
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡിംഗ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പിനെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് സെബി വിലക്കിയത് വലിയ കോളിളക്കങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഓഹരി വിപണിയില്‍ നിന്ന് നിയമിവുരദ്ധമായി ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പ് നേടിയ 4,840 കോടി രൂപ കണ്ടുകെട്ടുമെന്ന് സെബി അറിയിച്ചിട്ടുണ്ട്. ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തടയാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ് ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പിനെതിരെ സെബി നടപടിക്ക് മുതിര്‍ന്നത്. 2023 ജനുവരിക്കും 2025 മാര്‍ച്ചിനും ഇടയില്‍ 36,500 കോടി രൂപയാണ് ജെയ്ന്‍ സ്ട്രീറ്റ് ഗ്രൂപ്പ് നേടിയ ലാഭം. നിഫ്റ്റിയിലെയും ബാങ്ക് നിഫ്റ്റിയിലെയും പ്രതിവാര ഡെറിവേറ്റീവ് കരാറുകള്‍ അവസാനിക്കുന്ന ദിവസം കൃത്യമായി വില വ്യതിയാനം സൃഷ്ടിച്ച് വന്‍ ലാഭം ഉണ്ടാക്കുകയാണ് കമ്പനി ചെയ്തതെന്ന് സെബി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പും മില്ലേനിയം മാനേജുമെന്റും തമ്മില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അവരുടെ രഹസ്യതന്ത്രങ്ങളെചൊല്ലിയുള്ള തര്‍ക്കത്തെ കുറിച്ച് 2024 ഏപ്രിലിന് പുറത്തുവന്ന ഒരു മാധ്യമ റിപ്പോര്‍ട്ടായിരുന്നു എല്ലാത്തിന്റെയും തുടക്കം.
ഇന്ത്യന്‍ ഇക്വിറ്റി ഡെറിവേറ്റീവ്‌സ് മാര്‍ക്കറ്റില്‍ രഹസ്യ തന്ത്രം ഉപയോഗിച്ച് നടത്തിയ വ്യാപാരങ്ങളില്‍ നിന്ന് ജെയിന്‍ സ്ട്രീറ്റ് 1 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേകുറിച്ച് സെബി സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് 2024 ജൂലൈയില്‍ ജെയ്ന്‍ സ്ട്രീറ്റ് ഗ്രൂപ്പിന്റെ ട്രേഡിംഗില്‍ എന്തെങ്കിലും ക്രമക്കേടുകളോ അന്യായമോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ എന്‍എസ്ഇയോട് ആവശ്യപ്പെട്ടു. പിന്നീട് ഓഗസ്റ്റില്‍ ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പുമായി സെബി നേരിട്ട് ചര്‍ച്ച നടത്തി.
കാലാവധി തീരുന്ന ദിവസം ഇന്‍ഡെക്‌സ് ഓപ്ഷനുകളില്‍ അമിത വ്യാപാരം നടത്തുന്നത് ശ്രദ്ധയില്‍പെട്ട സെബി പരിഹരിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലറും മാര്‍ഗനിര്‍ദേശങ്ങളും ഇറക്കി.
നവംബറില്‍ ജെയിന്‍ ഗ്രൂപ്പിന്റെ ട്രേഡിംഗുമായി ബന്ധപ്പെട്ട പരിശോധന പൂര്‍ത്തിയാക്കി എന്‍.എസ്.ഇയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്നാണ് നിഫ്റ്റിയിലെയും ബാങ്ക് നിഫ്റ്റിയിലെയും പ്രതിവാര ഡെറിവേറ്റീവ് കരാറുകള്‍ അവസാനിക്കുന്ന ദിവസം കൃത്യമായി വില വ്യതിയാനം സൃഷ്ടിച്ച് വന്‍ ലാഭം ഉണ്ടാക്കുകയാണ് കമ്പനി ചെയ്തതെന്ന് സെബി കണ്ടെത്തുന്നത്.
ജെയിന്‍ സ്ട്രീറ്റ് ഏഷ്യ ട്രേഡിംഗ് ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് ഇന്ത്യ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് ഏഷ്യ എല്‍.എല്‍.സി എന്നിങ്ങനെ മൂന്ന് രജിസ്‌ട്രേഡ് ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ് (foreign portfolio investors /FPIs) വഴിയായിരുന്നു രാജ്യത്തെ കമ്പനിയുടെ പ്രവര്‍ത്തനം. പേപ്പറുകളില്‍ മാത്രമാണ് ഇവ മൂന്ന് സ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചത്. സെബിയുടെ അന്വേഷണത്തില്‍ ഇത് പൊതുവായ നിയന്ത്രണത്തിനു കീഴിലുള്ള ഒറ്റ ഗ്രൂപ്പാണെന്ന് കണ്ടെത്തി.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വിപരീത പൊസിഷന്‍ എടുത്തായിരുന്നു വ്യാപാരം. ഒരു കമ്പനി വാങ്ങുമ്പോള്‍ മറ്റേ കമ്പനി അതേ കോണ്‍ട്രാക്ട് അതേ വിലയ്ക്ക് അതേ സമയത്ത് വില്‍ക്കുന്നു. പണം സംരംക്ഷിക്കാനുള്ള നീക്കമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാതെ വില മാറ്റാനോ നിലനിര്‍ത്താനോ വേണ്ടിയായിരുന്നു എന്ന് സെബി കണ്ടെത്തി. 75 സെക്കന്റ് വ്യത്യാസത്തിലൊക്കെയായിരുന്നു ഇടപാട്. ഇത്തരത്തില്‍ വില വ്യതിയാനം സൃഷ്ടിച്ചാണ് 4,843 കോടി രൂപയുടെ ലാഭം കമ്പനി നേടിയതെന്ന് കണ്ടെത്തിയാണ് സെബി അത് മരവിപ്പിച്ചത്.
SEBI bans Jane Street Group for manipulating Nifty derivatives, freezing ₹4,843 crore after 36,500 crore profit in 2 years.
Read DhanamOnline in English
Subscribe to Dhanam Magazine