Gautam Adani
Stock Image

അദാനി ഓഹരികളുടെ ഇന്നത്തെ നഷ്ടം 3.4 ലക്ഷം കോടി

രണ്ട് വ്യാപാര ദിവസങ്ങള്‍ക്കിടെ ഏകദേശം 4.2 ലക്ഷം കോടിയുടെ ഇടിവാണ് വിപണി മൂല്യത്തില്‍ ഉണ്ടായത്. ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
Published on

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയ ശേഷം അദാനി കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞത് 3.4 ലക്ഷം കോടിയോളമാണ്.

ഒമ്പത് ലിസ്റ്റഡ് കമ്പനികള്‍ ചേര്‍ന്ന അദാനി ഗ്രൂപ്പിന്റെ ആകെ വിപണി മൂല്യത്തില്‍ ഇന്ന് 18 ശതമാനം ഇടിവാണ് ഉണ്ടായത്. അദാനി പവര്‍, അദാനി വില്‍മാര്‍ എന്നീ കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഓഹരികള്‍ ഒരു ദിവസം താഴാവുന്ന പരമാവധി ഇടിവിനെയാണ് ലോവര്‍ സര്‍ക്യൂട്ട് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എന്നിവയുടെ ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു.

ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു അദാനി. നിലവില്‍ അദാനിയുടെ ആസ്തി 96.6 ശതകോടി ഡോളറാണ്. 22.6 ശതകോടി ഡോളറിന്റെ (18.98 ശതമാനം) ഇടിവാണ് ആസ്തിയിലുണ്ടായത്.

ഹിന്‍ഡന്‍ബെര്‍ഗിന്റെ വെല്ലുവിളി

കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിപണിയില്‍ വില കൃത്രിമമായി ഉയര്‍ത്തിയെന്നത് ഉള്‍പ്പടെ നിരവധി ആരോപണങ്ങളാണ് ഉള്ളത്. റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഭീഷണിപ്പെടുത്താനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് പറയുന്നത്.

റിപ്പോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുന്നതായും നിയമ നടപടികളെ സ്വാഗതം ചെയ്യുന്നതായും ഇവര്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിന് സുതാര്യത കൊണ്ടുവരാളുള്ള അവസരമായിട്ടാണ് 88 ചോദ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചതെന്നും ഹിന്‍ഡന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി. കേസ് നല്‍കിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

നിക്കോളയെ തകര്‍ത്ത ഹിന്‍ഡന്‍ബര്‍ഗ്

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആക്ടിവിസ്റ്റ് ഫണ്ടാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. നെത് ആന്‍ഡേഴ്‌സണ്‍ ആണ് സ്ഥാപകന്‍. 2020ല്‍ യുഎസ് ഇവി സ്റ്റാര്‍ട്ടപ്പ് നിക്കോള കോര്‍പറേഷനെതിരെ ഹിന്‍ഡന്‍ബര്‍ഗ് സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് നിക്കോള സ്ഥാപകന്‍ ട്രെവോര്‍ മില്‍ട്ടണ്‍ ചെയര്‍മാന്‍ സ്ഥാനവും ബോര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവെയ്ക്കുകയായിരുന്നു.

കമ്പനികളെ കുറിച്ച് പഠനം നടത്തുകയും ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യുകയുമാണ് ആക്ടിവിസ്റ്റ് ഫണ്ടുകളുടെ രീതി. നിക്ഷേപം നടത്തുന്ന കമ്പനികളെ കുറിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവിടും. നിക്ഷേപകര്‍ക്കും മാനേജ്‌മെന്റിനും മുന്നറിയിപ്പ് നല്‍കുക, കമ്പനിയുടെ നേതൃത്വത്തിലുള്ളവരെ പുറത്താക്കുക തുടങ്ങിയവയൊക്കെ ആക്ടിവിസ്റ്റ് ഫണ്ടുകളുടെ ലക്ഷ്യങ്ങളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com