ഓഹരിയൊന്നിന് ₹107—113; ഇന്ത്യയിലെ മുൻനിര ​ഗവ്ടെക് കമ്പനിയുടെ ഐ.പി.ഒ തുടങ്ങി; ​ലി​സ്റ്റിം​ഗ് നേട്ടം ലഭിക്കുമോ?

സുസ്ഥിരമായ ഓർഡർ ബുക്കുണ്ടെങ്കിലും സമീപകാലത്ത് നേരിയ വരുമാന വളർച്ച മാത്രമാണ് സി.എസ്.എം ടെക്നോളജീസ് രേഖപ്പെടുത്തിയിട്ടുള്ളത്
CSM Technologies IPO Review News
Canva
Published on

ഇ-ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ രംഗത്ത് മൂന്ന് പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള സി.എസ്.എം ടെക്നോളജീസ് ലിമിറ്റഡിന്റെ (CSM Technologies Ltd) പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഇന്ന് തുടക്കമായി. ജൂൺ 29 വരെ നീളുന്ന ഈ ഐ.പി.ഒയുടെ ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 10 ശതമാനം ഓഹരികൾക്കുള്ള അപേക്ഷകൾ നിക്ഷേപകരുടെ ഭാ​ഗത്തുനിന്നും എത്തിക്കഴിഞ്ഞു. എന്നിരുന്നാലും സി.എസ്.എം ടെക്നോളജീസ് ഓഹരികൾക്കായുള്ള അനൗദ്യോ​ഗിക വിപണിയിലെ ഡിമാൻഡ് (​ഗ്രേ മാ‌ർക്കറ്റ് പ്രീമിയം) അത്ര ആവേശം ഇതുവരെ സൂചിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

ബിസിനസ് മോഡൽ

1998-ൽ ഒഡീഷയിലെ ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സി.എസ്.എം ടെക്നോളജീസ്, വിവിധ സർക്കാർ ഏജൻസികൾക്കായി ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമുകൾ നിർമ്മിച്ച് നൽകുന്ന പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയാണ്. മൈനിംഗ്, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പൊതുജനസേവനം തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ ബിസിനസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ എത്യോപ്യ, കെനിയ, റുവാണ്ട, ഗാംബിയ ഉൾപ്പെടെ ഒരു ഡസനിലേറെ രാജ്യങ്ങളിൽ സി.എസ്.എം ടെക്നോളജീസിന് നേരിട്ടുള്ള ബിസിനസ് സാന്നിധ്യമുണ്ട്. ഒഡീഷ സർക്കാരിന്റെ 'കൃഷക്', 'സാംസ്' തുടങ്ങിയ ജനപ്രിയ പ്രോജക്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 357.63 കോടി രൂപയുടെ വിവിധ പദ്ധതികൾക്കുള്ള കരാർ (ഓ‍ർ‍ഡർ ബുക്ക്) കമ്പനിയുടെ കൈവശമുണ്ട്.

ഐ.പി.ഒ വിശദാംശം

പൂർണമായും പുതിയ ഓഹരികൾ മാത്രം വിറ്റഴിക്കുന്ന ഫ്രഷ് ഇഷ്യൂ (Fresh Issue) മുഖേന മൊത്തം 145.78 കോടി രൂപയുടേതാണ് ഈ ഐ.പി.ഒ. ഇതിൽ സി.എസ്.എം ടെക്നോളജീസിന്റെ ഓഹരിയൊന്നിന് 107–113 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. 132 ഓഹരികൾ അടങ്ങുന്ന ഒരു ലോട്ടിന് കുറഞ്ഞത് 14,916 രൂപ നിക്ഷേപിക്കേണ്ടിവരും. ജൂൺ 29-ന് ഐ.പി.ഒയിൽ ഓഹരിക്ക് അപേക്ഷിക്കാനുള്ള (ബിഡ്ഡ്) സമയപരിധി അവസാനിക്കും.

