പൊതുമേഖല സ്ഥാപനങ്ങളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കല്‍; ഡിവിഡന്റും ബൈബാക്കും പരിഗണിക്കും

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (central public sector enterprises -CPSEs) പ്രകടനം വിലയിരുത്തുന്ന മെട്രിക്‌സില്‍ ലാഭ വിഹിതവും ഓഹരി തിരികെ വാങ്ങലും (dividend payment and share buybacks) പരിഗണിക്കാന്‍ സര്‍ക്കാര്‍. നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ ഇവ രണ്ടും പരിഗണിച്ചാവും സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തുക. ഓഹരികള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

നിലവില്‍ വിപണി മൂല്യം മാത്രമാണ് പരിഗണിക്കുന്നത്. ഇനി മുതല്‍ ലാഭ വിഹിതവും ഓഹരി തിരികെ വാങ്ങലും ഉള്‍പ്പെടുന്ന ടിആര്‍എസ് (total return to share) കൂടി പരിഗണിച്ചാവും ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും (performance related pay). പൊതുമേഖലാ സ്ഥാപനങ്ങള്‍ കൃത്യമായി ലാഭ വിഹിതം നല്‍കണമെന്ന് നാളുകളായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ആവശ്യപ്പെടുന്ന കാര്യമാണ്.

സ്ഥിരമായി ലാഭ വിഹിതം നല്‍കുന്നതിലൂടെ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുമെന്നും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് അനുകൂലമായി വിപണി വികാരം മാറുമെന്നുമാണ് വിലയിരുത്തല്‍. പ്രധാന ഓഹരി ഉടമ എന്ന നിലയില്‍ ഇത് കേന്ദ്ര സര്‍ക്കാരിനും ഗുണം ചെയ്യും. ഓരോ വര്‍ഷവും പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരുച്ചുവാങ്ങുന്ന ഓഹരികള്‍ കുറഞ്ഞുവരുകയാണ്. 2016-17 കാലയളവില്‍ 18,963 കോടി രൂപയുടെ ഓഹരികളാണ് തിരികെ വാങ്ങിയത്. 2021-22ല്‍ അത് വെറും 394 കോടിയുടേതായിരുന്നു. അതേ സമയം ലാഭവിഹിതമായി 59,101 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it