പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി കേന്ദ്രം
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റേയും (GIC) ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടേയും 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കുറഞ്ഞ പൊതു ഓഹരി പങ്കാളിത്ത (മിനിമം പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ്) മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓഹരിയുടെ മൂല്യം
സര്‍ക്കാരിന് ജി.ഐ.സിയില്‍ 85.78 ശതമാനവും ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയില്‍ 84.44 ശതമാനവും ഓഹരിയുണ്ട്. നിലവിലെ വിപണി വില അനുസരിച്ച് ജി.ഐ.സിയിലെ 10 ശതമാനം ഓഹരിയുടെ മൂല്യം 4,000 കോടി രൂപ വരും. ന്യൂ ഇന്ത്യ അഷുറന്‍സിന്റേത് 2,300 കോടി രൂപയും.
2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ന്യൂ ഇന്ത്യ അഷുറന്‍സിന്റെ ലാഭം 260 കോടി രൂപയാണ്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 118 കോടി രൂപയായിരുന്നു.