അർഹരായ നിക്ഷേപകർക്ക് ഓഹരിയുടെ അലോട്ട്മെന്റ് ജൂൺ 30-നും തുടർന്ന് ജൂലൈ 2-ന് സി.എസ്.എം ടെക്നോളജീസ് ഓഹരിയുടെ ലിസ്റ്റിംഗ് ബി.എസ്.ഇ, എൻ.എസ്.ഇ തുടങ്ങിയ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിലായി നടക്കും. സമാഹരിക്കുന്ന തുകയിൽ 56 കോടി രൂപ പ്രവർത്തന മൂലധനത്തിനും 22.63 കോടി രൂപ നിലവിലെ കടം വീട്ടാനുമാകും കമ്പനി വിനിയോ​ഗിക്കുക.

സാമ്പത്തിക പ്രകടനവും വാല്യുവേഷനും

സി.എസ്.എം ടെക്നോളജീസിന്റെ വരുമാനം 2023-ലെ 161.50 കോടി രൂപയിൽ നിന്ന് 2025-ൽ 200.63 കോടി രൂപയായി ഉയർന്നു. എന്നാൽ അറ്റാദായം (Net Profit) ഇതേ കാലയളവിൽ 15.82 കോടി രൂപയിൽ നിന്ന് 14.09 കോടി രൂപയായി കുറഞ്ഞു. അതേസമയം, 2026 സാമ്പത്തിക വർഷത്തിന്റെ ഇക്കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച ആദ്യ ഒൻപത് മാസങ്ങളിൽ കമ്പനി നേടിയ അറ്റാദായം 14.70 കോടി രൂപയായി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തന ലാഭത്തിന്റെ (EBITDA) മാർജിൻ 18.16 ശതമാനമായി ഉയർന്നത് അനുകൂല സൂചനയാണ്.

ഐ.പി.ഒയിൽ നിശ്ചയിച്ചിട്ടുള്ള ഓഹരിയുടെ പ്രൈസ് ബാൻഡിന്റെ ഉയർന്ന വിലനിലവാരത്തിൽ നോക്കിയാൽ, കമ്പനിയുടെ പി.ഇ റേഷ്യോ 29.75 മടങ്ങിലാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി അറ്റാദായത്തിൽ വലിയ വളർച്ച കാണിക്കാത്ത ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ വാല്യുവേഷൻ അത്ര കുറഞ്ഞ നിരക്കാണെന്ന് പറയാനുമാകില്ല എന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. അതേസമയം 23.75 ശതമാനമുള്ള ഉയർന്ന ആർ.ഒ.ഇ അനുപാതവും കൃത്യമായ ഡിവിഡന്റ് നൽകിയിട്ടുള്ള മുൻകാല ചരിത്രവും ആശ്വാസകരമാണെങ്കിലും, ദീർഘമായ കാലയളവിലേക്കുള്ള കാഴ്ചപ്പാടോടെ മാത്രം നിക്ഷേപകർ ഈ ഐ.പി.ഒയെ സമീപിക്കുന്നതാകും ഉചിതമെന്നും അനലി​സ്റ്റുകൾ അഭിപ്രായപ്പെട്ടു.

അനക്കമില്ലാതെ ജി.എം.പി

സി.എസ്.എം ടെക്നോളജീസ് ഐ.പി.ഒ.യിൽ പ്രൈസ് ബാൻഡ് നിശ്ചയിക്കപ്പെട്ടതിനു പിന്നാലെ 4 രൂപയാണ് ​ഗ്രേ മാർക്കറ്റ് പ്രീമിയമായി (ജി.എം.പി) രേഖപ്പെടുത്തിയത്. ഇന്ന് ഐ.പി.ഒയിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചിട്ടും ഓഹരിക്ക് അനൗദ്യോ​ഗിക വിപണിയിലുള്ള ഡിമാൻഡ് തണുത്ത മട്ടിലാണുള്ളത്. ഗ്രേ മാർക്കറ്റ് പ്രീമിയം 4 രൂപയിൽ തന്നെ തുടരുന്നു. ലി​സ്റ്റിം​ഗ് ദിനം വരെ ഇതേനില തുടർന്നാൽ സി.എസ്.എം ടെക്നോളജീസ് ഐ.പി.ഒ.യിൽ നിന്നും 3.5 ശതമാനം നേട്ടമേ പ്രതീക്ഷിക്കാനാകൂ എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അനലി​സ്റ്റുകൾ വ്യക്തമാക്കി.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com