ഇറാനുമായി കരാറിനു സാധ്യത തെളിയുന്നു; വിപണികൾ കുതിക്കുന്നു; ക്രൂഡ് ഓയിൽ 105 ഡോളറിലേക്ക്; സ്വർണം കയറുന്നു

ഡോളര്‍ ബുധനാഴ്ച 96.96 രൂപവരെ ഉയര്‍ന്നിട്ടു താഴ്ന്ന് 96.82 രൂപയില്‍ ക്ലോസ് ചെയ്തു
TCM, Morning Business News
Morning business newscanva
Published on

ഇറാനുമായി കരാര്‍ സാധ്യമാണ് എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞത് ഇന്നലെ വിപണികളെ ആശ്വാസത്തിലാക്കി. യുഎസ്, യൂറോപ്യന്‍ വിപണികള്‍ ഉയര്‍ന്നു, ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ കുതിച്ചു. ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനം ഇടിഞ്ഞു. സ്വര്‍ണവും ഡോളറും കയറി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,858.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,788 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

കരാര്‍ ചര്‍ച്ച തുടരുന്നു

അമേരിക്ക അവസാനമായി നല്‍കിയ കരടുകരാര്‍ സംബന്ധിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല. കരാര്‍ സ്വീകരിച്ചില്ലെങ്കില്‍ കനത്ത ആക്രമണം എന്ന ഭീഷണി ട്രംപ് ആവര്‍ത്തിച്ചു. ഖത്തറും പാക്കിസ്ഥാനും കൂടിയാണ് അവസാനത്തെ കരടു കരാര്‍ ഉണ്ടാക്കിയത്. സൗദി അറേബ്യ, യുഎഇ, തുര്‍ക്കി, ഈജിപ്ത് എന്നിവയും ചര്‍ച്ചകളുടെ പിന്നില്‍ ഉണ്ട്. പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രി മുഹസിന്‍ നഖ്വി രണ്ടു ദിവസമായി ഇറാനില്‍ ആണ്. ഇന്നു പാക് സേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ മുനീര്‍ ടെഹറാനില്‍ എത്തും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ചര്‍ച്ചകളില്‍ സജീവമാണ്. പുതിയ കരാര്‍ ഓഫറില്‍ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അതൃപ്തനാണ്. ട്രംപുമായി ഫോണ്‍ സംഭാഷണത്തില്‍ നെതന്യാഹു രോഷാകുലനായി എന്നാണു റിപ്പോര്‍ട്ട്.

യുഎസ് വിപണി കുതിച്ചു

ഇറാനുമായുള്ള യുദ്ധവിരാമ ചര്‍ച്ച അവസാനഘട്ടത്തിലാണെന്ന റിപ്പോര്‍ട്ട് യുഎസ് വിപണിയെ ഇന്നലെ ഉയര്‍ത്തി. ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനത്തോളം ഇടിഞ്ഞതും സഹായിച്ചു. യുദ്ധം അവസാനിച്ചു ഹോര്‍മുസ് തുറന്നാല്‍ വിലക്കയറ്റം താഴുകയും പലിശ കൂട്ടുന്ന സാഹചര്യം ഒഴിവാകുകയും ചെയ്യും.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 645.47 പോയിന്റ് (1.31%) കുതിച്ച് 50,009.35 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 79.36 പോയിന്റ് (1.08%) നേട്ടത്തോടെ 7432.97 ല്‍ അവസാനിച്ചു. നാസ്ഡാക് 399.65 പോയിന്റ് (1.55%) ഉയര്‍ന്ന് 26,270.36 ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് താഴുന്നു; എന്‍വിഡിയ റിസല്‍ട്ട് തിളങ്ങി

