ലിസ്റ്റിംഗ് ദിവസത്തെ 'ഹൈപ്പ്' കണ്ട് കണ്ണ് മഞ്ഞളിക്കണ്ട, 2023നു ശേഷമുള്ള പകുതിയോളം വമ്പന്‍ ഓഹരികളും ഇഷ്യു വിലയിലും താഴെ

ലിസ്റ്റിംഗ് ദിവസത്തെ കുതിപ്പ് ദീര്‍ഘകാല നേട്ടം ഉറപ്പാക്കുന്നില്ലെന്ന് അടിവരയിടുന്നതാണ് ഈ കണക്കുകള്‍
IPO, Indian Rupees
Image : Canva
Published on

ഓവര്‍സബ്‌സ്‌ക്രൈബ് ചെയ്ത ഐപിഒകളുടെ വാര്‍ത്തകള്‍ കണ്ണ് മഞ്ഞളിക്കരുതെന്ന് നിക്ഷേപകര്‍ക്ക് സൂചന നല്‍കുന്നതാണ് പല ഓഹരികളുടെയും സമീപകാല പ്രകടനം. ലിസ്റ്റിംഗ് ദിവസത്തെ കുതിപ്പ് ദീര്‍ഘകാല നേട്ടം ഉറപ്പാക്കുന്നില്ലെന്ന് ഈ കണക്കുകള്‍ അടിവരയിടുന്നു.

2023-നു ശേഷം ഓഹരി വിപണിയിലെത്തിയ വമ്പന്‍ ഐപിഒകളില്‍ പകുതിയോളവും ഇപ്പോള്‍ ഇഷ്യു വിലയേക്കാള്‍ താഴെയാണ് വ്യാപാരം ചെയ്യുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണക്കുകള്‍ ഞെട്ടിക്കും

2023 മുതല്‍ 500 കോടി രൂപയോ അതില്‍ കൂടുതലോ ഇഷ്യു വലുപ്പമുള്ള 155 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതില്‍ 80 കമ്പനികള്‍ (51.7%) നിലവില്‍ ഇഷ്യു വിലയേക്കാള്‍ താഴെയാണ് വ്യാപാരം ചെയ്യുന്നത്.

ഇഷ്യു വിലയേക്കാള്‍ താഴെ വ്യാപാരം ചെയ്യുന്ന 80 കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ഉണ്ടാക്കിയ ശരാശരി നഷ്ടം 27.5 ശതമാനമാണ് ആണ്. മാത്രമല്ല 12 ഐപിഒകള്‍ 50 ശതമാനത്തിലധികം ഇടിവും രേഖപ്പെടുത്തി.

ക്രെഡോ ബ്രാന്‍ഡ്സ് മാര്‍ക്കറ്റിംഗ് ലിസ്റ്റ് ചെയ്ത ശേഷം ഇഷ്യു വിലയില്‍ നിന്ന് 69.15% ഇടിഞ്ഞു.

ജെഎന്‍കെ ഇന്ത്യ ഓഹരികളുടെ നഷ്ടം 67.4 ശതമാനമാണ്. ഐഡിയാഫോര്‍ജ് ടെക്നോളജി ഓഹരി 65 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഒല ഇലക്ട്രിക് മൊബിലിറ്റി ലിസ്റ്റിംഗിനു ശേഷം നിലവില്‍ ഇഷ്യു വിലയേക്കാള്‍ 60.4 ശതമാനം താഴെയാണ്.

തകര്‍ച്ചയുടെ കാരണങ്ങള്‍

ഓഹരികളുടെ അമിതവില, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉണ്ടാക്കുന്ന അമിതമായ പ്രതീക്ഷകള്‍, കമ്പനിയുടെ അടിസ്ഥാനപരമായ വളര്‍ച്ചാ സാധ്യതകളെ പിന്തുണയ്ക്കാത്ത ബിസിനസ് മോഡലുകള്‍ എന്നിവയാണ് ഓഹരി വിലയിടിവിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പലപ്പോഴും ആങ്കര്‍ നിക്ഷേപകര്‍ ലോക്ക്-ഇന്‍ കാലാവധി അവസാനിക്കുമ്പോള്‍ ഓഹരികള്‍ വിറ്റഴിക്കുന്നതും ഓഹരികളുടെ വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ഐ.പി.ഒ നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

ഐപിഒകളില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയുടെ ബിസിനസ് മോഡല്‍, സാമ്പത്തിക സ്ഥിതി, ലാഭക്ഷമത, വളര്‍ച്ചാ സാധ്യതകള്‍ എന്നിവ സൂക്ഷ്മമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സബ്സ്‌ക്രിപ്ഷന്‍ കണക്കുകളുടെയോ ലിസ്റ്റിങ് ദിവസത്തെ ലാഭത്തിന്റെയോ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Half of large IPOs since 2023 now trade below issue price, exposing long-term investor losses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com