അദാനി ഗ്രൂപ്പിലെ 7 കമ്പനികളില്‍ ഓഹരി പങ്കാളിത്തം കൂട്ടി ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്

യു.എസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ണേഴ്സ് ഡിസംബര്‍ പാദത്തില്‍ ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരിപങ്കാളിത്തം വര്‍ധിപ്പിച്ചു. അതേസമയം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തത്തില്‍ മാറ്റം വരുത്തിയില്ല.

ഏഴ് അദാനി ഗ്രൂപ്പ് കമ്പനികള്‍

ജി.ക്യു.ജി പാര്‍ട്ണേഴ്സ് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിലെ (APSEZ) ഓഹരിപങ്കാളിത്തം സെപ്റ്റംബര്‍ 30ലെ 3.53 ശതമാനത്തില്‍ നിന്ന് 3.76 ശതമാനമായി ഉയര്‍ത്തി. അദാനി എന്റര്‍പ്രൈസിലെ ഓഹരികള്‍ ഇതേ കാലയളവില്‍ 2.74 ശതമാനത്തില്‍ നിന്ന് 2.95 ശതമാനമായും ഉയര്‍ത്തി.

അദാനി എനര്‍ജി സൊല്യൂഷന്‍സിലെ (എ.ഇ.എസ്.എല്‍) ഓഹരി 2.49 ശതമാനത്തില്‍ നിന്ന് 2.51 ശതമാനമായും അദാനി ഗ്രീന്‍ എനര്‍ജിയിലെ (AGEL) ഓഹരി 3.55 ശതമാനത്തില്‍ നിന്ന് 3.68 ശതമാനമായും അദാനി പവറിലെ ഓഹരി 4.03 ശതമാനത്തില്‍ നിന്ന് 4.17 ശതമാനമായും ജി.ക്യു.ജി പാര്‍ട്ണേഴ്സ് ഉയര്‍ത്തി. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളിലെ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സിന്റെ നിക്ഷേപം സെപ്റ്റംബറിലെ 27,499 കോടി രൂപയില്‍ നിന്ന് 40 ശതമാനം നേട്ടത്തില്‍ 2023 ഡിസംബറില്‍ 38,585 കോടി രൂപയായി ഉയര്‍ന്നു.

സ്ഥിരത തുടര്‍ന്ന് എല്‍.ഐ.സി

അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അംബുജ സിമന്റ്സ് എന്നീ മൂന്ന് സ്ഥാപനങ്ങളിലെ എല്‍.ഐ.സിയുടെ ഓഹരി പങ്കാളിത്തം മാറ്റമില്ലാതെ തുടര്‍ന്നു. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ നിന്ന് ഡിസംബര്‍ പാദത്തിലെത്തിയപ്പോള്‍ എ.സി.സിയില്‍ എല്‍.ഐ.സിയുടെ ഓഹരി പങ്കാളിത്തം 0.27 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ ഓഹരി 0.68 ശതമാനവും അദാനി എന്റര്‍പ്രൈസിലെ ഓഹരി 0.30 ശതമാനവും കുറഞ്ഞു.

അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 7.86 ശതമാനത്തോടെ ഏറ്റവും ഉയര്‍ന്ന ഓഹരി പങ്കാളിത്തവും എ.സി.സിയില്‍ 6.41 ശതമാനം ഓഹരിയും അംബുജ സിമന്റ്സില്‍ 6.29 ശതമാനം ഓഹരിയും എല്‍.ഐ.സിക്കാണ്. 1.36 ശതമാനത്തോടെ അദാനി ഗ്രീന്‍ എനര്‍ജിയിലാണ് ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തമുള്ളത്.

റീറ്റെയ്ല്‍ ഓഹരി ഉടമകളുടെ എണ്ണം

അദാനി ഗ്രൂപ്പ് കമ്പനികളിലെ റീറ്റെയ്ല്‍ ഓഹരി ഉടമകളുടെ എണ്ണം 2023 സെപ്റ്റംബര്‍ലെ 64 ലക്ഷത്തില്‍ നിന്ന് ഡിസംബര്‍ അവസാനത്തോടെ 3.4 ശതമാനം വര്‍ധിച്ച് 67 ലക്ഷമായി. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത 10 കമ്പനികളിലുടനീളം റീറ്റെയ്ല്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അദാനി ടോട്ടല്‍ ഗ്യാസ് 32.6 ശതമാനത്തോടെ പരമാവധി വര്‍ധന രേഖപ്പെടുത്തി.

പിന്നാലെ 13.3 ശതമാനം വര്‍ധനയുമായി അദാനി എനര്‍ജി സൊല്യൂഷന്‍സും. അതേസമയം അദാനി പവര്‍ റീറ്റെയ്ല്‍ ഓഹരി ഉടമകളുടെ എണ്ണത്തില്‍ 1.9 ശതമാനവും അദാനി എന്റര്‍പ്രൈസസ് 0.9 ശതമാനവും അംബുജ സിമന്റ് 5.7 ശതമാനവും എ.സി.സി 1.9 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Related Articles
Next Story
Videos
Share it