നിര്‍മിതബുദ്ധി ചിപ്പുകളുടെ കമ്പനിയായ എന്‍വിഡിയ പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് പുറത്തുവിട്ടെങ്കിലും വിപണിയില്‍ ഓഹരി താഴ്ന്നു. വ്യാപാര സമയം കഴിഞ്ഞാണ് റിസല്‍ട്ട് വന്നത്. തുടര്‍ വ്യാപാരത്തില്‍ എന്‍വിഡിയ 1.4 ശതമാനം ഇടിഞ്ഞു. എങ്കിലും ബ്രോക്കറേജുകള്‍ ഓഹരിക്കു വാങ്ങല്‍ ശിപാര്‍ശ നല്‍കി. കമ്പനിയുടെ ഡാറ്റാ സെന്റര്‍ വരുമാന ഇരട്ടിയിലധികമായി. എല്ലാ പുതിയ നിര്‍മിതബുദ്ധി (എഐ) മോഡലുകളും പ്രവര്‍ത്തിപ്പിക്കാവുന്ന പ്ലാറ്റ്‌ഫോം ആണ് എന്‍വിഡിയയുടേത് എന്നു സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. എഐ ബിസിനസ് വളര്‍ച്ച കൂടുന്നതായും ഹുവാങ് വിലയിരുത്തി.

എഐ വളര്‍ച്ച കുതിക്കുന്നതായ എന്‍വിഡിയ റിസല്‍ട്ടിലെ സൂചന ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിനെ ഇന്നു രാവിലെ16 ശതമാനം ഉയര്‍ത്തി.

യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നു . ഇന്നു രാവിലെ ഡൗ ജോണ്‍സ് 88 പോയിന്റും (0.18%) എസ് ആന്‍ഡ് പി 19 പോയിന്റും (0.25%) നാസ്ഡാക് 108 പോയിന്റും (0.37%) താഴ്ന്നു നീങ്ങുന്നു.

എഡിആറുകള്‍ പലവഴി

ബുധനാഴ്ച ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ 1.53 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.85 ശതമാനം താഴ്ന്ന് 24.42 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 1.70 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 25.68 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് എഡിആര്‍ 0.39 ശതമാനം കയറിയിട്ട് തുടര്‍ വ്യാപാരത്തില്‍ 0.07 ശതമാനം ഉയര്‍ന്ന് 12.78 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 2.07 ശതമാനം കയറിയ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.51 ശതമാനം ഉയര്‍ന്ന് 1.98 ഡോളറില്‍ അവസാനിച്ചു

യൂറോപ്പ് കയറി, ഏഷ്യ കുതിക്കുന്നു

ബുധനാഴ്ച യൂറോപ്യന്‍ ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി. യുകെയില്‍ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായി. കടപ്പത്രങ്ങളുടെ വില അല്‍പം മെച്ചപ്പെട്ടതും ഇറാന്‍ ചര്‍ച്ചയിലെ പുരോഗതിയും ഓഹരികള്‍ക്കു സഹായകമായി.

ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 3.4 ശതമാനം കയറി. ദക്ഷിണ കൊറിയയില്‍ കോസ്പി ആറു ശതമാനം കുതിച്ചു. ഓസ്‌ട്രേലിയന്‍ സൂചിക 1.75 ശതമാനം ഉയര്‍ന്നു. ഹോങ് കോങ് സൂചിക 0.60 ശതമാനവും ഷാങ്ഹായ് വിപണി 0.45 ശതമാനവും നേട്ടത്തിലാണ്.

ആദ്യം വീഴ്ച, പിന്നെ ആശ്വാസം

ഇന്നലെ രാവിലെ കുത്തനേ താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി ക്രമേണ കയറി ചെറിയ നേട്ടത്തില്‍ അവസാനിച്ചു. വിശാലവിപണിയും നേട്ടത്തിലായിരുന്നു. വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നപ്പോള്‍ സ്വദേശി നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. വിദേശനിക്ഷേപകര്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 1597.35 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 1968.35 കോടി രൂപയുടെ വാങ്ങലും നടത്തി

ഐടി, എഫ്എംസിജി, മീഡിയ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഫാര്‍മ മേഖലകള്‍ താഴ്ന്നു. ഓയില്‍, ഓട്ടോ, റിയല്‍റ്റി, ബാങ്ക്, മെറ്റല്‍ മേഖലകള്‍ ഉയര്‍ന്നു.

