Begin typing your search above and press return to search.
സീറോധ പിന്നിലായി; സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗ്രോ ഒന്നാമത്
ഇന്ത്യയില്‍ ഏറ്റവുമധികം സജീവ ഉപയോക്താക്കളുള്ള സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമെന്ന നേട്ടം സീറോധയെ (Zerodha) രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഗ്രോ (Groww) സ്വന്തമാക്കി. നെക്‌സ്റ്റ് ബില്യണ്‍ ടെക്‌നോളജി അഥവാ ഗ്രോയ്ക്ക് സെപ്റ്റംബറിലെ കണക്കുപ്രകാരം 66.3 ലക്ഷം സജീവ ഇടപാടുകാരാണുള്ളത്. സീറോധയുടെ സജീവ ഇടപാടുകാര്‍ 64.8 ലക്ഷവും. 48.6 ലക്ഷം പേരുമായി ഏഞ്ചല്‍വണ്‍ (AngelOne) മൂന്നാമതും 21.9 ലക്ഷം പേരുമായി ആര്‍.കെ.എസ്.വി സെക്യൂരിറ്റീസ് അഥവാ അപ്‌സ്റ്റോക്‌സ് (Upstox) നാലാമതുമാണെന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള (എന്‍.എസ്.ഇ) കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സീറോധയ്ക്ക് 63.2 ലക്ഷം പേരും ഗ്രോയ്ക്ക് 59.9 ലക്ഷം പേരുമായിരുന്നു സജീവ ഇടപാടുകാര്‍.
ഐ.പി.ഒ നേട്ടമായി
നിരവധി കമ്പനികള്‍ ഐ.പി.ഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പന) ഓഹരി വിപണിയിലേക്ക് എത്തിയതും ഓഹരി വിപണിയുടെ താരതമ്യേന മികച്ച പ്രകടനവും കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം 62 ലക്ഷം പുതിയ ഡിമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ഓഹരി ഇടപാടിന് ആവശ്യമായ അക്കൗണ്ടാണിത്. ആകെ 13 കോടി ഡിമാറ്റ് അക്കൗണ്ടുടമകളാണ് രാജ്യത്തുള്ളത്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാത്രമാണിത്. ഇന്ത്യക്ക് ഇനിയും വന്‍ വളര്‍ച്ചാ സാദ്ധ്യതയുണ്ടെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ഈ കണക്കുകള്‍.
വിപണി വിഹിതത്തിലും ഇഞ്ചോടിഞ്ച്
സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ സെപ്റ്റംബര്‍ പ്രകാരം 19.87 ശതമാനമാണ് ഗ്രോയുടെ വിപണിവിഹിതം. സീറോധയുടേത് 19.42 ശതമാനവും. മൂന്നാമതുള്ള ഏഞ്ചല്‍വണ്ണിന് വിപണിവിഹിതം 14.56 ശതമാനമാണ്. അപ്‌സ്‌റ്റോക്‌സിന് 6.58 ശതമാനം.
ലാഭത്തില്‍ താരം സീറോധ
ലാഭത്തില്‍ ഇപ്പോഴും ബഹുദൂരം മുന്നില്‍ നിഖില്‍-നിതിന്‍ കാമത്ത് സഹോദരന്മാര്‍ നയിക്കുന്ന സീറോധ തന്നെയാണ്. 2022-23ല്‍ 2,907 കോടി രൂപയായിരുന്നു സീറോയുടെ ലാഭം.
73 കോടി രൂപ ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോ രേഖപ്പെടുത്തിയത്. എക്‌സ്‌ചേഞ്ച് ട്രാന്‍സാക്ഷന്‍ ഫീസിലൂടെയാണ് സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രധാനമായും വരുമാനം നേടുന്നത്.
Next Story
Videos