍, ഹോട്ടലുകൾ തുടങ്ങി എഫ്.എം.സി.ജി ഉത്പന്ന വിതരണ രംഗത്തെയും ഹോസ്പിറ്റാലിറ്റി രംഗത്തെയും പ്രമുഖരും രാജ്യത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നുമായ ഐ.ടി.സിയിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള തീരുമാനം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍.

അടുത്ത ഏതാനും വര്‍ഷത്തേക്ക് ഓഹരി വില്‍പന നടപടികള്‍ വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ കമ്പനികളിലെ ഓഹരി പങ്കാളിത്തവും അനുബന്ധ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗമായ സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് ഓഫ് ദ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (SUUTI) മുഖേന ഐ.ടി.സിയില്‍ 7.8 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഐ.ടി.സിയുടെ 41,500 കോടി രൂപ മതിക്കുന്ന 97.45 കോടി ഓഹരികളാണ്
സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് ഓഫ് ദ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പക്കലുള്ളത്.
ഉയര്‍ന്ന് ഓഹരികള്‍
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേന്ദ്രത്തിന്റെ പക്കലുള്ള ഐ.ടി.സി ഓഹരികളുടെ മൂല്യം ഇരട്ടിയോളം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം ഓഹരി വിലയിലുണ്ടായ വര്‍ധന 25 ശതമാനത്തോളമാണ്.
മാത്രമല്ല, ഓഹരി പങ്കാളിത്തം വഴി ഏകദേശം 1,000 കോടി രൂപ കേന്ദ്രത്തിന് ഐ.ടി.സിയില്‍ നിന്ന് വാര്‍ഷിക ലാഭവിഹിതമായി ലഭിക്കുന്നുമുണ്ട്. ഐ.ടി.സി അടുത്തിടെ ഹോട്ടല്‍ ബിസിനസുകള്‍ മുഖ്യ കമ്പനിയില്‍ നിന്ന് വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഈ നടപടിയും ഓഹരി വിലയിലെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തത്കാലം ഐ.ടി.സിയിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രമെത്തിയത്.
2017ലെ ഓഹരി വില്‍പന
നേരത്തേ, 2017 ഫെബ്രുവരിയില്‍ ഐ.ടി.സിയിലെ ഓഹരി പങ്കാളിത്തത്തില്‍ നിന്ന് രണ്ട് ശതമാനം ഓഹരികള്‍ വിറ്റഴിച്ച് കേന്ദ്രം 6,700 കോടി രൂപ സമാഹരിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വില്‍ക്കുന്ന നടപടികളുടെ ഭാഗമായി ഐ.ടി.സിയിലെ ഓഹരികളും കേന്ദ്രം വിറ്റൊഴിയുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഈ നീക്കത്തില്‍ നിന്നാണ് ഇപ്പോള്‍ പിന്മാറ്റം.
5.31 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് ഐ.ടി.സി ലിമിറ്റഡ്. സെപ്റ്റംബര്‍പാദത്തില്‍ 6 ശതമാനം ഉയര്‍ന്ന് 4,900 കോടി രൂപയായിരുന്നു ലാഭം. 0.58 ശതമാനം താഴ്ന്ന് 426.05 രൂപയിലാണ് നിലവില്‍ ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്.
Related Articles
Next Story
Videos
Share it