ആറ് മാസത്തിനിടെ ഓഹരി വില ആയിരം രൂപയിലധികം കൂടിയ ടെക്ക് കമ്പനിയിതാ
3.6 ലക്ഷം രൂപ നിക്ഷേപിച്ച് അതിന്റെ വാല്യു ആറ് മാസം കൊണ്ട് 14 ലക്ഷം രൂപ ആയാലോ, നിക്ഷേപകര്‍ക്ക് അതൊരു വലിയ നേട്ടമായിരിക്കുമല്ലേ. അത്തരത്തില്‍ ആറ് മാസത്തിനിടെ 290 ശതമാനത്തോളം വളര്‍ച്ചയുമായി നിക്ഷേപകര്‍ക്ക് വന്‍ നേട്ടം സമ്മാനിച്ചിരിക്കുകയാണ് ടെക്ക് കമ്പനിയായ ഹാപ്പിയെസ്റ്റ് മൈന്റ്‌സ് ടെക്‌നോളജീസ് ലിമിറ്റഡ്. ആറ് മാസത്തിനിടെ ഓഹരിയില്‍ വിലയില്‍ 10,42 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ജനുവരി 25 ന് 359 രൂപയുണ്ടായിരുന്ന ഒരു ഓഹരിയുടെ വില ഇന്ന് (23-07-2021, 11.17ന്) 1401.55 രൂപയായാണ് ഉയര്‍ന്നത്. ജൂലൈ 16 ന് ഏറ്റവും ഉയര്‍ന്ന തോതായ 1,526 രൂപയിലുമെത്തി. ഈ വര്‍ഷം ആദ്യത്തില്‍ 300-400 രൂപയ്ക്കിടയില്‍ ചാഞ്ചാടിയിരുന്ന ഹാപ്പിയെസ്റ്റ് മൈന്റ്‌സ് ടെക്‌നോളജീസിന്റെ ഓഹരി വില ഫെബ്രുവരിയിലാണ് ഉയര്‍ന്നുതുടങ്ങിയത്. കോവിഡ് രണ്ടാം തരംഗം വ്യാപകമായപ്പോഴും കുതിപ്പ് തുടര്‍ന്നു.