
എച്ച്ഡിഎഫ്സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസിന്റെ പ്രാരംഭ ഓഹരി വിൽപനക്ക് (ഐ.പി.ഒ) നിക്ഷേപകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ജൂൺ 25 മുതൽ ജൂൺ 27 വരെ ആയിരുന്നു പബ്ലിക് ഇഷ്യു സബ്സ്ക്രിപ്ഷന്‍ കാലാവധി. കമ്പനിയുടെ ഐപിഒ അലോട്ട്മെന്റ് തീയതിയിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. ഐപിഒ അലോട്ട്മെന്റ് തീയതി ജൂൺ 30 നും (തിങ്കളാഴ്ച) ലിസ്റ്റിംഗ് തീയതി ജൂലൈ 2 നും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപ വർഷങ്ങളിലെ ഏറ്റവും വലിയ എന്‍.ബി.എഫ്.സി ഓഫറുകളിൽ ഒന്നായിരുന്നു എച്ച്.ഡി.ബി ഫിനാൻഷ്യൽ ഐ.പി.ഒ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെയുളള ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഐ.പി.ഒ എന്ന നേട്ടവും കമ്പനി സ്വന്തമാക്കി. 13.04 കോടി ഓഹരികളുടെ ഓഫർ വലുപ്പത്തിൽ പബ്ലിക് ഇഷ്യു 16.69 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തതായി എൻഎസ്‌ഇ ഡാറ്റ വ്യക്തമാക്കുന്നു. 217.66 കോടിയിലധികം ഓഹരികൾക്കാണ് ബിഡ്ഡുകൾ ലഭിച്ചത്. കഴിഞ്ഞ 4 വർഷത്തിനിടെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബ് ചെയ്‌ത ഇന്ത്യൻ ഐപിഒ ആയി എച്ച്ഡിബി ഫിനാൻഷ്യൽ മാറി. ഫുഡ് ഡെലിവറി സ്ഥാപനമായ എറ്റേണൽ ലിമിറ്റഡിന്റെ 1.4 ബില്യൺ ഡോളറിന്റെ ഐപിഒ 29 മടങ്ങ് കൂടുതൽ സബ്‌സ്‌ക്രൈബ് ചെയ്‌തതിന് ശേഷമുള്ള ഏറ്റവും വലിയ ഓഹരി ആവശ്യകതയാണ് എച്ച്ഡിബി ഓഹരികൾക്കുള്ളത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് സബ്‌സ്‌ക്രൈബ് ചെയ്തതില്‍ ഭൂരിഭാഗവും. ചെറുകിട നിക്ഷേപകർക്കായി നീക്കിവച്ചിരുന്ന ഭാഗവും പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 2,500 കോടി രൂപയുടെ പുതിയ ഓഹരിയും പ്രൊമോട്ടർ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതാണ് ഐ.പി.ഒ.
ഐ.പി.ഒ യുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) 54 രൂപ ആണ്. ഇത് ഓഹരികൾ 794 രൂപയ്ക്ക് ലിസ്റ്റ് ചെയ്യുമെന്നാണ് സൂചിപ്പിക്കുന്നത്. ഓഹരിക്ക് 7.3 ശതമാനം സാധ്യതയുള്ള ലിസ്റ്റിംഗ് നേട്ടമാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഗ്രേ മാർക്കറ്റ് വിലകൾ എപ്പോൾ വേണമെങ്കിലും മാറാനുളള സാധ്യതകളും ഉണ്ട്.
ഐ.പി.ഒ യില്‍ നിന്നുളള വരുമാനം കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായാണ് എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് ഉപയോഗിക്കുക. ടയർ രണ്ട്, ടയർ മൂന്ന് നഗരങ്ങളിൽ വിപുലീകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്.. 61,400 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളില്‍ (NBFC) ഒന്നാണ് എച്ച്ഡിബി ഫിനാൻഷ്യൽ. എച്ച്ഡിഎഫ്‌സി ബാങ്കിന് എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിൽ 94.36 ശതമാനം ഓഹരികളാണ് ഉളളത്.
HDB Financial Services' IPO becomes the most subscribed in 4 years, with key details on allotment, GMP, and listing dates.
Read DhanamOnline in English
Subscribe to Dhanam Magazine