

പുതുതായി ലിസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ഗ്രോയുടെ മാതൃകമ്പനിയായ ബില്യണ്‍ബ്രെയ്ന്‍സ് ഗാരേജ് (Billionbrains Garage) രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ ലാഭത്തില്‍ 12 ശതമാനം വര്‍ധന നേടാന്‍ സാധിച്ചു. 420.16 കോടി രൂപയില്‍ നിന്ന് ലാഭം 471.33 കോടി രൂപയായി ഉയര്‍ന്നു.
അതേസമയം, വരുമാനത്തില്‍ തിരിച്ചടിയുണ്ടായി. മുന്‍വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 1,125.38 കോടി രൂപ വരുമാനം ലഭിച്ചിടത്ത് ഇത്തവണ 1,018.74 കോടി രൂപയായി താഴ്ന്നു. വരുമാനം കുറഞ്ഞത് ലാഭത്തില്‍ പ്രതിഫലിക്കാത്തതിന് കാരണം ചെലവിലുണ്ടായ കുറവാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ചെലവ് 27 ശതമാനം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. 589.79 കോടി രൂപയില്‍ നിന്ന് 432.59 കോടി രൂപയിലേക്ക് ചെലവ് താഴ്ന്നത്.
രണ്ടാംപാദത്തില്‍ ആക്ടീവ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 3.2 ശതമാനം വര്‍ധനയുണ്ടായി. പുതിയ ഉപയോക്താക്കളില്‍ 36 ശതമാനവും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയാണ് തുടങ്ങിയത്. സ്റ്റോക്കുകളില്‍ നിക്ഷേപിച്ച പുതിയ നിക്ഷേപകര്‍ 37 ശതമാനം വരും. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം കുറവ്. ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന കന്നി ഉപയോക്താക്കള്‍ 6 ശതമാനമായി ഉയര്‍ന്നു.
ഐപിഒയില്‍ 100 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന ഗ്രോ ഓഹരികള്‍ 114 രൂപയ്ക്കായിരുന്നു ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. ഇതിനുശേഷം ചുരുങ്ങിയ ദിവസം കൊണ്ട് 90 ശതമാമനം അധികം വിലവര്‍ധിച്ച് 193.80 രൂപ വരെ ഓഹരി വില എത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് വില കുത്തനെ ഇടിയുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 97,500 കോടി രൂപയാണ്.
നവംബര്‍ നാല് മുതല്‍ ഏഴ് വരെ നടന്ന ഗ്രോയുടെ ഐ.പി.ഒയ്ക്ക് 17.6 മടങ്ങ് സബ്സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ഐ.പി.ഒ വഴി 6,632.30 കോടി രൂപയാണ് വിപണിയില്‍ നിന്ന് സമാഹരിച്ചത്. 2016 ല്‍ സ്ഥാപിതമായ ബ്രോക്കിംഗ് കമ്പനിക്ക് 2025 ജൂണ്‍ വരെയുള്ള കണക്കുകളനുസരിച്ച് 12.6 മില്യണ്‍ സജീവ ഇടപാടുകാരുണ്ട്. വിപണി വിഹിതം 26 ശതമാനവും. ഐ.പി.ഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഗ്രോ 2,984.5 കോടി രൂപ സമാഹരിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine