

ഡെറിവേറ്റീവ് (F&O) വിപണിയിലെ അമിത ഊഹക്കച്ചവടം തടയാന്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (STT) ഉയര്‍ത്തിയതും മാര്‍ജിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് സെറോദ (Zerodha) കോ-ഫൗണ്ടര്‍ നിതിന്‍ കാമത്ത്. ഇത്തരം നിയന്ത്രണങ്ങള്‍ മൂലം റീറ്റൈയ്ല്‍ ട്രേഡര്‍മാര്‍ കൂടുതല്‍ അപായസാധ്യതയുള്ള (Risky) ഓപ്ഷന്‍ ബയിംഗിലേക്ക് തള്ളപ്പെടുകയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) കുറിച്ചു.
സെറോദ പ്ലാറ്റ്ഫോമിലെ വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ട്രേഡിംഗ് രംഗത്തെ ലാഭക്ഷമതയെക്കുറിച്ചുള്ള പ്രധാന കണക്കുകളും അദ്ദേഹം പങ്കുവെച്ചു.
സെറോദയിലെ പ്രതിദിന ട്രേഡര്‍മാരുടെ ശരാശരി ലാഭക്ഷമത ഇപ്രകാരമാണ്:
ഫ്യൂച്ചേഴ്‌സ് ട്രേഡര്‍മാരില്‍ ഏകദേശം 50% ആളുകള്‍ ലാഭത്തിലാണ്. ഓപ്ഷന്‍ സെല്ലര്‍രില്‍ ഏകദേശം 40% ആളുകള്‍ ലാഭത്തിലാണ്.ഓപ്ഷന്‍ ബയര്‍മാരില്‍ വെറും 10% ആളുകള്‍ക്ക് മാത്രമാണ് ലാഭം ഉണ്ടാക്കാന്‍ സാധിക്കുന്നത്.
മാര്‍ജിന്‍ ട്രേഡിംഗ് ഫെസിലിറ്റി (MTF പുതിയ ഉല്‍പ്പന്നമായതിനാല്‍ ലാഭക്ഷമത വിലയിരുത്താന്‍ സമയമായിട്ടില്ല.
തത്ത്വത്തില്‍, ഓപ്ഷന്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നല്‍കുന്ന പ്രീമിയം തുകയില്‍ പരിമിതമാണെന്ന് തോന്നാമെങ്കിലും, തുടര്‍ച്ചയായി ഓപ്ഷനുകള്‍ വാങ്ങുന്നതിലൂടെ നിക്ഷേപകര്‍ക്ക് വന്‍തുക നഷ്ടപ്പെടുന്നുണ്ടെന്ന് കാമത്ത് ചൂണ്ടിക്കാണിക്കുന്നു. ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിനെയോ ഓപ്ഷന്‍ സെല്ലിംഗിനെയോ അപേക്ഷിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓപ്ഷന്‍ ബയര്‍മാരുടെ നഷ്ടസാധ്യത വളരെ ഉയര്‍ന്നതാണ്.
ഫ്യൂച്ചേഴ്‌സ് വിപണിയില്‍ നിന്ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഓപ്ഷന്‍ ബയിംഗിലേക്ക് മാറാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
1. ഉയര്‍ന്ന STTയും ചെലവും: ട്രേഡര്‍മാരുടെ ഏറ്റവും വലിയ ചെലവുകളിലൊന്ന് STT ആണ്. ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിലെ STT ഉയര്‍ന്നതോടെ വ്യാപാരം ഫ്യൂച്ചേഴ്‌സില്‍ നിന്ന് ഓപ്ഷനിലേക്ക് മാറി. നിലവില്‍ എഫ് ആന്റ് ഒ (F&O) വിപണിയിലെ 90 ശതമാനവും ഓപ്ഷന്‍ ട്രേഡിംഗാണ്.
