

വോഡഫോൺ ഐഡിയയുടെ സ്‌പെക്ട്രം കുടിശിക ഓഹരികളാക്കി മാറ്റാൻ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. 36,950 കോടി രൂപ കുടിശ്ശികയാണ് ഓഹരികളാക്കി മാറ്റുന്നത്. ഓഹരികളാക്കി മാറ്റിയാല്‍ കമ്പനിയിലുളള കേന്ദ്ര സര്‍ക്കാര്‍ വിഹിതം 48.99 ശതമാനമായി ഉയരും. അതേസമയം കമ്പനിയുടെ പ്രവർത്തന നിയന്ത്രണം പ്രൊമോട്ടർമാർ നിലനിർത്തുന്നതാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയുളള വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം നൽകുന്നതാണ് നടപടി.
10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളാണ് പുറപ്പെടുവിക്കുക. സെബി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഓഹരികള്‍ ഇഷ്യു ചെയ്യും. കേന്ദ്ര മന്ത്രിസഭയുടെ 2021 ലെ സപ്പോർട്ട് പാക്കേജിന് കീഴിലാണ് നടപടി സ്വീകരിക്കുന്നത്. മൊറട്ടോറിയം കാലയളവിന്റെ അവസാനത്തിൽ ടെലികോം കമ്പനികൾക്ക് മാറ്റിവച്ച സ്പെക്ട്രം പേയ്‌മെന്റ് കുടിശികകൾ ഓഹരിയിലേക്ക് മാറ്റാൻ അനുവദിക്കുന്നതാണ് ഈ പാക്കേജ്.
കമ്പനിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വോഡാഫോണ്‍ ഓഹരികള്‍ വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ വോഡഫോൺ ഐഡിയ ഓഹരികളുടെ മൂല്യത്തിൽ 50 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ നിലവിലുള്ള സാമ്പത്തിക വെല്ലുവിളികളെയും ഭാവിയിലെ വളർച്ചാ സാധ്യതകളെയും കുറിച്ച് നിക്ഷേപകര്‍ക്ക് വലിയ ആശങ്കകളാണ് ഉളളത്. കേന്ദ്ര നടപടി ഓഹരികളുടെ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. ഇന്ന് ഓഹരി 20 ശതമാനം ഉയര്‍ന്ന് 8.16 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കമ്പനിയുടെ മേലുള്ള അടിയന്തര സാമ്പത്തിക ബാധ്യത നിലവില്‍ ഒഴിവായിട്ടുണ്ടെങ്കിലും 4ജി, 5ജി നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിന് പുതിയ ഫണ്ട് കണ്ടെത്തുന്നതിന് വി.ഐ ഇപ്പോഴും പ്രശ്‌നങ്ങൾ നേരുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine