Begin typing your search above and press return to search.
കുടുംബങ്ങള്‍ക്ക് നഷ്ടം ₹60,000 കോടി, എഫ് ആന്‍ഡ് ഒ വ്യാപാരത്തില്‍ 'കൈവിട്ടകളി'; മുന്നറിയിപ്പുമായി വീണ്ടും സെബി
ഫ്യൂച്വേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വ്യാപാരത്തിലെ അപകടകരമായ നിക്ഷേപരീതിയെ കുറിച്ച് വീണ്ടും ആശങ്ക ഉന്നയിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). എല്ലാ ദിവസവും വന്‍ തുകകളാണ് ഇതു വഴി മറിയുന്നത്. എഫ് ആന്‍ഡ് ഒ ചൂതാട്ടം നടത്തി പ്രതിവര്‍ഷം കുടുബങ്ങള്‍ നഷ്ടപ്പെടുത്തുന്നത് 60,000 കോടി രൂപവരെയാണെന്ന് സെബി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഫ്&ഒ വ്യാപാരം നടത്തിയത് 92.50 ലക്ഷം പേരാണ്. ഇതില്‍ 78.8 ലക്ഷം പേര്‍ക്കും നഷ്ടം നേരിടേണ്ടി വന്നു. ഇവരുടെ മൊത്തത്തിലുള്ള നഷ്ടം 52,000 കോടി രൂപയാണെന്ന് സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് പ്രാരംഭ ഓഹരി വില്‍പ്പന വഴി മികച്ച അവസരങ്ങള്‍ ലഭിക്കുമ്പോള്‍ എഫ്&ഒ വ്യാപാരത്തിലൂടെ 50,000-60,000 കോടി രൂപ നഷ്ടപ്പെടുത്തുന്നുവെന്നത് ഗൗരവമേറിയ വിഷയമാണെന്ന് സെബി മേധാവി മാധവി പുരി ബുച്ച് പറഞ്ഞു. വ്യാപാര ഇടപാടുകള്‍ക്കുള്ള 23 ശതമാനം ചെലവും കൂടി ചേര്‍ക്കുമ്പോള്‍ നഷ്ടം വീണ്ടും കൂടും.
എഫ്&ഒ വ്യാപാരം നടത്തുന്ന പത്തില്‍ ഒന്‍പത് പേരും നഷ്ടം നേരിടുന്നുവെന്ന് 2021-22ലെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് സെബിയുടെ പുതിയ കണക്കുകള്‍.
2023-24ല്‍ എഫ്&ഒ വ്യാപാരം നടത്തി നേരിട്ട നഷ്ടം ആ വര്‍ഷം ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനത്തോളം വരുമെന്നും സെബി ചൂണ്ടിക്കാട്ടുന്നു.
എന്താണ് എഫ് ആന്‍ഡ് ഒ വ്യാപാരം
ഒരു ഓഹരിയുടെ വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഭാവിയിലെ ഒരു തീയതിയില്‍ വില്‍ക്കാനോ വാങ്ങാനോ ഉള്ള കരാറില്‍ ഏര്‍പ്പെടുന്നതാണ് എഫ് ആൻ്റ് ഒ കോൺട്രാക്ട് എന്നു പറയുന്നത്. ആ ഓഹരി വാങ്ങിവയ്ക്കുന്നതിനു പകരം അതിന്റെ വിലയില്‍ ഊഹകച്ചവടത്തിനുള്ള അവസരമാണ് എഫ് ആന്‍ഡ് ഒ കോണ്‍ട്രാക്ടുകള്‍ നല്‍കുന്നത്. പക്ഷേ ആ ദിവസം നിങ്ങളുടെ പ്രവചനം പോലെ ഓഹരി വില ഉയര്‍ന്നില്ലെങ്കില്‍ പണം നഷ്ടമാകും. എഫ്&ഒ കച്ചവടങ്ങളില്‍ 90 ശതമാനവും നഷ്ടത്തിലാണ് അവസാനിക്കാറുള്ളത്.
മുന്നറിയിപ്പ് അവഗണിച്ച്
ബ്രോക്കിംഗ് കമ്പനികളുടെ ട്രേഡിംഗ് ആപ്പുകളോ വെബ് പ്ലാറ്റ്‌ഫോമുകളോ തുറക്കുമ്പോള്‍ തന്നെ സെബിയുടെ മുന്നറിയിപ്പ് വരാറുണ്ട്. ഫ്യൂചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാപാരം ചെയ്യുന്ന പത്തില്‍ ഒന്‍പതു പേരും നഷ്ടം നേരിടുന്നുവന്ന സെബിയുടെ പഠനത്തില്‍ കണ്ടെത്തിയ വസ്തുതയാണ് പ്രധാനമായും മുന്നറിയിപ്പില്‍ കാണുക. ഈ മുന്നറിയിപ്പ് കണ്ടതായി രേഖപ്പെടുത്തിയാല്‍ മാത്രമാണ് ട്രേഡിംഗിലേക്ക് ഉപയോക്താക്കള്‍ക്ക് കടക്കാനാകൂ. പക്ഷെ ഈ മുന്നറിയിപ്പ് ബോധ്യപ്പെട്ടാണോ നിക്ഷേപകര്‍ എഫ്&ഒയിലേക്ക് കടക്കുന്നതെന്ന് ഉറപ്പിക്കാനാകില്ല. ഫ്യൂചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് എത്രത്തോളം റിസ്‌കുള്ളതാണെന്നും അമിത ചെലവു വരുത്തുന്നുവെന്നും സെബി മുന്നറിയിപ്പ് നല്‍കുമ്പോഴും ഒരും ഗെയിമില്‍ പങ്കെടുക്കും പോലെയാണ് നിക്ഷേപകര്‍ ഇതിലേക്ക് ഇറങ്ങുന്നത്.
പുതിയ ചട്ടങ്ങളുമായി സെബി
വിപണിയിലെ ഊഹക്കച്ചവടം ഏറെ വര്‍ധിച്ചതിനെ തുടര്‍ന്ന് സെബി എഫ് ആന്‍ഡ് ഒ വ്യാപാരത്തിന് പുതിയ ചട്ടങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ്. പുതിയ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നാല്‍ എഫ് ആന്‍ഡ് ഒ വ്യാപാരത്തിന്റെ 25 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. ഏഴ് പുതിയ വ്യവസ്ഥകളാണ് സെബി നിര്‍ദേശിച്ചിരിക്കുന്നത്.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകളുടെ മൂല്യം നിലവിലുള്ളതിന്റെ നാല് മടങ്ങി വരെയായി ഉയര്‍ത്തുക, മിനിമം കോണ്‍ട്രാക്ട് സൈസ് ഉയര്‍ത്തുക, ഓപ്ഷന്‍ പ്രീമിയം മുന്‍കൂര്‍ കളക്ട് ചെയ്യുക, ആഴ്ച തോറുമുള്ള കരാര്‍ കാലാവധി കുറയ്ക്കുക തുടങ്ങിയവയാണ് സെബി നിര്‍ദേശിച്ചിരിക്കുന്നത്. നിക്ഷേപകരുടെ സംരക്ഷണത്തിനൊപ്പം വിപണിയിലെ സ്ഥിരതയും ലക്ഷ്യമിട്ടാണ് സെബിയുടെ നീക്കം.
Next Story
Videos