
ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഒ കളിൽ ഒന്ന് ജൂണ്‍ 25 ന് ആരംഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ (HDB Financial) 12,500 കോടി രൂപയുടെ ഐ.പി.ഒ ക്ക് തുടക്കമാവുകയാണ്. ഓഹരിക്ക് 700 രൂപ മുതൽ 740 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഹ്യുണ്ടായിയുടെ ബ്ലോക്ക്ബസ്റ്റർ ഐപിഒ യ്ക്ക് ശേഷമുള്ള ഏറ്റവും വലിയ എൻബിഎഫ്സി ഐപിഒ ആണിത്.
ഐപിഒയിൽ 2,500 കോടിയുടെ പുതിയ ഓഹരികളും എച്ച്ഡിഎഫ്സി ബാങ്കിന്റെ 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉൾപ്പെടുന്നു. ജൂൺ 27 വെള്ളിയാഴ്ച ഐ.പി.ഒ അവസാനിക്കും. ഐ.പി.ഒ യുടെ ലോട്ട് സൈസ് 20 ഓഹരികളും, 20 ഓഹരികളുടെ ഗുണിതങ്ങളുമാണ്.
കമ്പനിയുടെ ടയർ-1 മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും എന്റർപ്രൈസ് ലെൻഡിംഗ്, അസറ്റ് ഫിനാൻസ്, കൺസ്യൂമർ ഫിനാൻസ് എന്നിവയുൾപ്പെടെയുള്ള വിവിധ ബിസിനസ് വിഭാഗങ്ങൾക്കായുള്ള ഭാവി മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ഇന്ത്യയിലെ ഏഴാമത്തെ വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്. 2024 മാർച്ച് 31 വരെ 90,220 കോടി രൂപയാണ് കമ്പനി മൊത്തം വായ്പയായി അനുവദിച്ചിരിക്കുന്നതെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ (CRISIL) വ്യക്തമാക്കുന്നു.
കമ്പനിയെ ഒരു അപ്പർ ലെയർ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC-UL) ആയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തരംതിരിച്ചിരിക്കുന്നത്. വളർന്നുവരുന്ന ഉപഭോക്തൃ അടിത്തറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൈവിധ്യമാർന്ന വായ്പാ ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന് 94.3 ശതമാനം ഓഹരികളാണ് ഐപിഒയ്ക്ക് മുമ്പായി എച്ച്‌ഡിബി ഫിനാൻഷ്യലിൽ ഉളളത്.
2025 മാർച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മാനേജ്‌മെന്റിലുള്ള ആസ്തികൾ 1,07,260 കോടി രൂപയാണ്. 2,180 കോടി രൂപയാണ് 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം.
HDB Financial’s ₹12,500 crore IPO, the largest NBFC offering since Hyundai, opens on June 25 with a price band of ₹700–740.
Read DhanamOnline in English
Subscribe to Dhanam Magazine