അറ്റാദായം 22.2 ശതമാനം ഉയര്‍ത്തി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

രാജ്യത്തെ പ്രമുഖ എഫ്എംസിജി (FMCG) കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (HUL), 2022-23 കാലയളവിലെ രണ്ടാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2,665 കോടി രൂപയുടെ അറ്റാദായം (Net Profit) ആണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 22.2 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

നടപ്പ് സാമ്പത്തിക വര്‍ഷം 2,381 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ജൂലൈ-സെപ്റ്റംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 16.1 ശതമാനം ഉയര്‍ന്ന് 15,144 കോടി രൂപയിലെത്തി. ഹോംകെയര്‍ സെഗ്മെന്റില്‍ നിന്നുള്ള വരുമാനം 34 ശതമാനം വര്‍ധനവോടെ 5,143 കോടിയായി. 11 ശതമാനം വര്‍ധനവോടെ 5,561 കോടിയുടെ വരുമാനം ആണ് ബ്യൂട്ടി& പേഴ്‌സണല്‍ കെയര്‍ മേഖലയില്‍ ഉണ്ടായത്. ഫൂഡ്&റിഫ്രഷ്‌മെന്റ് വിഭാഗത്തില്‍ 3,755 കോടിയുടെ (4 ശതമാനം വളര്‍ച്ച) വരുമാനം ആണ് കമ്പനി നേടിയത്.

ഓഹരി ഒന്നിന് 17 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 1.99 ശതമാനം ഉയര്‍ന്ന് 2,652.60 രൂപയിലാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരികള്‍ ഇന്നലെ (ഒക്ടോബര്‍ 21) വ്യാപാരം അവസാനിപ്പിച്ചത്. 2022 തുടങ്ങിയ ശേഷം 12.34 ശതമാനം നേട്ടമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.

Related Articles
Next Story
Videos
Share it