

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) തുടങ്ങിയവരും ഓഹരി വിപണിയിലേക്ക് ഇറങ്ങാന്‍ ആലോചിക്കുന്നവരും ഇത് വായിച്ചിരിക്കണം. 'VIP ഗ്രൂപ്പില്‍ ചേരൂ' എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. കാരണം വിപണി വളരുന്നതിനൊപ്പം തട്ടിപ്പുകാരും സജീവമാകുകയാണ്.
ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 2025 വരെ മാത്രം 235 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നു. ആകെ ഡീമാറ്റ് അക്കൗണ്ടുകള്‍ 21.6 കോടി കടന്നു. മ്യൂച്വല്‍ ഫണ്ടില്‍ 5.9 കോടി യുണീക് നിക്ഷേപകരുണ്ട്, അതില്‍ 3.5 കോടി പേര്‍ ടയര്‍-1 ഇതര നഗരങ്ങളില്‍ നിന്നാണ്. പരിചയം കുറഞ്ഞ പുതിയ നിക്ഷേപകരുടെ ഈ വലിയ നിരയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. അപരിചിത നമ്പറില്‍ നിന്ന് 'VIP ഗ്രൂപ്പ്', 'ഫ്രീ ട്രേഡിങ് കോഴ്‌സ്' എന്നീ പേരുകളില്‍ വാട്‌സാപ്പ്/ടെലിഗ്രാം ലിങ്ക് വരും. ഗ്രൂപ്പില്‍ വിദേശ നമ്പറുകളിലുള്ള 'വിദഗ്ധര്‍' ഓഹരി ടിപ്പുകള്‍ നല്‍കും. ചിലര്‍ ലാഭത്തിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഇടുകയും 'വിദഗ്ധനെ' പുകഴ്ത്തുകയും ചെയ്യും.
ഈ ലാഭക്കാര്‍ പലപ്പോഴും സംഘത്തിലെ തന്നെ ആളുകളാണ്. സെബി ഇതിനെ ആസ്‌ട്രോടര്‍ഫിങ് എന്ന് വിളിക്കുന്നു. പിന്നീട് ഒരു പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കും. അതില്‍ കാണുന്ന ലാഭം സ്‌ക്രീനിലെ അക്കങ്ങള്‍ മാത്രമാണ്. പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ടാക്‌സ്, ഫീസ് എന്നീ പേരുകളില്‍ വീണ്ടും പണം ചോദിക്കും.
ഇത് കേരളത്തിലും നടക്കുന്നുണ്ട്. 2025 സെപ്റ്റംബറില്‍ കൊച്ചിയിലെ ഒരു ഫാര്‍മ വ്യവസായിക്ക് വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴി 24.76 കോടി രൂപ നഷ്ടപ്പെട്ടു. ആ മാസം ആദ്യ രണ്ടാഴ്ചയില്‍ വ്യാജ ഷെയര്‍ ട്രേഡിങ്, ക്രിപ്‌റ്റോ, ഫോറെക്‌സ് തട്ടിപ്പുകളില്‍ സംസ്ഥാനത്ത് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2023 ഡിസംബര്‍ മുതല്‍ 2024 മേയ് വരെയുള്ള ആറ് മാസത്തില്‍ എല്ലാത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളിലുമായി കേരളത്തിന് നഷ്ടപ്പെട്ടത് 617.59 കോടി രൂപയാണ്. അതില്‍ തിരിച്ചുപിടിച്ചത് 9.67 കോടി മാത്രം. പോയ പണം തിരിച്ചുകിട്ടാന്‍ പ്രയാസമാണെന്ന് ഈ കണക്ക് കാണിക്കുന്നു.
സെബി ഇക്കാര്യത്തില്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. രജിസ്റ്റര്‍ ചെയ്ത ഉപദേഷ്ടാക്കള്‍ക്ക് മാത്രമേ നിക്ഷേപ ഉപദേശം നല്‍കാന്‍ അനുമതിയുള്ളൂ. അപരിചിതര്‍ അയയ്ക്കുന്ന ഗ്രൂപ്പ് ലിങ്കുകള്‍ ഒഴിവാക്കണം, രജിസ്‌ട്രേഷന്‍ sebi.gov.inലെ ഇന്റര്‍മീഡിയറി സെര്‍ച്ചില്‍ പരിശോധിക്കണം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക '1600'' സീരീസ് നമ്പറുകളാണ് ഉള്ളത്.
സാധാരണ മൊബൈല്‍ നമ്പറില്‍ നിന്ന് 'ഔദ്യോഗിക' സന്ദേശം വന്നാല്‍ സംശയിക്കണം. ആപ്പ് സ്റ്റോറില്‍ സെബിയുടെ 'verified' ബാഡ്ജ് ഉണ്ടോ എന്നും നോക്കണം. ഫിന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്കും നിയന്ത്രണമുണ്ട്. നിക്ഷേപ വിദ്യാഭ്യാസത്തിന്റെ പേരില്‍ ഉപയോഗിക്കുന്ന ഓഹരി വില കുറഞ്ഞത് മൂന്ന് മാസം പഴയതായിരിക്കണം, തത്സമയ വില പാടില്ല. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്ക് പണം നല്‍കി പ്രചാരണം നടത്തുന്നതും വിലക്കിയിട്ടുണ്ട്.
പണം പോയാല്‍ ആദ്യ മണിക്കൂറാണ് നിര്‍ണായകം. ഉടന്‍ 1930 എന്ന ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്ലൈനില്‍ വിളിക്കുക, cybercrime.gov.inല്‍ പരാതി നല്‍കുക, ബാങ്കിനെയോ പേയ്‌മെന്റ് ആപ്പിനെയോ അറിയിക്കുക. സ്‌ക്രീന്‍ഷോട്ടുകളും ട്രാന്‍സ്ഫര്‍ വിവരങ്ങളും സൂക്ഷിക്കുക. സെബി പോര്‍ട്ടലിലും പരാതി നല്‍കാം.
'പണം തിരിച്ചുതരാം' എന്ന വാഗ്ദാനവുമായി എത്തുന്ന റിക്കവറി ഏജന്റുമാരെ വിശ്വസിക്കരുത്. വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പണം തടയാനോ ട്രേസ് ചെയ്യാനോ സാധ്യത കൂടും, പക്ഷേ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല.
അതുകൊണ്ട് ഇത്രമാത്രം ഓര്‍ത്തിരിക്കുക. ഉറപ്പായ ലാഭം വാഗ്ദാനം ചെയ്യുന്നവര്‍ തട്ടിപ്പുകാരാണ്. വാട്‌സാപ്പ് ടിപ്പുകള്‍ വിശ്വസിക്കരുത്, പണം അയയ്ക്കും മുന്‍പ് സെബി രജിസ്‌ട്രേഷന്‍ പരിശോധിക്കണം. സംശയം തോന്നിയാല്‍ ഉടന്‍ 1930 വിളിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine