അദാനി ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ഹിന്‍ഡന്‍ബെര്‍ഗ് നേട്ടമുണ്ടാക്കിയതെങ്ങനെ?

അദാനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഓഹരിള്‍ വിപണിയില്‍ ചാഞ്ചാടി. മാത്രമല്ല, ലോക സമ്പന്ന പട്ടികയില്‍ മൂന്നാമനായിരുന്ന ഗൗതം അദാനിയുടെ സ്ഥാനവും താഴേക്കിറങ്ങി. അദാനി കമ്പനികളുടെ വിപണി മൂല്യം കുത്തനെ കൂപ്പുകുത്തി.

പെട്ടെന്ന് ഓഹരി വില ഇടിഞ്ഞതോടെ നിക്ഷേപകര്‍ പരിഭ്രാന്തരായി. അദാനി കടം വീട്ടാന്‍ പാടുപെടുന്ന വാര്‍ത്തകള്‍ കണ്ട് വിപണിയില്‍ ആശങ്കാകുലരായി നിക്ഷേപകര്‍.

അതേസമയം അദാനി കമ്പനി സെക്യൂരിറ്റികള്‍ ഷോര്‍ട്ട് സെല്‍ ചെയ്ത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന വിദേശ സ്ഥാപനം ലാഭം നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കയ്യില്‍ സ്വന്തമായില്ലാത്ത ഓഹരികള്‍/സെക്യൂരിറ്റികൾ കടമെടുത്ത് വില്‍പ്പന നടത്തുന്ന തന്ത്രമാണിത്.

ലാഭം വരുന്ന വഴി

സമീപഭാവിയില്‍ ഓഹരി വില ഇടിയുമെന്ന് പ്രതീക്ഷിച്ച് മറ്റാരുടെയെങ്കിലും കയ്യില്‍ നിന്ന് കടം വാങ്ങിയ ഓഹരികളോ സെക്യൂരിറ്റിയോ ആണ് ഇത്തരത്തില്‍ ഷോര്‍ട്ട് സെല്ലിംഗിലൂടെ വില്‍ക്കുന്നത്. വില ഇടിയുമ്പോള്‍ കുറഞ്ഞ വിലയില്‍ അത് തിരികെ നല്‍കുന്നു. ഇങ്ങനെ ഷോര്‍ട്ട്‌സെല്ലേഴ്‌സിനും ലാഭം ലഭിക്കുന്നു. ലാഭ സാധ്യത പോലെ തന്നെ നഷ്ട സാധ്യതയുമുണ്ട് ഇതിൽ.

ഷോര്‍ട്ട് സെല്ലിംഗ് എന്നത് ഒരു ഊഹക്കച്ചവടം തന്നെയാണിത്. നിക്ഷേപകരോ പോര്‍ട്ട്ഫോളിയോ മാനേജര്‍മാരോ സെക്യൂരിറ്റിയിലോ അല്ലെങ്കില്‍ ഓഹരികളിലോ ഈ ഊഹക്കച്ചവടം നടത്തുന്നു. ഒരു നിക്ഷേപകന്‍ ഒരു സെക്യൂരിറ്റിയോ ഓഹരിയോ കടമെടുത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും പിന്നീട് കുറഞ്ഞ പണത്തിന് അത് തിരികെ വാങ്ങാന്‍ പദ്ധതിയിടുകയും ചെയ്യുമ്പോള്‍ ഷോര്‍ട്ട് സെല്ലിംഗ് നടക്കുന്നു. ഷോര്‍ട്ട് സെല്ലര്‍മാര്‍ സെക്യൂരിറ്റിയുടെ വില ഇടിവ് നേരത്തെ തന്നെ കണ്ടുവയ്ക്കുന്നു. അതിനായുള്ള തന്ത്രങ്ങള്‍ മെനയുന്നു. ഹിന്‍ഡന്‍ബെര്‍ഗും ഇത് തന്നെയാണ് ചെയ്തത്.

അദാനിയും ഹിൻഡൻബെർഗ് റിപ്പോർട്ടും

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമുതല്‍ തകര്‍ച്ചയിലായ അദാനി ഗ്രൂപ്പ് കമ്പനികളെ യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാര്‍ട്ണേഴ്സ് ആണ് കരകയറ്റിയത്. നാല് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ 15,446 കോടി രൂപയ്ക്ക് ഓഹരികള്‍ ഏറ്റെടുത്തത് മുതല്‍ക്കാണ് കാര്യങ്ങള്‍ നേര്‍ഗതിയിലായത്. അതിനുശേഷവും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് കൂടുതല്‍ റോഡ് ഷോകള്‍ അണിനിരത്തി. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം അദാനി ഗ്രൂപ്പ് കമ്പനികളിലേക്കെത്തിയ ആദ്യത്തെ പ്രധാന നിക്ഷേപമാണ് ജിക്യുജിയുടേത്.



(മാര്‍ച്ച് ഏഴിന് ഹോളി പ്രമാണിച്ച് ഓഹരി വിപണി അവധിയാണ് )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it