2. ഉയര്‍ന്ന മാര്‍ജിന്‍ ആവശ്യകത: കോണ്‍ട്രാക്ട് സൈസുകള്‍ വലുതാക്കിയതോടെ ഫ്യൂച്ചേഴ്‌സ് ചെയ്യാനും ഓപ്ഷന്‍ സെല്‍ ചെയ്യാനും കൂടുതല്‍ മാര്‍ജിന്‍ തുക ആവശ്യമായി വന്നു. എന്നാല്‍ പ്രീമിയം തുക മാത്രം നല്‍കിയാല്‍ മതിയെന്നതിനാല്‍ സാധാരണക്കാരായ ചെറിയ നിക്ഷേപകര്‍ ഓപ്ഷന്‍ ബയിംഗിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
3. പ്രതിവാര എക്‌സ്‌പെയറികള്‍ (Weekly Expiry): പ്രതിമാസ എക്‌സ്‌പെയറികള്‍ക്ക് പകരം എല്ലാ ദിവസങ്ങളിലും ഓരോ ഇന്‍ഡക്‌സുകളുടെ വിക്ലി എക്‌സ്‌പെയറികള്‍ വന്നതോടെ ട്രേഡര്‍മാരുടെ മനോഭാവം മാറുകയും 0-ഡേ എക്‌സ്‌പെയറി ഓപ്ഷനുകളിലേക്ക് ആളുകള്‍ കൂടുതല്‍ തള്ളപ്പെടുകയും ചെയ്തു.
വിപണിയിലെ ഈ കര്‍ശന നിയന്ത്രണങ്ങളും ഉയര്‍ന്ന നികുതിയും ട്രേഡര്‍മാരെ നിയന്ത്രണമില്ലാത്ത മറ്റ് മേഖലകളിലേക്ക് നയിക്കുന്നുണ്ടെന്നും നിതിന്‍ കാമത്ത് മുന്നറിയിപ്പ് നല്‍കുന്നു.
അംഗീകാരമില്ലാത്ത നിരവധി പ്ലാറ്റ്ഫോമുകള്‍ വഴി ക്രിപ്റ്റോ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വ്യാപാരം ഇന്ത്യയില്‍ വന്‍തോതില്‍ ഉയരുകയാണ്. 100x മുതല്‍ 300x വരെ ലിവറേജ് നല്‍കുന്ന ഇത്തരം പെര്‍പെച്വല്‍ ഫ്യൂച്ചേഴ്‌സ് കരാറുകളില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ കുടുങ്ങുന്നത് ഗുരുതരമായ അപായസാധ്യത ഉണ്ടാക്കുന്നുണ്ട്.
ഏതൊരു സാമ്പത്തിക, നികുതി നയങ്ങള്‍ നടപ്പിലാക്കുമ്പോഴും അതിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തലങ്ങളിലുള്ള ആഘാതങ്ങള്‍ (Second & Third Order Effects) മുന്‍കൂട്ടി കാണേണ്ടതുണ്ടെന്ന് കാമത്ത് ഓര്‍മ്മിപ്പിക്കുന്നു.
മൈക്രോ ലെവലില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിപണിയുടെ ഘടനയെത്തന്നെ മോശമായി ബാധിക്കാം. പ്രത്യേകിച്ച് വിപണി താഴ്ചയിലാവുകയോ ഒരേ റേഞ്ചില്‍ തുടരുകയോ ചെയ്യുമ്പോള്‍ ലിക്വിഡിറ്റി കുറയുകയും സ്‌പ്രെഡുകള്‍ കൂടുകയും ചെയ്യുന്നത് നിക്ഷേപകര്‍ക്ക് കൂടുതല്‍ തിരിച്ചടിയാകും. അതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ പുതിയ വളര്‍ച്ച കണക്കിലെടുത്ത് കൂടുതല്‍ കരുതലോടെയുള്ള റെഗുലേറ്ററി ഡിസൈനുകളാണ് ഇനി ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
Zerodha co-founder Nithin Kamath warns that higher taxes and stricter margin rules are unexpectedly driving retail traders toward high-risk option buying and unregulated crypto derivatives.
Read DhanamOnline in English
Subscribe to Dhanam Magazine