

ഒരു ദശകത്തോളം നീണ്ട റെഗുലേറ്ററി നൂലാമാലകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) ലിസ്റ്റിംഗിലേക്ക്. എന്‍എസ്ഇയുടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) മുന്നോടിയായി നല്‍കേണ്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) ഈ മാസം അവസാനത്തോടെ സെബി (SEBI) നല്‍കിയേക്കും. ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെയാണ് വിപണി കാത്തിരുന്ന ഈ നിര്‍ണായക സൂചന നല്‍കിയത്. എന്‍എസ്ഇയുടെ ഐപിഒ അപേക്ഷ ഇപ്പോള്‍ സെബിയുടെ പരിഗണനയുടെ അവസാന ഘട്ടത്തിലാണെന്നും ഈ മാസം തന്നെ അനുമതി നല്‍കാന്‍ സാധിക്കുമെന്നുമാണ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.
സെബിയില്‍ നിന്ന് എന്‍ഒസി ലഭിച്ചു കഴിഞ്ഞാല്‍ 8-9 മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് എന്‍എസ്ഇ സിഇഒ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ലിസ്റ്റിംഗിന് മുന്നോടിയായി വലിയ നിക്ഷേപ താല്‍പര്യമാണ് എന്‍എസ്ഇ ആകര്‍ഷിക്കുന്നത്. ഏകദേശം 5 മുതല്‍ 6 ലക്ഷം കോടി രൂപ വരെയായിരിക്കും വിപണി മൂല്യം പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനികളിലൊന്നായി എന്‍എസ്ഇ മാറും.
10,000 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് എന്‍എസ്ഇ ആദ്യമായി ഐപിഒ രേഖകള്‍ (DRHP) സമര്‍പ്പിച്ചത്. എന്നാല്‍ കോ-ലൊക്കേഷന്‍ വിവാദവും ഡാര്‍ക്ക് ഫൈബര്‍ കേസുകളും ലിസ്റ്റിംഗിന് തടസമാവുകയായിരുന്നു.
എന്‍.എസ്.ഇയുടെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടലംഘനങ്ങളാണ് ഐപിഒ നടപടികളെ പ്രതികൂലമായി ബാധിച്ചത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് ചട്ടങ്ങള്‍ ലംഘിച്ചതിന് സെബിയുടെ അന്വേഷണം എന്‍.എസ്.ഇ നേരിട്ടിരുന്നു. ട്രേഡിംഗ് സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്തുവെന്നതിന്റെ പേരില്‍ സെബിയില്‍ നിന്ന് എന്‍.എസ്.ഇയ്ക്ക് നോട്ടീസ് ലഭിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള നിയമതര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം അവസാനം 150 ദശലക്ഷം ഡോളര്‍ പിഴ നല്‍കാമെന്ന് എന്‍.എസ്.ഇ സെബിയെ അറിയിച്ചിരുന്നു. മാനേജ്മെന്റിലെ മാറ്റങ്ങളും റെഗുലേറ്ററി പിഴകള്‍ ഒടുക്കിയതും വഴി ഇപ്പോള്‍ തടസങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
ഐപിഒ യാഥാര്‍ത്ഥ്യമാകുന്നതോടെ എന്‍എസ്ഇയില്‍ നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ള എല്‍.ഐ.സി (LIC), എസ്.ബി.ഐ (SBI) തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍ക്കും മറ്റ് വ്യക്തിഗത ഓഹരി ഉടമകള്‍ക്കും നിക്ഷേപം പണമാക്കാന്‍ അവസരം ലഭിക്കും. കൂടാതെ, ചില്ലറ നിക്ഷേപകര്‍ക്ക് (Retail Investors) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് പങ്കാളികളാകാനും ഇത് വഴിയൊരുക്കും.
സെബിയുടെ എന്‍ഒസി ലഭിച്ചു കഴിഞ്ഞാല്‍ എന്‍എസ്ഇ ഡ്രാഫ്റ്റ് പേപ്പറുകള്‍ (DRHP) സമര്‍പ്പിക്കുന്നതോടെ ഐപിഒ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കും. 2026-ലെ ഏറ്റവും വലിയ നിക്ഷേപ അവസരമായാണ് വിപണി ഇതിനെ കാണുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine