ഡിസ്‌കൗണ്ട് ബ്രോക്കിംഗ്: സീറോദയ്ക്കും ഗ്രോയ്ക്കും വെല്ലുവിളിയാകാന്‍ എച്ച്.ഡി.എഫ്.സി സ്‌കൈ

ഓഹരി ഇടപാടുകള്‍ ചെലവ് കുറഞ്ഞതും സുഗമമാക്കാനും ലക്ഷ്യം വെച്ച് ആരംഭിച്ച ഡിസ്‌കൗണ്ട് ബ്രോക്കിംഗ് ആപ്പുകള്‍ക്ക് പ്രചാരം വര്‍ധിച്ചതോടെ പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസും ഈ രംഗത്തേക്ക് എത്തിയിരിക്കുന്നു. എച്ച്.ഡി.എഫ്.സി സ്‌കൈ എന്ന പേരില്‍ തുടങ്ങിയ ആപ്പ് ഉപയോഗിച്ച് ഓഹരികള്‍, ഓഹരി അവധി വ്യാപാരം (ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍സ്), കറന്‍സി, കമ്മോഡിറ്റി ഇടപാടുകള്‍ നടത്തുന്നതിന് നിരക്കായ 20 രൂപ നല്‍കിയാല്‍ മതി.

സജീവമായിട്ടുള്ള ഇടപാടുകാരുടെ എണ്ണത്തില്‍ സീറോദയാണ് 63 ലക്ഷം പേരുമായി മുന്നില്‍. 62 ലക്ഷം ഇടപാടുകാരുമായി ഗ്രോ (Groww) വളരെ അടുത്തെത്തിയിട്ടുണ്ട്. അധികം താമസിയാതെ സീറോദയെ മറികടന്ന് ഗ്രോ മുന്നേറുമെന്നാണ് ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഏഞ്ചല്‍ വണ്ണിന് (Angel One) 46 ലക്ഷവും അപ്പ് സ്റ്റോക്സിന് 21 ലക്ഷവും ഇടപാടുകാരുണ്ട്.
പ്രധാനപ്പെട്ട ഡിസ്‌കൗണ്ട് ബ്രോക്കിംഗ് ആപ്പുകളുടെ നിരക്കുകളും സവിശേഷതകളും നോക്കാം
1. എച്ച്.ഡി.എഫ്.സി സ്‌കൈ (HDFC Sky): അക്കൗണ്ട് ആരംഭിക്കുന്നതിന് ചാര്‍ജ് ഇല്ല. ഓഹരി ഡെലിവറി, ഇന്‍ട്രാ ഡേ ഓര്‍ഡറുകള്‍ക്ക് 20 രൂപ അല്ലെങ്കില്‍ 0.1%, ഇതില്‍ ഏതാണോ കുറവ് അതാണ് ഈടാക്കുന്നത്. അമേരിക്കന്‍ ഓഹരികള്‍ വാങ്ങുന്നതിന് ഒരു ഓഹരിക്ക് 5 സെന്റ് (cents). അവധി വ്യാപാരത്തില്‍ ഓഹരികള്‍, കമ്മോഡിറ്റി, കറന്‍സി എന്നിവക്കും ഓരോ ഇടപാടിനും 20 രൂപ അല്ലെങ്കില്‍ 0.1% (ഏതാണോ കുറവ്). മാര്‍ജിന്‍ ട്രേഡിംഗ് ഫെസിലിറ്റി ഉപയോഗിച്ച് ഓഹരികള്‍ വാങ്ങുന്നതിന് മൊത്തം തുകയുടെ 25% വരെയാണ് തുടക്കത്തില്‍ നിക്ഷേപകന് നല്‍കേണ്ടി വരുന്നത്. ബാക്കി തുക തവണകളായി ബ്രോക്കിംഗ് സ്ഥാപനം ഈടാക്കും. ഇതിന് നല്‍കേണ്ടി വരുന്ന പലിശ 12 ശതമാനമാണ്.
