

പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) ഓഹരി വിലയിൽ ബുധനാഴ്ച വ്യാപാരത്തിനിടെ എട്ട് ശതമാനത്തോളം ഇടിവ്. മുൻദിവസത്തെ ക്ലോസിംഗായ 4,470 രൂപയിൽ നിന്ന് ഓഹരി വില 4,100.15 രൂപയിലേക്ക് താഴ്ന്നു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ സൈനിക വിമാന നിർമ്മാണത്തിന്റെ പ്രത്യേകിച്ച് തേജസ് പോലുള്ള വിമാനങ്ങളുടെ നിർമ്മാണത്തിന്റെ നട്ടെല്ലാണ് എച്ച്.എ.എൽ.
ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള അഡ്വാൻസ്ഡ് മൾട്ടിറോൾ കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പദ്ധതിക്കായുള്ള ഷോർട്ട്‌ലിസ്റ്റിൽ നിന്ന് കമ്പനിയെ ഒഴിവാക്കിയതാണ് പെട്ടെന്നുള്ള ഇടിവിന് കാരണം. രാജ്യത്തെ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമ്മാണത്തിനുള്ള നിർണായക പ്രതിരോധ പദ്ധതിയിൽ നിന്ന് ഇതാദ്യമായാണ് എച്ച്എഎൽ ഒഴിവാക്കപ്പെടുന്നത്.
ഇന്ത്യയിലെ മുൻനിര യുദ്ധവിമാന നിർമ്മാതാക്കളായ എച്ച്എഎല്ലിന് ഈ പദ്ധതിയിലൂടെ ലഭിക്കേണ്ടിയിരുന്ന വലിയൊരു വരുമാനം ഇതോടെ നഷ്ടപ്പെടുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ഉണ്ടായി. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, അദാനി ഡിഫൻസ്, എൽ ആൻഡ് ടി (L&T) - ഭാരത് ഇലക്ട്രോണിക്സ് കൺസോർഷ്യം തുടങ്ങിയ സ്വകാര്യ കമ്പനികളാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുത്ത ബിഡ്ഡർമാരുടെ പട്ടികയിലുള്ളത്. പ്രതിരോധ മന്ത്രാലയം നടപ്പിലാക്കിയ മത്‌സരാധിഷ്ഠിത വ്യവസായ പങ്കാളിത്ത മാതൃകയും സ്വകാര്യ മേഖലയ്ക്ക് നൽകുന്ന മുൻഗണനയുമാണ് പൊതുമേഖലാ സ്ഥാപനത്തിന് തിരിച്ചടിയായത്.
2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ എച്ച്എഎൽ നേരിയ വളർച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ 5,976 കോടി രൂപയിൽ നിന്ന് വരുമാനം 6,629 കോടി രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിൽ മാത്രം എച്ച്എഎൽ ഓഹരികൾ 10 ശതമാനത്തിലധികം ഇടിവ് നേരിട്ടിട്ടുണ്ട്.
എങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ 731 ശതമാനമെന്ന മികച്ച ആദായം നിക്ഷേപകർക്ക് ഓഹരി നൽകിയിട്ടുണ്ട്. നിലവിൽ ഓഹരി വില ഒരു തിരുത്തൽ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും 4,100 രൂപ എന്ന നിലവാരത്തിലുള്ള പിന്തുണ (Support) നിലനില്‍ക്കേണ്ടത് പ്രധാനമാണെന്നുമാണ് വിലയിരുത്തല്‍. വിപണിയിൽ പുതിയ കുതിപ്പ് ഉണ്ടാകണമെങ്കിൽ ഓഹരി 4,500 രൂപയ്ക്ക് മുകളിൽ ശക്തമായി തിരിച്ചുവരേണ്ടതുണ്ട്.
HAL shares dropped 8% after exclusion from India's AMCA stealth fighter jet project, raising investor concerns over future revenue.
Read DhanamOnline in English
Subscribe to Dhanam Magazine