ബുധനാഴ്ച സെന്‍സെക്സ് 117.54 പോയിന്റ് (0.16%) ഉയര്‍ന്ന് 75,318.39 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 41.00 പോയിന്റ് (0.17%) കയറി 23,659.00 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 153.05 പോയിന്റ് (0.29%) നേട്ടത്തോടെ 53,562.20 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 301.30 പോയിന്റ് (0.49%) ഉയര്‍ന്ന് 61,323.30 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 7.35 പോയിന്റ് (0.04%) കയറി 17,870.90 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഓഹരികളുടെ കയറ്റവും ഇറക്കവും ഏതാണ്ട് സമാസമം ആയിരുന്നു. ബിഎസ്ഇയില്‍ 2035 ഓഹരികള്‍ കയറി, 2084 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1711 എണ്ണം ഉയര്‍ന്നപ്പോള്‍ 1532 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

ആദിത്യ ബിര്‍ല കാപ്പിറ്റല്‍ പ്രൊമോട്ടര്‍മാര്‍ക്ക് 4000 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഓഹരി ഇഷ്യു നടത്തും.

ഗ്രാസിം ഇന്‍ഡസ്ട്രീസ് നാലാം പാദത്തില്‍ സമാഹൃത അറ്റാദായം 28 ശതമാനം വര്‍ധിപ്പിച്ചു. വാര്‍ഷിക അറ്റാദായം 33 ശതമാനം കൂടി. ഉപകമ്പനികളുടെ ലാഭമാണു ഗ്രാസിമിനെ സഹായിച്ചത്. ഗ്രാസിം ഒറ്റയ്ക്കു നഷ്ടം വരുത്തി.

ജൂബിലന്റ് ഫുഡ് വര്‍ക്സിനു മാര്‍ച്ച് പാദം നിരാശാജനകമായി. വരുമാന വളര്‍ച്ച രണ്ടു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലായി. അറ്റാദായം കുറഞ്ഞു. എന്നാല്‍ കമ്പനിയുടെ സമാഹൃത അറ്റാദായം 67 ശതമാനം വര്‍ധിച്ചു.

അപ്പോളോ ഹോസ്പിറ്റല്‍സ് മാര്‍ച്ച് പാദത്തില്‍ വരുമാനം 18 ശതമാനവും അറ്റാദായം 36 ശതമാനവും വര്‍ധിപ്പിച്ചു. ലാഭമാര്‍ജിന്‍ 13.77 ല്‍ നിന്ന് 15 .30 ശതമാനമായി.

സ്വര്‍ണം കയറുന്നു

ഇറാന്‍- യു എസ് ധാരണ അടുത്തു വന്നതോടെ സ്വര്‍ണം വീണ്ടും കയറ്റം തുടങ്ങി. ഇന്നലെ 4452 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം ഔണ്‍സിന് 61.90 ഡോളര്‍ കയറി 4545.10 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 4571 ഡോളറില്‍ എത്തിയിട്ട് അല്പം താഴ്ന്നു.

കേരളത്തില്‍ ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 1760 രൂപ വര്‍ധിച്ച് 1,16,920 രൂപയായി.

ബുധനാഴ്ച ഔണ്‍സിന് 73.02 ഡോളര്‍ വരെ താഴ്ന്ന വെള്ളിവില തിരിച്ചു കയറി 76.02 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 76.81 ഡോളറിലേക്ക് ഉയര്‍ന്നു. പ്ലാറ്റിനം 1957 ഡോളര്‍, പല്ലാഡിയം 1365 ഡോളര്‍, റോഡിയം 9325 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ നേട്ടത്തില്‍

വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ചെറിയ നേട്ടത്തിലായി. ചെമ്പ് 0.05 ശതമാനം ഉയര്‍ന്ന് 13,416.70 ഡോളറില്‍ എത്തി. അലൂമിനിയം 0.30 ശതമാനം കയറി 3610.63 ഡോളര്‍ ആയി. ടിന്നും ലെഡും സിങ്കും ഉയര്‍ന്നു. നിക്കല്‍ താഴ്ചയിലായി.

മാറ്റമില്ലാതെ റബര്‍

രാജ്യാന്തര വിപണിയില്‍ റബര്‍ വില ഫ്‌ലാറ്റ് ആയി തുടരുന്നു. ബുധനാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് 3 ക്വിന്റലിന് 288.30 ഡോളര്‍ നിലനിന്നു. ആര്‍എസ്എസ് ഒന്ന് 291.80 ഡോളറിലാണ്. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം 25,800 രൂപയിലേക്കു താഴ്ന്നു.

