

ജി.എസ്.ടി പരിഷ്കാരത്തെ തുടര്‍ന്ന് ഏറ്റവും ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ഓട്ടോ മേഖല. മിക്ക പാസഞ്ചർ വാഹനങ്ങളുടെയും ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായി കുറച്ചിരിക്കുകയാണ്. കാറുകളുടെയും ബൈക്കുകളുടെയും വിലയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായി വാഹനങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനികള്‍ക്കുളളത്.
വാഹന വ്യവസായത്തിന് നിർണായകമായ ഘട്ടത്തിലാണ് ജിഎസ്ടി പരിഷ്കരണം വരുന്നത്. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പന 2025 സാമ്പത്തിക വർഷത്തിൽ 9 ശതമാനം വർധിച്ച് 1.96 കോടി യൂണിറ്റായി. 2024 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 13 ശതമാനം വളർച്ചയേക്കാൾ താഴെയാണിത്. പാസഞ്ചർ വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ 8 ശതമാനം വളർച്ചയിൽ നിന്ന് വെറും 2 ശതമാനം വർധിച്ച് 43 ലക്ഷം യൂണിറ്റായി.
ശക്തമായ വിൽപ്പന നടക്കുന്ന സമയമായ ഉത്സവ സീസണിൽ ജിഎസ്ടി കുറയ്ക്കൽ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ, ചെറുകാറുകൾ, ഹാച്ച്ബാക്കുകൾ, കോംപാക്റ്റ് സെഡാനുകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറച്ചത് വിൽപ്പനയിൽ വർദ്ധനവിന് കാരണമാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. കമ്പനികള്‍ വലിയ ഡിസ്‌കൗണ്ടാണ് ഇവയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്ക് 6 ശതമാനമായി കുറച്ചത് ഇഎംഐ കൾ കുറയ്ക്കുമെന്നതും വില്‍പ്പനയില്‍ മുന്നേറ്റമുണ്ടാകുന്നതിനുളള അനുകൂല ഘടകമാണ്.
ഓഗസ്റ്റ് 18 മുതൽ നിഫ്റ്റി ഓട്ടോ സൂചിക 12 ശതമാനത്തിലധികമാണ് ഉയർന്നത്. വാഹന മേഖലയ്ക്ക് അനുകൂലമായ സംഭവവികാസങ്ങൾക്കിടയിൽ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നീ പ്രമുഖ കമ്പനികളില്‍ നിക്ഷേപകര്‍ക്ക് ഏത് ഓഹരിയാണ് ദീർഘകാല മെച്ചം നല്‍കുകയെന്നാണ് ഇവിടെ പരിശോധിക്കുന്നത്.
50 ശതമാനം വിപണി വിഹിതം, വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ (പെട്രോൾ, സിഎൻജി, ഹൈബ്രിഡ്, ഇവി കൾ), വികസ്വര വിപണികളിലേക്കുളള വർദ്ധിച്ചുവരുന്ന കയറ്റുമതി വ്യാപനം എന്നിവ മാരുതി സുസുക്കിക്കുളള പ്രധാന നേട്ടങ്ങളാണ്. പ്രീമിയം ബൈക്കുകളുടെ വിശാലമായ പോർട്ട്‌ഫോളിയോയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലെ പ്രാധാന്യവും മുചക്ര വിഭാഗത്തിലെ സാന്നിധ്യവും ബജാജ് ഓട്ടോയെ വേറിട്ട് നിര്‍ത്തുന്നു. എന്നിരുന്നാലും ഓല, ഏഥർ, ടിവിഎസ്, ഹീറോ മോട്ടോകോർപ്പ് എന്നിവയിൽ നിന്നുള്ള കടുത്ത മത്സരം ബജാജ് ഓട്ടോയുടെ വിപണി വിഹിതം കുറക്കാനുളള സാധ്യതകളും ഉണ്ട്. ആഭ്യന്തര വാണിജ്യ വാഹന (commercial vehicle), പാസഞ്ചർ വാഹന (passenger vehicle) വിഭാഗങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ കരുത്തുളള കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്.
കഴിഞ്ഞ വർഷം 18 ശതമാനം ഇടിവ് നേരിട്ടെങ്കിലും 2025 ൽ ഇതുവരെ 6 ശതമാനവും കഴിഞ്ഞ മാസം 13 ശതമാനവും നേട്ടമുണ്ടാക്കാന്‍ ബജാജ് ഓട്ടോ ഓഹരികൾക്കായി. മാരുതി സുസുക്കി ഓഹരി കഴിഞ്ഞ വർഷം ഏകദേശം 25 ശതമാനം വളർച്ച കൈവരിച്ചു. 2025 വര്‍ഷം ഇതുവരെ 40.5 ശതമാനം വളർച്ചയും കഴിഞ്ഞ മാസം 21 ശതമാനം റാലിയും രേഖപ്പെടുത്താന്‍ മാരുതിക്കായി.
അതേസമയം ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വർഷം 27 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 4 ശതമാനം ഇടിവാണ് ഓഹരിക്കുണ്ടായത്. എന്നാൽ കഴിഞ്ഞ മാസം 9 ശതമാനം നേട്ടം ഓഹരി കൈവരിച്ചു.
പ്രബലമായ വിപണി വിഹിതം കണക്കിലെടുക്കുമ്പോൾ ദീർഘകാല നിക്ഷേപകർ മാരുതി സുസുക്കിക്കാണ് പരിഗണന നല്‍കുക. അതേസമയം, ടാറ്റ മോട്ടോഴ്‌സും ബജാജ് ഓട്ടോയും ടെക് ചാർട്ടുകൾ അനുസരിച്ച് സമീപ, ഇടത്തരം കാലയളവിൽ പ്രതീക്ഷ നൽകുന്നതായി കാണപ്പെടുന്നു.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
GST reforms boost auto stocks – long-term investment prospects of Maruti Suzuki, Bajaj Auto, and Tata Motors analyzed.
Read DhanamOnline in English
Subscribe to Dhanam Magazine