2. സീറോദ (Zerodha): ഓഹരി ഡെലിവെറി സൗജന്യം. ഓഹരി ഇന്‍ട്രാ ഡേ, അവധി വ്യാപാരങ്ങള്‍ക്ക് 20 രൂപ അല്ലെങ്കില്‍ 0.03 % (ഏതാണോ കുറവ്). മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ചാര്‍ജില്ല. ഫിസിക്കല്‍ കോണ്‍ട്രാക്ട് നോട്ടുകള്‍ക്ക് 20 രൂപയും കൂറിയര്‍ ചാര്‍ജും ബാധകം. എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ക്ക് ഒരു ഓര്‍ഡറിന് പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ ഒഴികെ ഉള്ളതിന് 100 രൂപ അല്ലെങ്കില്‍ 0.5% ഏതാണോ കുറവ് അത്. പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്ക് 200 രൂപ അല്ലെങ്കില്‍ 0.5% ഏതാണോ കുറവ്.
3. ഗ്രോ (GROWW): ട്രേഡിംഗ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങുന്നതിന് ഗ്രോ ചാര്‍ജ് ഈടാക്കുന്നില്ല. ഓഹരികള്‍ക്ക് ഓരോ ഇടപാടിനും 20 രൂപ അല്ലെങ്കില്‍ 0.05% ഏതാണോ കുറവ്. അവധി വ്യാപാരത്തിന് ഓരോ ഇടപാടിനും 20% ഒറ്റ നിരക്ക്. മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ സൗജന്യം. അമേരിക്കന്‍ ഓഹരികളില്‍ ഇടപാട് നടത്തുന്നതിന് ചാര്‍ജുകള്‍ ഇല്ല.
4. അപ്പ് സ്റ്റോക്സ് (Upstox): ഓഹരികള്‍, അവധി വ്യാപാരം, കമ്മോഡിറ്റി, കറന്‍സി എന്നിവയില്‍ ഓരോ ഇടപാടിനും 20 രൂപ അല്ലെങ്കില്‍ 0.05% ഏതാണോ കുറവ്. ഓഹരി ഡെലിവെറിക്ക് 20 രൂപ അല്ലെങ്കില്‍ 2.5% ഏതാണോ കുറവ്. ഓഹരി ഓപ്ഷന്‍സിന് ഒരു ഇടപാടിന് 20 രൂപ.
5. ഏഞ്ചല്‍ വണ്‍ (Angel One): ഓഹരിയില്‍ ആദ്യ 30 ദിവസത്തേക്ക് ഇന്‍ട്രാ ഡേ ചാര്‍ജ് ഇല്ല, അവധി വ്യാപാരത്തിലും മാര്‍ജിന്‍ ട്രേഡ് ഫണ്ടിംഗ് ചാര്‍ജ് ഇല്ല. അതിന് ശേഷം ഓഹരിയില്‍ ഓരോ ഓര്‍ഡറിനും 20 രൂപ അല്ലെങ്കില്‍ 0.03%, അവധി വ്യാപാരത്തിന് 20 രൂപ അല്ലെങ്കില്‍ 0.25% ഏതാണോ കുറവ്. ഓപ്ഷന്‍സ് 20 രൂപ അല്ലെങ്കില്‍ 0.25% ഏതാണോ കുറഞ്ഞത്. കറന്‍സി, കറന്‍സി ഓപ്ഷന്‍സ്, കമ്മോഡിറ്റിക്ക് 20 രൂപ അല്ലെങ്കില്‍ 0.25% ഏതാണോ കുറഞ്ഞത്.
6. 5പൈസ (5Paisa): ഓഹരി, കമ്മോഡിറ്റി, കറന്‍സി വ്യാപാരത്തിന് 20 രൂപ. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് കമ്മീഷന്‍ ഇല്ല. അവധി വ്യാപാരം, ഓപ്ഷന്‍സ് ഫണ്ടിംഗ് ചാര്‍ജ് 0.03% മുതല്‍. മാര്‍ജിന്‍ ട്രേഡിംഗ് ഫണ്ട് വിഭാഗത്തില്‍ ഡെലിവറി ക്യാഷ് വിഭാഗത്തില്‍ 0.045% (മൊത്തം മൂല്യം ഒരു കോടി രൂപക്ക് മുകളില്‍).
എല്ലാ ഇടപാടുകള്‍ക്കും നിയമാനുസൃതമായ നികുതികളും മറ്റു ചാര്‍ജുകളും ബാധകമാണ്.
Related Articles
Next Story
Videos
Share it