കൊക്കോ രാജ്യാന്തര വിപണിയില്‍ ഇന്നലെ താഴ്ന്നു. 1.59 ശതമാനം കുറഞ്ഞ് ടണ്ണിന് 3845.00 ഡോളറില്‍ എത്തി.

ഡോളര്‍ സൂചിക ഉയരുന്നു

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച താഴ്ന്ന് 99.09 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.15 ലേക്കു കയറി. യൂറോ 1.1625 ഡോളറിലേക്കും പൗണ്ട് 1.3432 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.88 യെന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.80 യുവാന്‍ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.591 ശതമാനമായി താഴ്ന്നു.

97 രൂപയില്‍ തൊട്ട് ഡോളര്‍

ഡോളര്‍ ബുധനാഴ്ച 96.96 രൂപവരെ ഉയര്‍ന്നിട്ടു താഴ്ന്ന് 96.82 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ കാര്യമായി ഇടപെടുന്നുണ്ട്.

രൂപ 2026-ല്‍ എട്ടു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.99 രൂപയിലേക്കു കയറിയിട്ട് 96.53ലേക്കു താഴ്ന്നു. ചൈനീസ് യുവാന്‍ 14.24 രൂപയിലേക്കും യൂറോ 112.65 രൂപയിലേക്കും ഉയര്‍ന്നു.

രൂപയെ പിടിച്ചുനിര്‍ത്താനും വിപണിയില്‍ രൂപാലഭ്യത ഉറപ്പുവരുത്താനുമായി അടുത്തയാഴ്ച 500 കോടി ഡോളറിന്റെ ഡോളര്‍ സ്വാപ് ലേലം നടത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളില്‍ നിന്നു ഡോളര്‍ വാങ്ങി രൂപ നല്‍കും. മൂന്നു വര്‍ഷത്തിനു ശേഷം ഇടപാട് തിരിച്ചു നടത്തും. ഈ ദിവസങ്ങളിലെ ഡോളര്‍ വില്‍പന വിപണിയില്‍ രൂപാലഭ്യത കുറച്ച സാഹചര്യത്തിലാണ് സ്വാപ് ഇടപാട്.

ക്രൂഡ് ഓയില്‍ 105 ഡോളറിനു മുകളില്‍

സമാധാന സാധ്യത തെളിയുന്നതു ക്രൂഡ് ഓയില്‍ വിലയെ താഴോട്ടു വലിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ വീപ്പയ്ക്ക് 5.90 ഡോളര്‍ താഴ്ന്ന് 105.02 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.40 ഡോളറിലാണ്. ഡബ്‌ള്യുടിഐ ഇനം 98.72 ഡോളറില്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 103.22 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ കയറുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ അല്‍പം കയറി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 77,900 ഡോളറിനു മുകളിലാണ്. ഈഥര്‍ 2140 ഡോളറിനും സൊലാന 86.50 ഡോളറിനും മുകളില്‍ നില്‍ക്കുന്നു.

വിപണിസൂചനകള്‍

(2026 മേയ് 20, ബുധന്‍)

സെന്‍സെക്‌സ് 75,318.39 +0.16%

നിഫ്റ്റി50 23,659.00 +0.17%

ബാങ്ക് നിഫ്റ്റി 53,562.20 +0.29%

മിഡ്ക്യാപ്100 61,323.30 +0.49%

സ്‌മോള്‍ക്യാപ്100 17,870.90 +0.04%

ഡൗജോണ്‍സ് 50,009.35 +1.31%

എസ്ആന്‍ഡ്പി 7432.97 +1.08%

നാസ്ഡാക് 26,270.36 +1.55%

ഡോളര്‍ ₹96.82 +₹0.29

സ്വര്‍ണം(ഔണ്‍സ്)$4545.10 +$61.90

സ്വര്‍ണം(പവന്‍) ₹1,16,920 +₹1760

ക്രൂഡ്ഓയില്‍ബ്രെന്റ്$105.02 -$5.90

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

stock market morning
stock market morning
stock market morning
stock market morning
logo
DhanamOnline
dhanamonline.com