മറ്റൊരു ഇന്ത്യന്‍ കമ്പനിയില്‍ കൂടി നിക്ഷേപമൊഴുക്കി ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്

ഇന്ത്യന്‍ വംശജന്‍ രാജീവ് ജെയ്‌ന്റെ നേതൃത്വത്തിലുള്ള യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ജി.എം.ആര്‍ എയര്‍പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ 4.68 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 28.2 കോടി ഓഹരികള്‍ 1671.55 കോടി രൂപയ്ക്കാണ് ബള്‍ക്ക് ഡീല്‍ വഴി ജി.ക്യു.ജി സ്വന്തമാക്കിയത്. ശരാശരി ഒരു ഓഹരിക്ക് 59.09 രൂപ എന്ന നിരക്കിലാണ് വാങ്ങല്‍. അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപത്തിലൂടെ ശ്രദ്ധനേടിയിട്ടുള്ള കമ്പനിയാണ് ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്.

നോമുറ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മദര്‍ ഫണ്ട് ഒരു ശതമാനം
ഓഹരിയും
സ്റ്റിച്ചിംഗ് ഡെപ്പോസിറ്റല്‍ എ.പി.ജി എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി പൂള്‍ 0.56 ശതമാനം എന്നിങ്ങനെയും ജെ.എം.ആറില്‍ ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. 59.09 രൂപ നിരക്കില്‍ ഓഹരി സ്വന്തമാക്കാനായി ഇരുവരും യഥാക്രമം 363.7 കോടി രൂപ, 198 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപിച്ചത്.
വിറ്റഴിക്കാന്‍ നിരവധി കമ്പനികള്‍
നിരവധി സ്ഥാപനങ്ങളാണ് അവരുടെ കൈവശമുള്ള ജി.എം.ആര്‍ ഓഹരികള്‍ ബള്‍ക്ക് ഡീല്‍ വഴി വിറ്റഴിച്ചത്. എ.എസ്.എന്‍ ഇന്‍വെസ്റ്റ്‌മെന്റ് 7.27 ശതമാനം ഓഹരികളും (2,55.8 കോടി രൂപ) വരണിയം ഇന്ത്യ ഓപ്പര്‍ച്യൂണിറ്റി ലിമിറ്റഡ് 2.3 ശതമാനം ഓഹരികളും (812.7 കോടി രൂപ) എ/ഡി ഇന്‍വെസ്റ്റേഴ്‌സ് ഫണ്ട് എല്‍.പി 1.36 ഓഹരികളും (440.28 കോടി രൂപ) ഡെക്കാന്‍ വാല്യു ഇന്‍വെസ്റ്റേഴ്‌സ് ഫണ്ട് 0.9 ശതമാനവും (326.97 കോടിരൂപ) വിറ്റഴിച്ചു. ശരാശരി 58.2 രൂപയ്ക്കായിരുന്നു വില്‍പ്പന.
2020ല്‍ പാരീസ് ആസ്ഥാനമായ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ എ.ഡി.പി ജി.എം.ആര്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 190 കോടി രൂപയുടെ നഷ്ടമാണ് ജെ.എം.ആര്‍ എയര്‍പോര്‍ട്‌സ് രേഖപ്പെടുത്തിയത്. തൊട്ടു മുന്‍ വര്‍ഷം സമാനപാദത്തിലിത് 197 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 25 ശതമാനം വര്‍ധിച്ച് 1,607 കോടി രൂപയായി.
ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്നലെ ജെ.എം.ആര്‍ ഓഹരികള്‍ 14 ശതമാനം ഉയര്‍ന്നിരുന്നു. കമ്പനിയുടെ 12.6 ശതമാനത്തോളം ഓഹരികളാണ് ഇന്നലെ കൈമാറ്റം നടന്നത്.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 12.07 ശതമാനം ഉയര്‍ന്ന് 69.15 രൂപയിലാണ് ജെ.എം.ആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിയുള്ളത്.

ജി.ക്യു.ജിയുടെ ഇന്ത്യന്‍ നിക്ഷേപം

ഈ വര്‍ഷം മാര്‍ച്ചിലാണ് ജി.ക്യു.ജി ആദ്യമായി അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അദാനി പോര്‍ട്ടില്‍ 8 ശതമാനം ഓഹരി വാങ്ങാനായി 9,000 കോടി രൂപ നിക്ഷേപിച്ചതാണ് അവസാനത്തേത്. അദാനി ഗ്രൂപ്പിലെ പത്ത് ലിസ്റ്റഡ് കമ്പനികളില്‍ ആറിലും കൂടിയുള്ള ജി.ക്യു.ജിയുടെ മൊത്ത നിക്ഷേപം 20,360 കോടി രൂപയാണ്.

ഇതുകൂടാതെ ജെ.എസ്.ഡബ്ല്യു എനര്‍ജിയില്‍ 762 കോടി രൂപയുടെ നിക്ഷേപവും പതഞ്ജലി ഫുഡ്‌സില്‍ 2,150 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഐ.ടി.സി. എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലും ജി.ക്യു.ജിക്ക് നിക്ഷേപമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it